ലിവര്‍പൂള്‍: ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹ് ഒരിക്കല്‍ കൂടി ഉജ്ജ്വല പ്രകടനം പുറത്തെടുത്തപ്പോള്‍ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഇറ്റാലിയന്‍ കരുത്തരായ റോമയെ ലിവര്‍പൂര്‍ തകര്‍ത്തത്. രണ്ട് ഗോളുകള്‍ നേടുകയും രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്ത മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. 35,45 മിനിറ്റുകളില്‍ മുഹമ്മദ് സലാഹും 61,68 മിനിറ്റുകളില്‍ ബ്രസീലിയന്‍ താരമായ റോബര്‍ട്ടോ ഫിര്‍മിനോയും ലിവര്‍പൂളിനായി ലക്ഷ്യം കണ്ടപ്പോള്‍ 56-ാം മിനിറ്റില്‍ സാദിയോ മാനെയുടെ വകയായിരുന്നു അഞ്ചാം ഗോള്‍.
തികച്ചും ഏകപക്ഷീയമായി മാറുമോ എന്ന് സംശയിച്ച മത്സരത്തില്‍ അവസാന നിമിഷങ്ങളിലാണ് റോമ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചത്. 81-ാം മിനിറ്റില്‍ എഡിന്‍ സൈക്കോയും 85-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഡിയേഗ പെറോട്ടിയുമാണ് റോമക്കായി ഗോളുകള്‍ നേടിയത്.
സീസണില്‍ മികച്ച ഫോം തുടരുന്ന മുഹമ്മദ് സലാഹ് തന്നെയാണ് സെമി പോരാട്ടത്തിലും താരമായത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മികച്ച താരത്തിനുള്ള പ്രൊഫണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്റെ പുരസ്‌കാരം കഴിഞ്ഞ ഞായറാഴ്ചയാണ് സലാഹിന് ലഭിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂള്‍ കിരീടം നേടുകയാണെങ്കില്‍ ലോക ഫുട്‌ബോളര്‍ പുരസ്‌കാരത്തിനും സലാഹ് അര്‍ഹനായേക്കും.
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബാഴ്‌സലോണയെ വീഴ്ത്തിയതുപോലെ റോമ തിരിച്ചുവരുമോ എന്നതാണ് ഇനി ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. രണ്ടാം പാദത്തില്‍ 3-0നോ 4-1നോ ജയിച്ചാലും റോമക്ക് ഫൈനലിലെത്താം. മെയ് മൂന്നിന് റോമയുടെ തട്ടകത്തിലാണ് രണ്ടാംപാദ സെമി പോരാട്ടം.