X
    Categories: MoreViews

ലിവര്‍പൂളിനെ 5-4ന് കീഴടക്കി; ഓഡി കപ്പ് അത്‌ലറ്റിക്കോയ്ക്ക്

മ്യൂണിക്: പ്രീ സീസണില്‍ രണ്ടാം കിരീടം തേടിയുള്ള ലിവര്‍പൂളിന്റെ ജൈത്രയാക്ക് തിരിച്ചടി. ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍ നിര്‍ണായക പെനാല്‍റ്റി നഷ്ടപ്പെടുത്തിയപ്പോള്‍ ഷൂട്ടൗട്ടില്‍ ലിവര്‍പൂളിനെ 5-4ന് കീഴടക്കി അത്‌ലറ്റിക്കോ മാഡ്രിഡ് ഓഡികപ്പ് സ്വന്തമാക്കി. ഇത് രണ്ടാം തവണയാണ് യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ലിവര്‍പൂള്‍ ഷൂട്ടഔട്ടില്‍ പരാജയപ്പെടുന്നത്. 2016 ഫെബ്രുവരിയില്‍ കാപിറ്റല്‍ വണ്‍ കപ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോടായിരുന്നു നേരത്തെ ലിവര്‍പൂള്‍ ഷൂട്ട്ഔട്ടില്‍ തോറ്റത്. ബയേണ്‍ മ്യൂണികിനെ കഴിഞ്ഞ ദിവസം 3-0ന് കീഴടക്കി ഫൈനലിലെത്തിയ ലിവര്‍പൂളിന് സ്പാനിഷ് സംഘത്തിനെതിരെ അതേ ഫോം നിലനിര്‍ത്താനായില്ല. ഒമ്പത് മാറ്റങ്ങള്‍ വരുത്തി ക്ലോപ്പ് പരീക്ഷണങ്ങള്‍ നടത്തിയെങ്കിലും ഫലവത്തായില്ല. സൂപ്പര്‍ താരങ്ങളായ അന്റോയിന്‍ ഗ്രീസ്മാന്‍, ജാന്‍ ഒബ്്‌ലാക്, ഡീഗോ ഗോഡിന്‍ എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് സിമിയോണിയും ടീമിനെ കളത്തിലിറക്കിയത്. എന്നാല്‍ കീദി ബെയര്‍ ആദ്യ പകുതിയുടെ 33-ാം മിനിറ്റില്‍ ഹെഡറിലൂടെ നേടിയ ഗോളിന് മുന്നില്‍ കയറിയ അത്‌ലറ്റിക്കോയ്‌ക്കെതിരെ 83-ാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോ പെനാല്‍റ്റിയിലൂടെ നേടിയ ഗോള്‍ ലിവര്‍പൂളിന് സമനില സമ്മാനിക്കുകയായിരുന്നു. മുഴുവന്‍ സമയത്ത് ഇരു ടീമുകളും 1-1ന് സമനില പാലിച്ചതോടെയാണ് വിജയികളെ ഷൂട്ടൗട്ടിലൂടെ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ അത്‌ലറ്റിക്കോയ്ക്കു വേണ്ടി കിക്കെടുത്ത ഗ്രീസ്മാന്‍, ഫെര്‍ണാണ്ടോ ടോറസ്, ഗാബി, ഗെയ്തന്‍, ലൂയിസ് എന്നിവര്‍ ഗോളാക്കിയപ്പോള്‍ രണ്ടാം കിക്കെടുത്ത ലിവര്‍പൂളിന്റെ ഹെന്‍ഡേഴ്‌സണു പിഴച്ചു. ഫിര്‍മിനോ, ഒറിജി, കെന്റ്, ഗ്രൂജിച്ച് എന്നിവര്‍ പെനാല്‍റ്റി ഗോളാക്കി മാറ്റുകയും ചെയ്തു.

chandrika: