X

ഇരുട്ടിലേക്ക് എറിയപ്പെടുന്ന ജീവിതങ്ങള്‍

പി.എം.എ സമീര്‍

സലീഹ എന്ന പെണ്‍കുട്ടിയെ കുറിച്ച് കേട്ടിട്ടുണ്ടോ. കേള്‍ക്കാനിടയില്ല. ഗുജറാത്തിലെ ലിംഖേദ താലൂക്കിലെ ചാപര്‍വദ് ഗ്രാമത്തില്‍ ഒരുപറ്റം മനുഷ്യമൃഗങ്ങള്‍ തലോയോട്ടി ചിതറിച്ച് കൊന്നുകളഞ്ഞ മൂന്നു വയസ്സുകാരിയുടെ പേരാണ് സലീഹ. പേരുപോലും ഓര്‍മിക്കപെടാതെ കൊന്നുകുഴിച്ചു മൂടപ്പെട്ട് മറവിയില്‍ ആണ്ടുപോയ അനേകായിരം മനുഷ്യരില്‍ ഒരാളാവുമായിരുന്നു ഈ പൈതലും. സലീഹ പക്ഷേ അങ്ങനെയായില്ല. ഒരു പ്രതീകമായി ജ്വലിച്ചു. അതിനൊരു കാരണമുണ്ടായിരുന്നു. അവള്‍ കൊല്ലപ്പെട്ടതിന് ഒരു സാക്ഷിയുണ്ടായിരുന്നു. ഒരേ ഒരു സാക്ഷി. അവളുടെ ഉമ്മ!. ജനാധിപത്യത്തിലെ നീതിന്യായ വ്യവഹാരങ്ങളില്‍ ആ കുഞ്ഞിന്റെ ചിതറി തെറിച്ച തലച്ചോര്‍ നീതിക്കുവേണ്ടി നിലവിളിച്ചു. ഈ രാജ്യത്തെ മനുഷ്യത്വം മരവിക്കാത്ത കോടാനു കോടി മനുഷ്യര്‍ ആ നിലവിളിയില്‍ തലകുനിച്ച് കാത്തിരുന്നു. ചെറിയൊരു സമാശ്വാസമായി കോടതി ആ നരാധമ കൂട്ടത്തെ അഴിക്കുള്ളിലാക്കി.

സലീഹയുടെ ഉമ്മയെ നാം അറിയും. ബില്‍കീസ് ബാനു. 2002 മാര്‍ച്ച് 3 ന് കലാപകാരികളെ ഭയന്ന് തന്റെ ഗ്രാമത്തില്‍നിന്ന് ജീവനും കൈയ്യിലേന്തി കുഞ്ഞിനെ മാറോടണക്കി രക്ഷതേടി ഓടുമ്പോള്‍ അവര്‍ അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു. ബില്‍കീസിനൊപ്പം ഉമ്മയും സഹോദരിമാരുമടക്കം പതിനെട്ടുപേരാണ് ഭയചകിതരായി ഒരു ട്രക്കില്‍ അഭയം തേടിയത്. കലാപകാരികള്‍ അവരെ പിന്തുടര്‍ന്നെത്തി. ആക്രമിച്ചു. അലമുറകള്‍ക്കും നിലവിളികള്‍ക്കും ഇടയില്‍ ബില്‍കീസിന്റെ കൈയ്യില്‍ നിന്ന് മകള്‍ സലീഹയെന്ന പിഞ്ചോമനയെ ഒരു നരാധമന്‍ തട്ടിപ്പറിച്ചെടുത്തു. കണ്‍മുന്നില്‍ നിലത്തടിച്ച് കൊന്നു. ബുദ്ധിയുറക്കാത്ത പിഞ്ചു കുഞ്ഞിനെ തലയോട്ടി ചിതറിച്ച് കൊന്ന മനുഷ്യമൃഗങ്ങള്‍ക്കെന്ത് മനുഷ്യത്വം. പിന്നീടങ്ങോട്ട് രക്തം മരവിച്ചുപോകുന്ന അതിനീചമായ ക്രൂരതകള്‍ക്ക് ആ രാത്രി ചപര്‍വദ് ഗ്രാമം സാക്ഷ്യംവഹിച്ചു. അഞ്ചുമാസം ഗര്‍ഭിണിയായ ബില്‍കീസിനെ അവര്‍ മൃഗീയമായി മാനഭംഗപ്പെടുത്തി. ബില്‍കീസിന്റെ ഉമ്മയും സഹോദരിമാരും അടക്കം കൂട്ടമാനഭംഗത്തിന് ഇരകളായി മാരകമായ മുറിവുകളേറ്റ് ബില്‍കീസിന്റെ കണ്മുന്നില്‍ പിടഞ്ഞു പിടഞ്ഞു മരിച്ചു.

‘…..അവര്‍ ആ ട്രക്കില്‍ മറ്റൊരു ഗ്രാമത്തിലേക്ക് അഭയം തേടി പുറപ്പെട്ടതായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിടിക്കപ്പെട്ടു. മുപ്പതോളം വരുന്ന കലാപകാരികള്‍ അവരെ ക്രൂരമായി ആക്രമിച്ചു. ബില്‍കീസിന്റെ മൂന്നു വയസ്സുള്ള മകളെ തട്ടിപ്പറിച്ച് കല്ലില്‍ തലയടിച്ച് കൊന്നു. മകള്‍ കൊല്ലപ്പെട്ടു കിടക്കുമ്പോള്‍ കൂട്ടത്തില്‍ മൂന്നുപേര്‍ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍കീസിനെ മാറി മാറി ബലാല്‍സംഗം ചെയ്തു. അവരെല്ലാം ബില്‍കീസിന്റെ ഗ്രാമത്തില്‍ നിന്നുള്ള അയല്‍വാസികള്‍ കൂടിയായിരുന്നു. ആ കലാപത്തില്‍ ബില്‍കീസിന്റെ ഉമ്മയടക്കം 14 പേര്‍ ക്രൂരമായ മാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ടു’. (ഹര്‍ഷ് മന്ദര്‍ എഴുതിയ ‘ഓര്‍മ്മയ്ക്കും മറവിക്കും ഇടയില്‍: ഗുജറാത്തിലെ കൂട്ടകൊലയും മോദി വര്‍ഷങ്ങളും എന്ന പുസ്തകത്തില്‍ നിന്ന്).

എല്ലാം കഴിഞ്ഞ് മൂര്‍ച്ചയേറിയ തൃശൂലം കൊണ്ട് കുത്തി മുറിവേല്‍പിച്ച് മരിച്ചെന്ന് കരുതി കുറ്റികാട്ടില്‍ ഉപേക്ഷിച്ചതായിരുന്നു ബില്‍കീസിനെ. ഒരു രാത്രി മുഴുവന്‍ രക്തം വാര്‍ന്നും ബോധമറ്റും കിടന്ന് പിറ്റേന്ന് വേച്ച് വേച്ച് ജീവിതത്തിലേക്ക് ചുവടു വെച്ചതാണ് ബില്‍കീസ് ബാനു. നിരക്ഷരയായ ബില്‍കീസ് മൗനത്തിലേക്ക് വീണു പോയിരുന്നെങ്കില്‍ കേട്ടാല്‍ രക്തമുറഞ്ഞുപോകുന്ന (കണ്ടനുഭവിച്ച ബില്‍കീസിനെ ഓര്‍ത്തു നോക്കൂ!) കൊടും നരഹത്യ ഈ രാജ്യം അറിയില്ലായിരുന്നു. ഗുജറാത്തിലെ നരോദാപാട്യയിലടക്കം നടന്ന ക്രൂരഹത്യകള്‍ ഇന്നും പുറം ലോകത്തിന് അജ്ഞമാണ്. ജര്‍മനിയില്‍ നാസികള്‍ ജൂതരെ കൂട്ടകശാപ്പ് ചെയ്തതിനു സമാനമായ വംശഹത്യയായിരുന്നു ഗുജറാത്തില്‍ അരങ്ങേറിയത്. തനിക്കും തന്റെ കുഞ്ഞിനും സഹജീവികള്‍ക്കും വേണ്ടി ബില്‍കീസ് നടത്തിയ പോരാട്ടം ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്തതാവുന്നത് അതുകൊണ്ട് കൂടിയാണ്. എതിരാളികള്‍ ചില്ലറക്കാരല്ല. വിദ്യാസമ്പന്നരായ ഡോക്ടര്‍മാരും പൊലീസുകാരും ഭരണകൂടവും ഉള്‍പ്പെടെ പണവും പ്രതാപവുമുള്ള അധികാര വര്‍ഗം. വിചാരണ നടക്കുന്ന ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഇരുപത് തവണയാണ് ബില്‍കീസിനും കുടുംബത്തിനും വാടക വീടുകള്‍ മാറി മാറി താമസിക്കേണ്ടിവന്നത്. വിഷം കുത്തിവെച്ച് കൊന്നു കളയുമെന്ന് പൊലീസുകാര്‍ ഭീഷണിപെടുത്തി. ഒടുവിലവര്‍ ആ നാടുപേക്ഷിച്ച് ഓടിപ്പോയി. കേസുപേക്ഷിച്ചില്ല. ഗുജറാത്തിന് പുറത്ത് പോരാട്ടം തുടര്‍ന്നു.

ബില്‍കീസ് യാക്കൂബ് റസൂലെന്ന സ്ത്രീയുടെ നീതി തേടിയുള്ള അലച്ചിലിനൊടുവില്‍ കോടതിക്ക് പോലും സഹതപിക്കേണ്ടി വന്നു: ‘ഇന്നത്തെ ലോകത്ത് മുറിവുണക്കാന്‍ പണത്തിന് നല്ലശേഷിയുണ്ട്. എന്നാല്‍ എല്ലാ മുറിവും ഉണക്കാന്‍ പണത്തിന് കഴിയുമോ എന്ന് ഞങ്ങള്‍ക്ക് അറിയില്ല. പക്ഷേ നാമെന്തു ചെയ്യും. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും ചോദിച്ചു കൊള്ളുക. ഞങ്ങളത് ഉത്തരവിടാം.’ ഇങ്ങിനെ പറഞ്ഞാണ് കോടതി ബില്‍കീസ്ബാനു കേസിലെ പ്രതികളെ ജീവപര്യന്തം തടവറയിലേക്ക് പറഞ്ഞയച്ചത്. ബില്‍കീസിന്റെ മുറിവുണങ്ങാന്‍ പാകത്തിലുള്ളതല്ലെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള നീതി നടപ്പാക്കലായിരുന്നു അത്.

ഇത്തവണ പക്ഷേ രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃത് നുകരുമ്പോള്‍ ബില്‍കീസ് ബാനുവിന് നല്‍കിയ നീതി അവളില്‍ നിന്ന് പറിച്ചെടുത്തു. ആ കൊലയാളികള്‍ സ്വതന്ത്രരാക്കപ്പെട്ടു. ഭരണകൂടം അവരെ ഗോദ്ര ജയിലിനു പുറത്തേക്ക് ആനയിച്ചു. ഗുജറാത്തിലെ ‘രാജ്യസ്‌നേഹികള്‍’ അവരെ പൂമാലയിട്ട് സ്വീകരിച്ചു. ആഹ്ലാദനൃത്തം ചവിട്ടി. സലീഹയുടെ ചിതറി തെറിച്ച തലച്ചോര്‍ വീണുണങ്ങിയ മണ്ണില്‍ ചവിട്ടി അവര്‍ വീടുകളിലേക്ക് നടന്നുപോയി. രാജ്യസ്‌നേഹികളായി വാഴ്ത്തപെട്ടു. എല്ലാ നിലവിളികള്‍ക്കും മുകളില്‍ രാജ്യസ്‌നേഹത്തെ കുറിച്ചും സ്വാതന്ത്ര്യത്തിന്റെ പുത്തന്‍ പുലരികളെകുറിച്ചും പറയുന്ന മന്‍കിബാത്തുകള്‍ മുഴങ്ങി. പതിവുപോലെ സ്വാതന്ത്ര്യത്തെയും രാജ്യസ്‌നേഹത്തെയും കുറിച്ച് വാചാലമായി സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷിക ആഘോഷങ്ങളും ആരവങ്ങളും കെട്ടടങ്ങി. ബില്‍കീസിനോട് കോടതിയില്‍ എതിര്‍ വക്കീല്‍ ചോദിക്കുന്നുണ്ട് ഇരുട്ടില്‍ നിങ്ങളെങ്ങനെ ഈ ദൃശ്യങ്ങള്‍ കണ്ടുവെന്ന്. അപ്പോള്‍ അവര്‍ നല്‍കുന്ന മറുപടി: ‘കൈയ്യില്‍ തീ പന്തങ്ങളുമായി വരുന്നവരെ ഇരുട്ടില്‍ നില്‍ക്കുന്നവര്‍ക്ക് കാണാം. വെളിച്ചത്തില്‍ കണ്ണ് മഞ്ഞളിച്ചവര്‍ക്ക് ഇരുട്ടില്‍ നില്‍ക്കുന്നവരെ കാണാനാവില്ല’. ഇപ്പോഴും ബില്‍കീസും കുടുംബവും ഇരുട്ടില്‍ തന്നെയാണ്. ആരെയും അഭിമുഖീകരിക്കാതെ സ്വദേശം വെടിഞ്ഞ് മറ്റെവിടെയോ ജീവിക്കുന്നു. എന്നാല്‍ അവരെ ഇരുട്ടില്‍ തള്ളിയവരെല്ലാം പകല്‍ വെളിച്ചത്തില്‍ വിഹരിക്കുന്നു. സ്വതന്ത്രരായി ജീവിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തില്‍ അവിടുത്തെ പാവം പൗരന്മാര്‍ ഇരുട്ടിലേക്ക് വലിച്ചെറിയപെടുന്നു. അവര്‍ വെളിച്ചത്തിലേക്ക് നോക്കി നെടുവീര്‍പ്പിടുന്നു.

ഇരുപത്തെട്ട് സംസ്ഥാനങ്ങളിലും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ജീവിക്കുന്ന 138 കോടിയില്‍പരം മനുഷ്യരാണ് ഇന്ത്യയുടെ ആത്മാവ്. ലോകം കണ്ട വലിയ ദാര്‍ശനികരും ക്രാന്തദര്‍ശികളുമായ മഹാത്മാഗാന്ധിക്കും നെഹ്‌റുവിനും അംബേദ്കറിനുമൊക്കെയൊപ്പം ഈ ജനകോടികളുടെ പിതാക്കളും പ്രപിതാക്കളും ചേര്‍ന്ന് സൃഷ്ടിച്ചെടുത്തതാണ് നമ്മുടെ രാജ്യം. മറ്റേതൊരു ആധുനിക സമൂഹത്തെയും പോലെ അന്തസ്സാര്‍ന്നതും സമാധാനപൂര്‍ണവുമായ ജീവിതം നയിക്കാന്‍ നമുക്ക് അര്‍ഹതയുണ്ട്. ആധുനിക നിലവാരത്തിലേക്ക് ഇന്ത്യന്‍ സാമൂഹികാവസ്ഥയെ മാറ്റാന്‍ കെല്‍പ്പുള്ളൊരു ഭരണഘടന, സ്വാതന്ത്ര്യം നേടിയെടുത്തതിന്റെ തൊട്ടുടന്‍ നാം എഴുതിയുണ്ടാക്കിയിട്ടുണ്ട്. ആ ഭരണഘടനയാണ് ബില്‍കീസ് ബാനുവിന് നീതി തേടാന്‍ തുണയായത്. ആ ഭരണഘടനയാണ് ശിക്ഷ വിധിക്കാന്‍ അടിസ്ഥാനമായി നിലകൊണ്ടത്. ആ ഭരണഘടനാ മൂല്യങ്ങളാണ് എന്നാല്‍ ഇവിടെ നിര്‍ദയം കശാപ്പ് ചെയ്യപ്പെടുന്നത്.

‘we the people of India..’ ( ‘നാം ഇന്ത്യക്കാര്‍…’) എന്നു തുടങ്ങുന്ന മനോഹര വാചകത്തിലാണ് ഭരണഘടന ആരംഭിക്കുന്നത്. വിവേചന രഹിതമായ ഭാവി സ്വപ്‌നം കാണുന്ന ഓരോ ഇന്ത്യക്കാരനും ആത്മവിശ്വാസം പകരുന്ന തുടക്കമാണത്. അനേകമനേകം സാംസ്‌കാരിക വൈവിധ്യങ്ങളും മതജാതി സമൂഹങ്ങളും നിറഞ്ഞുനില്‍ക്കുന്ന ഈ വലിയ ദേശത്തെ മുഴുവന്‍ മനുഷ്യരെയും നാം ഇന്ത്യക്കാര്‍ എന്ന തുല്യ പൗരത്വത്തിലേക്ക് ഉയര്‍ത്തുന്ന രാഷ്ട്രീയ പ്രക്രിയയുടെ തുടക്കമാണ് ആ വാചകം. അഥവാ ഭരണഘടന ആദ്യം ഉറപ്പുവരുത്തുന്നത് ഈ രാജ്യത്തെ മുഴുവന്‍ മനുഷ്യര്‍ക്കും തുല്യപൗരത്വമെന്ന നീതിയാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തരം നീണ്ട എഴുപത്തഞ്ച് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും രാജ്യത്തെ മുസ്‌ലിംകളാധി ന്യൂനപക്ഷങ്ങള്‍ തുല്യപരിഗണനകള്‍ക്ക് വേണ്ടി യാചിച്ചു തന്നെ നില്‍ക്കുന്നു. വ്യത്യസ്ത ജനസമൂഹങ്ങളെ ഒന്നിച്ചുനിര്‍ത്താനുള്ള ജനാധിപത്യ ബാധ്യത മറന്നുപോയ ഭരണകൂടത്തിനു കീഴിലാണ് നാമിന്ന് ജീവിക്കുന്നത്. പൗരത്വം തന്നെ നഷ്ടപ്പെടുമെന്ന ഭീതി ചുറ്റും കനത്തുനില്‍ക്കുന്നുണ്ട്. പൗരത്വ നിയമഭേദഗതിക്കെതിരെ ആബാലവൃദ്ധം മനുഷ്യര്‍ രാജ്യമൊട്ടുക്ക് നടത്തിയ സമരം സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകള്‍ നേരിടുന്ന വിവേചന ഭീതിയുടെ നേര്‍സാക്ഷ്യമായിരുന്നു. ആ നാളുകളിലെ ഉത്കണ്ഠകളില്‍ നിന്ന് മുസ്‌ലിംകള്‍ ഇനിയും മോചിതരായിട്ടില്ല. പതിറ്റാണ്ടുകളായി ആശങ്കകളിലും ഭീതിയിലും കഴിയുന്ന ഈ ജനസമൂഹത്തിന് പുരോഗതിയിലേക്ക് ചുവടുവെക്കാന്‍ കഴിയുന്നില്ല. ഭരണകൂടം അവരെ നിത്യ അവഗണനയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. മുന്നിലുള്ള ഏകവഴി രാഷ്ട്രീയ സംഘാടനമാണ്. കേരളവും തമിഴ്‌നാടും പോലെയുള്ള ചില ദേശങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തം രാജ്യത്ത് ഒട്ടും ശുഭകരമല്ല.

ആധുനിക സമൂഹങ്ങളില്‍ മനുഷ്യര്‍ ആര്‍ജിച്ച ആധുനിക മൂല്യങ്ങളാണ് പുരോഗതിയുടെ ആണിക്കല്ല്. നാമാവട്ടെ പൗരാണികമായ യുഗത്തിലേക്ക് ആട്ടിതെളിക്കപെട്ടുകൊണ്ടിരിക്കുന്നു. ഭരണകൂട ഒത്താശയോടെ പൗരന്മാര്‍ അനീതിക്കും അക്രമങ്ങള്‍ക്കും നിരന്തരം ഇരയാക്കപ്പെടുന്നു. രാജസ്ഥാനിലെ ഇന്ദ്രകുമാര്‍ എന്ന 9 വയസ്സുകാരന്‍ ദലിത് വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ ക്രൂരമായ മര്‍ദ്ദനത്തിനിരയായി കൊലചെയ്യപ്പെട്ടത് ഈ സ്വാതന്ത്ര്യദിന തലേന്നാണ്. ഇന്ദ്രകുമാറിനെ കൊന്നത് അവന്റെ അധ്യാപകന്‍ ചയില്‍സിങ്ങാണ്. കൊല്ലാനുള്ള കാരണമെന്തന്നറിയാമോ?. സവര്‍ണ രാജ്പുത് ജാതിയിലുള്ള ആ അധ്യാപകന്റെ കൂജയിലെ വെള്ളമെടുത്ത് ഈ പിഞ്ചു ബാലന്‍ ദാഹമകറ്റിയതായിരുന്നു. ഇത്രയും പ്രാകൃത ബോധം നിലനില്‍ക്കുന്ന മനുഷ്യര്‍ ഈ ആധുനിക ലോകത്ത് വേറെ എവിടെയുണ്ടാവും. ജനങ്ങളെ ഉയര്‍ന്ന മാനവിക ബോധങ്ങളിലേക്ക് നയിക്കേണ്ട ഭരണകൂടം തന്നെ പ്രാകൃതത്വം പേറുന്നവരായാല്‍ പിന്നെന്തു ചെയ്യും. ഈ രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ വേഷം ചൂണ്ടി കാണിച്ച് അവരെ മുഴുവന്‍ അക്രമികളായി മുദ്രകുത്തിയ ഭരണാധികാരിയാണ് നമ്മുടേതെന്ന് ഓര്‍ക്കണം. രാജ്യത്തെ പൗരന്മാരെ വിഭജിച്ച് കാണുകയും അത് പച്ചക്ക് വിളിച്ച്പറയുകയും ചെയ്ത ഒരു പ്രധാനമന്ത്രിയും സ്വതന്ത്ര ഇന്ത്യയില്‍ ഇന്നോളം ഉണ്ടായിട്ടില്ല. 1925 കാലഘട്ടത്തിലാണ് അംബേദ്കര്‍, സവര്‍ണര്‍ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം മുക്കികുടിച്ച് കുടിവെള്ളത്തിലെ അയിത്തത്തിനെതിരെ സമരാഹ്വാനം നടത്തിയത്. ഒരു നൂറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്ത് കുടിവെള്ള അയിത്തത്തിന്റെ പേരില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ പോലും കൊലചെയ്യപ്പെടുന്നു. ജാതി വെറിയും മത വെറിയും ചുരമാന്തി നില്‍ക്കുന്നു.
ഗാന്ധിയും നെഹ്‌റുവും വിഭാവനം ചെയ്ത രാജ്യം ഇതായിരുന്നോ. നമ്മുടെ പൂര്‍വികര്‍ ജീവാര്‍പ്പണം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യം ഈ നിലയില്‍ വന്നു ഭവിക്കാനുള്ളതാണോ. പ്രതീക്ഷയുടെ വെട്ടം ഭരണഘടനയിലാണ്. ജനാധിപത്യ മൂല്യങ്ങളിലാണ്. പ്രതികളെ വിട്ടയച്ചതറിഞ്ഞ് ബില്‍കീസ് ബാനു പറഞ്ഞത് ഇതായിരുന്നു: ‘നമ്മുടെ നാട്ടിലെ പരമോന്നത കോടതികളില്‍ ഞാന്‍ വിശ്വസിച്ചു. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഞാന്‍ വിശ്വസിച്ചു. ഇന്ന് പക്ഷേ ഭയം തിരികെവന്നിരിക്കുന്നു’. ഭയം തിരികെ നല്‍കുന്ന വ്യവസ്ഥിതി ജനാധിപത്യമല്ല; ഫാസിസമാണ്.

Test User: