കംബോഡിയ: പന്ത്രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒരു അന്താരാഷ്ട്ര സൗഹൃദമത്സരത്തില്‍ വിദേശത്ത് ഇന്ത്യക്ക് വിജയം. എ.എഫ്.സി.കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് കംബോഡിയക്കെതിരെ ഇന്ത്യന്‍ കാല്‍പന്ത് ടീം തിളക്കമാര്‍ന്ന ജയം നേടിയത്.
ലോക റാങ്കിങ്ങില്‍ 173-ാം സ്ഥാനത്തുള്ള ആതിഥേയരെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഇന്ത്യയുടെ അവസാന വിജയം 2006ല്‍ പാകിസ്താനെതിരെയായിരുന്നു.
35-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ഇന്ത്യക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ മൂന്ന് മിനിറ്റുകള്‍ക്കകം കംബോഡിയയുടെ കെ.ലബൊറോവി തിരിച്ചടിച്ചു മത്സരം ആവേശത്തിലാക്കി. 1-1 ന് ആദ്യ പകുതി പിന്നിട്ട മത്സരം രണ്ടാം പകുതിയില്‍ ഇന്ത്യ പിടിമുറിക്കുകയായിരുന്നു. 49-ാമിനിറ്റില്‍ ജെ.ജെ.ലാല്‍പെഖുലെയും 52-ാം മിനിറ്റില്‍ സന്ദേശ് ജിംഗാനുമാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.
എന്നാല്‍ 60-ാം മിനിറ്റില്‍ കംബോഡിയ ഒരു ഗോള്‍ കൂടി തിരിച്ചടിച്ചെങ്കിലും ഇന്ത്യയെ പിടിച്ചുകെട്ടാന്‍ അവര്‍ക്കായില്ല.