X

മദ്യനയം: സര്‍ക്കാര്‍ ആരെയാണ് പരിഹസിക്കുന്നത് ?

മുഹ്‌സിന്‍ ടി.പി.എം പകര

2021, 2022 ബജറ്റ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് സ്വന്തം ബ്രാന്റ് ബ്രാന്‍ഡി നിര്‍മ്മിക്കാനും അടുത്ത ഓണത്തിന് ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി വിപണിയില്‍ എത്തിക്കാനും തിരക്കിട്ട ശ്രമങ്ങള്‍ നടത്തുകയാണ് ഇടത് സര്‍ക്കാര്‍. ഇതിനായി മലബാര്‍ ഡിസ്റ്റിലറി ലിമിറ്റഡ് എന്ന പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ മില്ലില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 20 കോടി ചിലവഴിക്കുന്ന പ്ലാന്റിന്റെ നിര്‍മ്മാണ ചുമതല നല്‍കിയിരിക്കുന്നത് കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിനാണ്. വിപണി ലക്ഷ്യമാക്കി ഉല്‍പ്പാദിപ്പിക്കുന്ന ബ്രാന്‍ഡിക്ക് മലബാര്‍ ബ്രാന്‍ഡി എന്ന് നാമകരണം ചെയ്തിരിക്കുന്നത് വ്യാപകമായ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്.

ഉല്‍പ്പന്നത്തിന് പേരിടുമ്പോള്‍ ശ്രദ്ധിക്കേണ്ട വ്യാപാര താത്പര്യങ്ങള്‍ക്കപ്പുറം മലബാറിന്റെ ചരിത്രപരമായ മുഴുവന്‍ സമ്പന്നതയേയും താത്പര്യങ്ങളേയും റദ്ദ് ചെയ്യുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഉച്ചരിക്കാനും കേള്‍വിക്കാര്‍ക്ക് ആശയക്കുഴപ്പമില്ലാതെ മനസ്സിലാക്കാനും സാധിക്കുന്ന പേര് ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുക എന്നത് ശീലിച്ച് പോരുന്ന വ്യാപാര തന്ത്രമാണ്. പക്ഷേ ഒരു തുള്ളിയില്‍ പോലും വിഷവും മരണവും അടങ്ങിയിരിക്കുന്നുവെന്ന് ലോകാരാഗ്യ സംഘടന വിധി പറഞ്ഞ, ജനങ്ങളുടെ ആരോഗ്യത്തിന് യാതൊരു ഗുണവും നിര്‍ദ്ദേശിക്കാത്ത,കുടുംബ ശൈഥില്യത്തിന് കാരണമാകുന്ന വലിയ തിന്മക്ക് നല്‍കേണ്ട പേരല്ല മലബാറെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞില്ല.

ഭൂമി ശാസ്ത്രപരമായ പ്രത്യേകതകളാണ് മലബാര്‍ എന്ന പേരിന്റെ ആധാരം. മഹാ പണ്ഡിതനും ചരിത്രകാരനുമായ അല്‍ബറൂണിയാണ് ആദ്യം മലകളുടെ നാടിനെ മലബാര്‍ എന്ന് വിശേഷിപ്പിച്ചത്. മലയെന്ന മലയാള, തമിഴ് വാക്കിനോടൊപ്പം നാട് എന്നര്‍ത്ഥം വരുന്ന ബാര്‍ എന്ന പേര്‍ഷ്യന്‍ വാക്കോ തീരെമെന്ന് അര്‍ത്ഥം വരുന്ന ബര്‍ എന്ന അറബി വാക്കോ ചേര്‍ന്നാണ് മലബാര്‍ എന്ന പേര് രൂപംകൊണ്ടത്. മലബാറിലെ ജനങ്ങളുടെ സ്വത്വ ബോധത്തേയും പ്രൗഡിയേയും നിരാകരിക്കുക മാത്രമല്ല മലബാര്‍ എന്ന അധിനിവേശ വിരുദ്ധ പോരാട്ട ഭൂമിയെ തിരസ്‌ക്കരിക്കുക കൂടിയാണ് ബ്രാന്‍ഡിക്ക് ബ്രാന്റ് ചെയ്യുന്നതിലൂടെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മലബാറിലെ ജനങ്ങള്‍ കാത്തു സൂക്ഷിച്ച് പോരുന്ന ഉന്നതമായ ജീവിത മൂല്യങ്ങളുണ്ട്.

മത സൗഹാര്‍ദ്ദവും സാഹോദര്യവും കലര്‍പ്പില്ലാത്ത ആതിഥ്യ മര്യാദയും അയല്‍പ്പക്ക ബന്ധങ്ങളും വിദ്യാഭ്യാസത്തോട് പുലര്‍ത്തുന്ന ആഗ്രഹുവെമെല്ലാം വിശേഷങ്ങളായ ഒരു നാടിന്റെ മുഴുവന്‍ സവിശേഷതകളേയും മദ്യത്തിന്റെ ബ്രാന്റില്‍ പതിപ്പിക്കാനുള്ള നീക്കം അവഹേളനമായിട്ടേ വിലയിരുത്താന്‍ സാധിക്കുകയൊള്ളൂ. തദ്ദേശ ബ്രാന്‍ഡ് എന്ന മതിപ്പുളവാക്കാനാണ് മലബാര്‍ എന്ന സത്യസന്ധതയെ സര്‍ക്കാര്‍ ബ്രാന്റാക്കിയിരിക്കുന്നത്.മൂല്യങ്ങളേയും പൈതൃകങ്ങളേയും സത്ത ചോരാതെ സൂക്ഷിക്കുക എന്നത് കാലം നമ്മളില്‍ ഏല്‍പ്പിച്ച ബാധ്യതയാണെന്ന് സര്‍ക്കാര്‍ മറന്ന് പോയിരിക്കുന്നു.സാമ്പത്തിക താത്പര്യങ്ങള്‍ക്ക് മീതെ വരില്ല പാലക്കാട് മുതല്‍ കാസര്‍കോട് വരേ കേരളത്തിന്റെ 45 ശതമാനവും ഭാഗധേയം ചെയ്തിട്ടുള്ള ഒരു നാട്ടിലെ ജനങ്ങളുടെ ഹിതവും എന്ന് ഇടത് പക്ഷ സര്‍ക്കാര്‍ പറയാതെ പറഞ്ഞിരിക്കുകയാണിവിടെ.

റം മദ്യത്തോട് കേരളത്തിലെ ജനങ്ങള്‍ കാണിച്ചിരുന്ന സ്വീകാര്യതക്കൊടുവിലാണ് തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ആന്റ് കെമിക്കല്‍സ് ലിമിറ്റഡില്‍ നിന്ന് ജവാന്‍ റം ഉല്‍പ്പാദിപ്പിച്ച് തുടങ്ങുന്നത്. ആദ്യം മിലിട്ടറി വിപണികളിലും പിന്നീട് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ ശ്രേണിയിലുള്‍പ്പെടുത്തി ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ വഴിയും ജവാന്‍ റം വിപണിയിലെത്തി. ബ്രാന്‍ഡിയേക്കാള്‍ 10 ശതമാനത്തോളം അധിക വില്‍പ്പന കേരളത്തില്‍ റമ്മിനുണ്ടായിരുന്നെങ്കിലും പതിയെ കേരളം ഒന്ന് കൂടി വില കൂടിയ ബ്രാന്‍ഡിയിലേക്ക് ചിയേഴ്‌സ് പറഞ്ഞ് തുടങ്ങി. ഇപ്പോള്‍ മൊത്ത വില്‍പ്പനയുടെ 51 ശതമാനവും ബ്രാന്‍ഡിയാണെന്ന തിരിച്ചറിവില്‍ നിന്നാണ് സ്വന്തം ബ്രാന്റില്‍ ഉല്‍പ്പാദിപ്പിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്നത്.കേരളത്തിന്റെ പുറത്ത് നിന്നും ബെവ്‌ക്കോ മദ്യം വാങ്ങുന്ന കമ്പനികള്‍ വലിയ വില ഈടാക്കുന്നതും ഒരു വിലപേശല്‍ സാധ്യത ബ്രാന്‍ഡി നിര്‍മ്മാണത്തിലൂടെ തുറന്നിടുകയുമാണെന്നും വിശദീകരണങ്ങളുണ്ട്.

കോടികള്‍ ചിലവിട്ട് ഗാന്ധി ജയന്ധി ദിനം മുതല്‍ കേരളപ്പിറവി ദിനം വരേ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ലഹരി വിരുദ്ധ കാമ്പയിന് ആത്മാര്‍ത്ഥതയില്ലെന്ന വിമര്‍ശനം ആദ്യം മുതല്‍ തന്നെ ഉയര്‍ന്നിരുന്നു. മദ്യേതര ലഹരികളെ മാത്രം ലക്ഷ്യം വെച്ചായിരുന്നു കാമ്പയിന് പ്രവര്‍ത്തനങ്ങള്‍. പൊതു ജനങ്ങള്‍ക്കിടയിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലും ലഹരിയുടെ വിപത്തിനെ അനാവരണം ചെയ്യാന്‍ കാമ്പയിന് സാധിച്ചിട്ടുണ്ട്. മദ്യേതര ലഹരികളായ കഞ്ചാവില്‍ നിന്നോ എം.ഡി എം.എ അടക്കമുള്ള സിന്തറ്റിക്ക് ലഹരികളില്‍ നിന്നോ സര്‍ക്കാറിന് നികുതി വരുമാനമില്ല എന്നതും ചേര്‍ത്ത് വായിക്കേണ്ടതാണ്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേ റിപ്പോര്‍ട്ടില്‍യുവാക്കള്‍ക്കിടയില്‍ മദ്യോപയാഗം കുറയുന്നതിനെ കുറിച്ചും കണക്കുകളുടെ അടിസ്ഥാനത്തില്‍ സൂചനകളുണ്ടായിരുന്നു. താരതമ്യേന വീര്യം കൂടിയ സിന്തറ്റിക് ലഹരികളിലേക്ക് യുവജനങ്ങള്‍ ചേക്കേറിയതാണ് മദ്യ ഉപയോഗം കുറയാനിടയാക്കിയത്. മദ്യത്തിന്റെ വിപത്തിന്റെ ചര്‍ച്ചാ വിഷയമാക്കാതെയും ബോധവല്‍ക്കരിക്കാതെയും ഇടത് സര്‍ക്കാര്‍ കാമ്പയിന്‍ സംഘടിപ്പിച്ചത് സംശയങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു.

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ എന്ന താലൂക്ക് കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡാമുകള്‍ സ്ഥിതി ചെയ്യുന്ന താലൂക്കാണ്. ചിറ്റൂരിനടുത്തുള്ള മേനോന്‍ പാറയിലാണ് മലബാര്‍ ഡിസ്റ്റിലറി എന്ന പഴയ ചിറ്റൂര്‍ സഹകരണ ഷുഗര്‍ ഫാക്ടറി പ്രവര്‍ത്തിക്കുന്നത്.കേരളത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് ഏറ്റവും താഴ്ന്നിട്ടുള്ള പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ് ചിറ്റൂര്‍. വേനല്‍ കാലം ആവുന്നതിനു മുമ്പ് തന്നെ കുടിവെള്ളത്തിന് പോലും ജനങ്ങള്‍ ബുദ്ധിമുട്ടുന്ന പ്രദേശമാണിത്. കേരളത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഘല കൂടിയാണ് ഈ പ്രദേശമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഒരു ലിറ്റര്‍ ബ്രാന്‍ഡി നിര്‍മ്മാണത്തിന് 10 ലിറ്റര്‍ വെള്ളം കുറഞ്ഞത് വേണ്ടി വരുമെന്നാണ് കണക്ക്. മാസന്തോറും കോടിക്കണക്കിന് ലിറ്റര്‍ വെള്ളം ചിലവിട്ടാല്‍ മാത്രമേ പ്ലാന്റ് അതിന്റെ ക്ഷമതക്കനുസരിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. വിദേശ രാജ്യങ്ങളിലേത് പോലെ ഇന്ത്യയില്‍ ബ്രാന്‍ഡി ഉല്‍പ്പാദിപ്പിക്കുന്നത് മാള്‍ട്ടോ മുന്തിരിയോ ഉപയോഗിച്ചല്ല. കരിമ്പിന്‍ ജ്യൂസില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കുന്ന എത്തനോളിനെയാണ് ഇന്ത്യയില്‍ മദ്യ നിര്‍മ്മാണത്തിന് ഏറെ ആശ്രയിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ എത്തനോള്‍ ഉപയോഗിച്ചാല്‍ ഇന്ധന ക്ഷമത കൂടും. കേന്ദ്രം ഈ വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്തിയതിനാല്‍ എത്തനോളിന്റെ ക്ഷാമവും വിപണിയില്‍ നിലവിലുണ്ട്. ഈ കാരണത്താല്‍ തന്നെ ഇന്ത്യയിലെ മദ്യ നിര്‍മ്മതാക്കള്‍ ഉല്‍പ്പാദനം കുറച്ചിരിക്കുന്ന സമയത്താണ് കേരളം പുതിയ ബ്രാന്‍ഡ് ഉല്‍പ്പാദിപ്പിക്കുന്നതും നിലവിലുള്ളതിന്റെ കപ്പാസിറ്റി ഉയര്‍ത്തുന്നതും.

മലബാര്‍ വികസനത്തിനായി ദാഹിക്കുന്നുണ്ട്. മലബാറില്‍ രണ്ട് വിമാനത്താവളങ്ങളുണ്ട്. പക്ഷേ ഭാഗികമായി പോലും അതിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നില്ല. ബ്രിട്ടീഷ്‌കാര്‍ നിര്‍മ്മിച്ച റെയില്‍വേ പാളത്തേക്കാള്‍ ഒരു മീറ്റര്‍ അധികം പാളത്തിന്റെ നീളം കൂട്ടിയിട്ടില്ല, ഇരട്ടിപ്പിച്ചതല്ലാതെ. റോഡപകടങ്ങള്‍ മലബാറില്‍ കൂടുതലല്ലെങ്കിലും നിരത്തുകളിലെ മരണ നിരക്കുകള്‍ മലബാറില്‍ കൂടുതലാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് മലബാറിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. പക്ഷേ എസ്.എസ്.എല്‍.സി ജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠിക്കാന്‍ കഴിയുന്ന രീതിയിലുള്ള പ്ലസ്ടു ഹയര്‍ സെക്കണ്ടറി സീറ്റുകള്‍ ഇവിടെ ഇല്ല. മലബാര്‍ ചരിത്രത്തില്‍ എന്ന പോലെ തന്നെ ജ്വലിച്ച് നില്‍ക്കേണ്ട ഒരു ഭൂ പ്രദേശമാണ്. അപഭ്രംശത്തിന്റെ ചതിക്കുഴികളിലേക്ക് തള്ളിവിടുന്നത് മലബാറിന്റെ വൈവിധ്യങ്ങളോടും സുകൃതങ്ങളോടുമുള്ള യുദ്ധ പ്രഖ്യാപനമാണ്. മലബാര്‍ ഒരു വികാരമായി സിരകളില്‍ ഓടുന്നവരിലേക്ക് ലഹരി കൂടി പകരാനാണ് സര്‍ക്കാറിന് താത്പര്യം.

webdesk13: