ന്യൂഡല്‍ഹി: ഡോക്ടര്‍മാരുടെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ ഒരുദിവസം തങ്ങളെപ്പോലെ ജീവിച്ചു നോക്കണമെന്ന് പ്രധാനമന്ത്രിയോട് എയിംസ് റസിഡന്റ്‌സ് ഡോക്ടേഴ്‌സ് അസോസിയേഷന്‍(ആര്‍ഡിഎ). കത്തിലൂടെയാണ് ആര്‍ഡിഎ ഇക്കാര്യം പരാമര്‍ശിച്ചത്. മതിയായ വേതനവും പ്രൊമോഷനും നല്‍കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍ഡിഎ പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
സര്‍ക്കാര്‍ ആസ്പത്രികളിലെ ജീവനക്കാര്‍ ഒരുപാട് ബുദ്ധിമുട്ടുകളനുഭവിക്കുന്നുണ്ട്. ആസ്പത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാത്തതിനാല്‍ അത്യാഹിത ഘട്ടങ്ങളില്‍ രോഗികളുടെ ബന്ധുക്കളില്‍ നിന്നും മറ്റും തങ്ങള്‍ക്ക് പഴികേള്‍ക്കേണ്ടി വരുന്നുവെന്ന് ഡോക്ടര്‍മാര്‍ കത്തില്‍ പറഞ്ഞു. താങ്കളെപ്പോലെ സജീവമായ ഒരു പ്രധാനമന്ത്രിയുള്ളത് ഭാഗ്യമായി കരുതുന്നു. താങ്കള്‍ ധരിച്ചിരിക്കുന്ന ഉപരിവസ്ത്രം അഴിച്ചുവെച്ച് ഒരു ദിവസം ഡോക്ടര്‍മാരെപ്പോലെ ജീവിച്ചു നോക്കിയാല്‍ തങ്ങളുടെ ബുദ്ധിമുട്ടറിയാംആര്‍ഡിഎ കത്തില്‍ വിശദീകരിച്ചു.
വിവിധ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ പദവി രാജിവെക്കുമെന്നു പ്രഖ്യാപിച്ചായിരുന്നു രാജസ്ഥാനില്‍ ഡോക്ടര്‍മാര്‍ സമരം നടത്തിയത്. സമരത്തില്‍ പങ്കെടുത്ത 86 ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.