X

ചുവപ്പന്‍ വീരഗാഥയ്ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് മെസ്സിയും സംഘവും

രണ്ടാം പാദത്തിലെ ചെകുത്താന്‍ വീണ്ടും ബാര്‍സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബാര്‍സിലോണയെ തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്‍ ലിവര്‍പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ബാര്‍സിലോണയുടെ ഹോംഗ്രൗണ്ടായ നൗകാംപില്‍ കണ്ട മെസ്സിയുടെ നിഴല്‍ മാത്രമായിരുന്നു ആന്‍ഫീല്‍ഡില്‍ കാണാന്‍ സാധിച്ചത്.
കളിയുടെ ഏഴാം മിനിറ്റില്‍ ബാഴ്‌സ പ്രതിരോധത്തിന്റെ അബദ്ധത്തില്‍ നിന്ന് പന്ത് തട്ടിയെടുത്ത സാദിയോ മാനേ നായകന്‍ ഹെന്‍ഡേഴ്‌സണ് ബോക്‌സിനുള്ളിലേക്ക് പന്ത് നീട്ടി നല്‍കി. എന്നാല്‍, ലിവര്‍ നായകന്റെ ഷോട്ട് ടെര്‍ സ്റ്റീഗന്‍ തടുത്തിട്ടെങ്കിലും ഓടിയെത്തിയ ഓര്‍ഗി റീബൗണ്ട് ചെയ്ത് വന്ന പന്ത് വലയിലെത്തിച്ചു.

രണ്ടാം പകുതിയില്‍ സൂപ്പര്‍ സബ്ബ് ആയി എത്തിയ വെയ്‌നാള്‍ഡമാണ് കളത്തില്‍ നിന്ന് ബാഴ്‌സയെ പുറത്താക്കിയത്. 54 ാം മിനിറ്റില്‍ വെയ്‌നാള്‍ഡം തന്റെ ആദ്യ ഗോള്‍ നേടി ലീഡ് രണ്ടായി ഉയര്‍ത്തി. ബാഴ്‌സയുടെ ജോര്‍ജി ആല്‍ബ പിഴവ് മുതലെടുത്താണ് വെയ്‌നാള്‍ഡം ഗോള്‍ നേടിയത്.

ഷക്കീരിയുടെ ക്രോസില്‍ ഉയര്‍ന്ന് ചാടി വെയ്‌നാള്‍ഡം മൂന്നാം ഗോളും നേടിയതിന് ശേഷമാണ് ബാഴ്‌സ അല്‍പ്പമെങ്കിലും ഉണര്‍ന്ന് കളിക്കാന്‍ തുടങ്ങിയത്. അപ്രതീക്ഷ കോര്‍ണര്‍ കിക്കിലൂടെ നിര്‍ണായകമായ നാലാം ഗോളും നേടിയതോടെ ബാര്‍സിലോണ തോല്‍വിയുടെ രുചിയറിഞ്ഞു.ഒര്‍ഗി തന്നെയാണ് വീണ്ടും വലചലിപ്പിച്ചത്.
പരിക്കേറ്റ് സൂപ്പര്‍താരങ്ങളായ മുഹമ്മദ് സലായും റോബര്‍ട്ടോ ഫിര്‍മിനോയും പുറത്തിരുന്നിട്ടും മുന്നേറ്റ നിരയ്ക്ക് മൂര്‍ച്ചകൂട്ടിയാണ് ലിവര്‍പൂള്‍ കളിക്കളത്തിലിറങ്ങിയത്. കഴിഞ്ഞ വര്‍ഷം റോമയോട് രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൂന്ന് ഗോളുകള്‍ക്ക് തോറ്റ് പുറത്തായതിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ആന്‍ഫില്‍ഡിലെയും തോല്‍വി.

Test User: