X

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത; നാട്ടിലെത്തുന്നത് അനന്തമായി നീളുന്നു

ദുബൈ: നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. നേരത്തെ നടിയുടേത് മുങ്ങിമരണമെന്ന സ്ഥിരീകരണത്തിന് ശേഷമാണ് ഭൗതിക ശരീരം നാട്ടിലെത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ അനന്തമായി നീളുന്നത്.
ഇപ്പോള്‍ നടിയുടെ തലയില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉള്ളതായ വെളിപ്പെടുത്തലുകളാണ് പുറത്തുവരുന്നത്. മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് ഫോറന്‍സിക് പരിശോധനയെ തുടര്‍ന്നുള്ള നിഗമനം.

ഇതോടെ ശ്രീദേവിയുടെ മരണത്തിലെ അവ്യക്തതകള്‍ ഏറെയാവുകയാണ്. മരണവുമായി ബന്ധപ്പെട്ട് ദുബൈ പോലീസിന്റെ അന്വേഷണവും പരിശോധനയും തുടരുന്നു. ഭര്‍ത്താവ് ബോണി കപൂറിനെ ദുബൈ പൊലീസി വീണ്ടും ചോദ്യംചെയ്യുന്നതായാണ് വിവരം. ഇതിനിടെ സ്‌റ്റേഷനിലെത്തിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികളെ ദുബൈ അധികൃതര്‍ തിരിച്ചയച്ചു.

നേരത്തെ യു.എ.ഇ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട മരണ സാക്ഷ്യപത്രത്തില്‍ ‘അപകട മുങ്ങിമരണ’മാണെന്ന് പറയുന്നത്. ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരണം സംഭവിച്ചതെന്ന് ദുബൈ പൊലീസിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ടിലും പറയുന്നു. നേരത്തേ, ഹൃദയ സ്തംഭനമാണ് മരണകാരണമായി കരുതിയിരുന്നത്.
മദ്യ ലഹരിയിലാണ് ശനിയാഴ്ച രാത്രി പതിനൊന്നിന് അപകടമുണ്ടായതെന്നാണ് കരുതുന്നത്. ഹോട്ടല്‍ മുറിയിലെ ബാത്ടബില്‍ വീണ് വെള്ളംകുടിച്ചാണ് ശ്രീദേവി മരിച്ചതെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നടിയുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ കേസ് ദുബൈ പൊലീസ് ദുബൈ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. തൊട്ടുപിന്നാലെ നടിയുടെ ഭൗതിക ശരീരം കുടുംബത്തിന് കൈമാറാനും ഔദ്യോഗിക ഉത്തരവായി. കേസില്‍ വല്ല ക്രമക്കേടും ശ്രദ്ധയില്‍പ്പെട്ടാല്‍ പുനരന്വേഷണം കൈകൊള്ളാന്‍ പ്രോസിക്യൂട്ടര്‍മാര്‍ക്ക് അധികാരമുണ്ട്. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

ദുബൈ, ജുമൈറ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടല്‍ മുറിയിലെ കുളിമുറിയില്‍ ശ്രീദേവി കുഴഞ്ഞുവീണു മരിച്ചു എന്ന പ്രാഥമിക റിപ്പോര്‍ട്ടില്‍ ഹൃദയ സത്ംഭനമാണ് മരണകാരണമായി നിരീക്ഷിക്കപ്പെട്ടത്. മുമ്പൊരിക്കലും ഹൃദയാഘാതം സംഭവിച്ചിട്ടില്ലാത്ത നടിയുടെ മരണ കാര്യത്തില്‍ ബോളിവുഡ് സഹതാരങ്ങളില്‍ ചിലര്‍ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
മരണത്തിലെ ദുരൂഹതകളെ സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഞായറാഴ്ച മുതല്‍ ശക്തമായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ ഹോട്ടല്‍ വൃത്തങ്ങളോ മറ്റോ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ തയാറല്ലായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മരണ സര്‍ട്ടിഫിക്കേറ്റ് തയാറാക്കിയെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. നടിയുടെ മരണം ഹൃദയാഘാതമല്ലെന്നും മുങ്ങിമരണമായിരുന്നുവെന്നും സ്ഥിരീകരിച്ചതിനു പിന്നാലെ ഇതിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രോസിക്യൂഷന്‍. സംഭവത്തിനു മുമ്പുള്ള മണിക്കൂറുകളില്‍ നടി എവിടെ, ആര്‍ക്കൊപ്പമാണ് ചെലവഴിച്ചതെന്നും മരണ സമയത്ത് ആരാണ് കൂടെയുണ്ടായിരുന്നതെന്നും അന്വേഷിക്കുന്നുണ്ട്. ഫോറന്‍സിക് റിപ്പോര്‍ട്ട് കുടുംബത്തിനും ഇന്ത്യന്‍ കോണ്‍സുലേറ്റിനും കൈമാറിയിട്ടുണ്ട്.

chandrika: