X

മാലിന്യ നിക്ഷേപവും വലിച്ചെറിയലും: 5000 രൂപ പിഴ ഉടൻ ചുമത്താൻ തദ്ദേശ സെക്രട്ടറിമാർക്ക് നിർദ്ദേശം

തിരുവനന്തപുരം : മാലിന്യം വലിച്ചെറിയൽ,കത്തിക്കൽ, കുഴിച്ച് മൂടൽ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ 5000 രൂപ പിഴ ചുമത്താൻ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സർക്കാർ നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടിരുന്നു.

പുതിയ നിയമ പ്രകാരം ഈ കുറ്റത്തിന്റെ പരമാവധി ശിക്ഷ ഒരു വർഷം വരെ തടവും 50,000 രൂപയുമാണ്. പിഴയടച്ചില്ലെങ്കിൽ പൊതുനികുതി കുടിശ്ശിക പോലെ ഈടാക്കും. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്കാണ് ചിഴചുമത്താനുള്ള അധികാരം. ഓർഡിനൻസ് പ്രകാരം യൂസർ ഫീ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, പ്രതിമാസം അമ്പത് ശതമാനം പിഴയോടു കൂടി പൊതുനികുതി കുടിശ്ശികയായി ഈടാക്കും. യൂസർ ഫീ അടയ്ക്കാത്ത വ്യക്തിക്ക് അത് അടയ്ക്കുന്നതുവരെ തദ്ദേശ സ്ഥാപനത്തിൽ നിന്നുള്ള സേവനം നിരസിക്കാം. അതേ സമയം തദ്ദേശ സ്ഥാപനത്തിന് സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി ഉചിതമെന്ന് തോന്നുന്ന വിഭാഗങ്ങളെ യൂസർ ഫീയിൽ നിന്നും ഒഴിവാക്കാം.

മാലിന്യ സംസ്‌കരണ ലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴത്തുക, മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങൾക്കായി ലഭിച്ച സിഎസ്ആർ സംഭാവനകൾ, സ്‌പോൺസർഷിപ്പ് തുകകൾ, മറ്റേതെങ്കിലും സംഭാവനകൾ, സർക്കാർ നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും തുകകൾ എന്നിവ പ്രത്യേക ഫണ്ടിലേക്ക് നിക്ഷേപിക്കണം. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കാത്ത തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ പിഴ ചുമത്തും. സംസ്ഥാനത്ത് 100ൽ കൂടുതൽ ആളുകൾ ഒത്തുചേരുന്ന പരിപാടികൾ മൂന്ന് ദിവസം മുൻപെങ്കിലും ഗ്രാമ പഞ്ചായത്തിൽ അറിയിക്കണം. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും കുറ്റം നടന്നതായി സെക്രട്ടറിയെ രേഖാമൂലം അറിയിക്കുന്നവർക്ക് പാരിതോഷികം നൽകും.

മാലിന്യ സംസ്‌കരണ കേന്ദ്രങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇത്തരം കേന്ദ്രങ്ങളുടെ സമീപത്ത് താമസിക്കുന്ന ജനങ്ങൾക്ക് കെട്ടിട നികുതി ഒഴിവാക്കൽ, ഇളവുകൾ, ക്ഷേമ പദ്ധതികൾ ലഭ്യമാക്കൽ മുതലായ പ്രോത്സാഹനങ്ങൾ തദ്ദേശ സ്ഥാപനത്തിന് നൽകാമെന്ന് ഓർഡിനൻസിൽ വ്യവസ്ഥയുണ്ട്.

webdesk14: