എക്സൈസ് ഓഫീസിന് സമീപത്തെ ബാറിൽ ഡ്രൈ ഡേയിലും മദ്യവിൽപന. എറണാകളും കച്ചേരിപ്പടിയിലെ ബാറിലാണ് ഗാന്ധിജയന്തി ദിനത്തിൽ ഇരട്ടിവിലയ്ക്ക് മദ്യം വിറ്റത്. കച്ചേരിപ്പടിയിലെ കിങ്‌സ് എമ്പയർ ബാറിലാണ് മദ്യ വിൽപന നടന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിനടുത്താണ് മദ്യവിൽപന നടന്നത്. ഇരട്ടി വിലയ്ക്കാണ് ഗോഡൗണിൽ മദ്യം വിറ്റത്.
ഡ്രൈ ഡേയിൽ മദ്യവിൽപന നടത്തിയതിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നിന്നായി നാല് പേരെ എക്സൈസ് പിടികൂടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന വൻ മദ്യ ശേഖരമാണ് എക്സൈസ് പിടികൂടിയത്. വിവിധയിടങ്ങളിൽ നിന്നായി 90.5 ലിറ്റർ പിടിച്ചെടുത്ത എക്സൈസ് സംഘം 19 കാരനടക്കം നാല് പേരെ അറസ്റ്റ് ചെയ്തു.
നെയ്യാറ്റിൻകരയിൽ നിന്നുമാണ് 15 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി 19 കാരനെ പിടിച്ചത്. ഝാർഖണ്ഡ് സ്വദേശി അഷിക് മണ്ഡൽ ആണ് എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ അജയകുമാറും സംഘവും നടത്തിയ പരിശോധനയിൽ കുടുങ്ങിയത്.
കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ (ഗ്രേഡ്) ഡി.എസ്.മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 33.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് പിടിച്ചെടുത്തത്. നീണ്ടകര സ്വദേശി ശ്രീകുമാർ (52 ) ആണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി പിടിയിലായത്.
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തിന് സമീപത്ത് സ്കൂട്ടറിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്ന 12 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 1 ലിറ്റർ ചാരായവുമായി വടക്കേവിള സ്വദേശി സുജിത്ത് (54) അറസ്റ്റിലായി.
ആലപ്പുഴ കാർത്തികപ്പള്ളി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ രാജേഷിന്റെ നേതൃത്വത്തിൽ 29 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി പള്ളിപ്പാട് സ്വദേശി ശിവപ്രകാശിനെ അറസ്റ്റ് ചെയ്തു. ഇയാൾ മദ്യ വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ഹോണ്ട ആക്ടീവ സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.