X

ഒടുവില്‍ സിറ്റി പൂളില്‍ മുങ്ങി…..

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ച.സിറ്റിയുടെ അപരാജിത കുതിപ്പിന് വിരാമം.  ലിവര്‍പൂളാണ് മൂന്നിനെതിരെ നാലു ഗോളുകള്‍ക്ക് സിറ്റിയെ തുരത്തിയത്. സൂപ്പര്‍ സണ്‍ഡേയിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ സിറ്റിയുടെ പാസിങ് ഗെയിമിനെ പ്രസ്സിങ് മിടുക്ക് കൊണ്ട് ലിവര്‍പൂള്‍ മറികടക്കുകയായിരുന്നു.

 

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇംഗ്ലീഷ് താരം അലക്‌സ് ചാംബേര്‍ലെയ്‌നിലൂടെ ഒമ്പതാം മിനുട്ടില്‍ ലിവര്‍പൂളാണ് മുന്നിലെത്തിയത്. പെനാല്‍ട്ടി ബോക്‌സിനു പുറത്തുനിന്നു ചാംബെര്‍ലെയ്ന്‍ തൊടുത്ത ലോറെയ്ഞ്ച് ഷോട്ട് സിറ്റി കീപ്പറിന് തടയാനായില്ല.എന്നാല്‍ ആദ്യപകുതി പിരിയാന്‍ അഞ്ചു മിനുട്ട് ബാക്കി നില്‍ക്കെ ലിറോയെ സാനെ തകര്‍പ്പന്‍ ഷോട്ടിലൂടെ സിറ്റി ഒപ്പമെത്തി. 59-ാം മിനുട്ടില്‍ പ്രതിരോധ താരം സ്‌റ്റോണ്‍സിന്റെ പിഴവ് മുതലെടുത്ത് ബ്രസീലിയന്‍ താരം റോബെര്‍ട്ടോ ഫിര്‍മിനോ ലിവര്‍പൂളിനെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടു മിനുട്ടിനിടെ സാഡിയോ മാനെ ലീഡ് രണ്ടാക്കി. 68-ാം മിനുട്ടില്‍ ബോക്‌സിനു പുറത്തു അഡ്വാന്‍സ് ചെയ്ത് സിറ്റി കീപ്പര്‍ ക്ലിയര്‍ ചെയ്ത ബോള്‍ ലഭിച്ച മുഹമ്മദ് സലാഹ് മനോഹരമായ വോളിയിലൂടെ വീണ്ടും സിറ്റി വലകുലുക്കിയതോടെ സിറ്റി വലിയ പരാജയം മണത്തു.

എന്നാല്‍ പകരക്കാരനായിറങ്ങിയ ബെര്‍ണാര്‍ഡ് സില്‍വയും, ഇഞ്ച്വറി ടൈമില്‍ ഗുണ്‍ഡോണനും ഗോള്‍ നേടിയതോടെ സിറ്റിയുടെ തോല്‍വി ഒരു ഗോളിന് മാത്രമായി. സൂപ്പര്‍ താരം ഫിലിപ്പ് കുട്ടിഞ്ഞോ ബാര്‍സലോണയിലേക്ക് ചേക്കേറിയ ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ലിവര്‍പൂളിന് വിജയം കൂടുതല്‍ ആത്മവിശ്വാസം പകരുന്നതായി. നടപ്പു സീസണില്‍ 22 മത്സരങ്ങള്‍ക്ക് ശേഷമാണ് പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് കീഴില്‍ സിറ്റി ആദ്യ തോല്‍വി നേരിടുന്നത്. തോറ്റെങ്കിലും 23 കളിയില്‍ നിന്നും 62 പോയന്റുമായി സിറ്റി തന്നെയാണ് തലപ്പത്ത്. രണ്ടാം സ്ഥാനത്തുള്ള മാ.യുണൈറ്റഡിനെക്കാള്‍ 15 പോയന്റിന്റെ വ്യക്തായ ലീഡാണുള്ളത്. 47 പോയിന്റുമായി മൂന്നാമതാണു ലിവര്‍പൂള്‍.

chandrika: