X
    Categories: keralaNews

സംസ്ഥാനത്ത് മദ്യവില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില ഉയരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനു ശേഷം വില വര്‍ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. സ്പിരിറ്റിന്റെ വില വലിയ രീതിയില്‍ കൂടിയതിനാല്‍ മദ്യത്തിനും വില കൂട്ടേണ്ടി വരുമെന്ന് എക്‌സൈസ് മന്ത്രി എം.വി ഗോവിന്ദന്‍ അറിയിച്ചു.

സര്‍ക്കാര്‍ സ്ഥാപനമായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ഉത്പാദിപ്പിക്കുന്ന ജവാന്‍ റമ്മിന് വില കൂട്ടണമെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജവാന്റെ വില പത്ത് ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോയുടെ ആവശ്യം. ഇതിന് പിന്നാലെ മറ്റു മദ്യ നിര്‍മാണ കമ്പനികളും വിലവര്‍ധനവിന് സര്‍ക്കാരിന് സമ്മര്‍ദം ചെലുത്തുന്നുണ്ട്.

സ്പിരിറ്റ് വില കൂടിയതും സ്പിരിറ്റിന്റെ ലഭ്യത കുറവും മദ്യ നിര്‍മ്മാണ മേഖലക്ക് ചെറുതല്ലാത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്നാണ് മന്ത്രി എം.വി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മദ്യ വില കൂട്ടുന്നതിനെ കുറിച്ച് നയപരമായ തീരുമാനം ഒന്നും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ബിവറേജസ് കോര്‍പറേഷന്‍ നിലവില്‍ നഷ്ടത്തിലാണെന്നാണ് പറയുന്നത്. സര്‍ക്കാര്‍ മദ്യത്തിന്റെ വില ഉയര്‍ത്താന്‍ തീരുമാനിച്ചാല്‍ എല്ലാ മദ്യ കമ്പനികളുടെ ആവശ്യം അംഗീകരിക്കേണ്ടിവരും. വില കൂട്ടണമെന്ന ആവശ്യത്തോട് സര്‍ക്കാരിനും എതിര്‍പ്പില്ല. നയപരമായ തീരുമാനമാണ് ഇനി ആവശ്യം. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും.

Chandrika Web: