X

ജനത്തെ കൊല്ലുന്ന മദ്യനയം- എഡിറ്റോറിയല്‍

കേരളത്തെ കള്ളുഷാപ്പാക്കി മാറ്റുന്ന പുതിയ മദ്യനയത്തിന് ഇടതുപക്ഷ സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ദിവസം തന്നെയാണ് മഞ്ചേരിയില്‍ നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ ദാരുണമായ വിയോഗ വാര്‍ത്തയും വന്നത്. മഞ്ചേരി നഗരസഭ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാന്‍ ചൊവ്വാഴ്ച രാത്രി മദ്യപ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഏറെ ഞെട്ടലുളവാക്കുന്നുണ്ട്. സമൂഹത്തിനുവേണ്ടി സ്വയം സമര്‍പ്പിച്ച ഒരു വിലപ്പെട്ട ജീവനെ തട്ടിയെടുത്ത അക്രമികളെ പോലുള്ള ക്രിമിനല്‍ സംഘങ്ങള്‍ കേരളീയ സമൂഹത്തെ നിര്‍ദയം വേട്ടയാടാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി. മദ്യത്തിന്റെ ഉപയോഗം സാര്‍വത്രികമാക്കുകയും മുക്കിന് മുക്കിന് മദ്യശാലകള്‍ അനുവദിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ സാമൂഹ്യ ദുരന്തങ്ങളെ വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. പുതിയ മദ്യനയം പ്രഖ്യാപിച്ച നാളില്‍ തന്നെ ഇത്തരമൊരു ദുരന്തമുണ്ടായത് ജനങ്ങളെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.

സംസ്ഥാനത്ത് മുമ്പെങ്ങുമില്ലാത്തവിധം മദ്യവും മയക്കുമരുന്നും ഒഴുകിത്തുടങ്ങിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ പോലും മയക്കുമരുന്ന് സംഘങ്ങള്‍ സജീവമായിരിക്കുന്നു. ജനങ്ങള്‍ക്ക് ധൈര്യപൂര്‍വം പുറത്തിറങ്ങി നടക്കാന്‍ സാധിക്കാത്തവിധം മയക്കുമരുന്നു മാഫിയകളും ഗുണ്ടാസംഘങ്ങളും സമൂഹത്തെ വലിഞ്ഞുമുറുക്കുകയാണ്. ഇതിനെതിരെ ഉറച്ച നടപടികള്‍ക്ക് സര്‍ക്കാര്‍ ധൈര്യപ്പെടുന്നില്ലെന്ന് മാത്രമല്ല, അക്രമങ്ങള്‍ക്ക് ഉത്തേജനം പകര്‍ന്ന് മദ്യോല്‍പാദനവും വില്‍പനയും കൂട്ടാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുകയും ചെയ്യുന്നു. കൊടും വേനലില്‍ ജനങ്ങള്‍ ദാഹജലം കിട്ടാതെ വലയുമ്പോള്‍ കേരളത്തിന് അത്യാവശ്യമായ ‘കുടിവെള്ളം’ മദ്യമാണെന്നാണ് സര്‍ക്കാര്‍ ധരിച്ചുവെച്ചിരിക്കുന്നത്. ഐ.ടി മേഖലയില്‍ ബാര്‍ റെസ്റ്റോറന്റുകള്‍ തുടങ്ങാനും വിദേശ മദ്യ വില്‍പന ശാലകളുടെ എണ്ണം കൂട്ടാനും മന്ത്രിസഭ തീരുമാനിച്ചതോടെ കളമൊരുങ്ങുന്നത് വന്‍ ദുരന്തങ്ങള്‍ക്കാണ്. മദ്യവില്‍പന ശാലകള്‍ കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചതുവഴി കള്ളുഷാപ്പുകള്‍ക്കു മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് മദ്യം കിട്ടാതെ ഒരാളും കഷ്ടപ്പെടരുതെന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് പുതിയ മദ്യനയത്തിന് രൂപം നല്‍കിയിരിക്കുന്നത്.

ഭക്ഷ്യവിതരണ ശൃംഖലകളെ തളര്‍ത്തിയിട്ട സര്‍ക്കാറിന് മദ്യശാലകള്‍ തുറക്കാനുള്ള ആവേശം പണ്ടേയുണ്ട്. മദ്യലോബിയില്‍നിന്ന് കോടികള്‍ വാങ്ങി അധികാരത്തിലെത്തിയും സമ്മേളനങ്ങള്‍ നടത്തിയും അര്‍മാദിക്കുന്ന ഒരു പാര്‍ട്ടി ഭരണം നിയന്ത്രിക്കുമ്പോള്‍ ഇതിനപ്പുറവും കാണേണ്ടിവരും. മദ്യലോബിയുടെ അപേക്ഷയൊന്നും മുഖ്യമന്ത്രി നിരസിക്കാറില്ല. ഐ.ടി സ്ഥാപനങ്ങളിലെ സംഘടനകളടക്കം നിരന്തരം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മേഖലയില്‍ മദ്യവിതരണം സജീവമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ആ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ മുന്‍കയ്യെടുത്ത് അത്തരം അപേക്ഷകള്‍ ഉടനടി തീര്‍പ്പാക്കുന്നുണ്ട്. മദ്യം കിട്ടാത്തതുകൊണ്ടാണ് നാട് മുരടിക്കുന്നതെന്ന് ഇടതുസര്‍ക്കാര്‍ പറയുന്നു. വിനോദ സഞ്ചാര മേഖലയും മറ്റും ശുഷ്‌കിച്ചു കിടക്കുന്നത് അതുകൊണ്ടാണത്രെ!. വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ക്ക് മദ്യം വിളമ്പിയില്ലെങ്കില്‍ അവരെല്ലാവരും കൂടി മയക്കുമരുന്ന് എടുത്ത് ഉപയോഗിച്ചുകളയുമോ എന്നാണ് സര്‍ക്കാറിന്റെ പേടി. ഉത്പാദനം കൂട്ടിയും വിതരണത്തിന് സൗകര്യങ്ങളൊരുക്കിയും മദ്യപാനത്തിന് പരമാവധി പ്രോത്സാഹനം നല്‍കുന്നതോടെ അത്തരം പ്രശ്‌നങ്ങളൊക്കെ മാറുമെന്ന പ്രചാരണവും ഒരു ഭാഗത്ത് കൊഴുപ്പിക്കുന്നുണ്ട്. മദ്യവര്‍ജനമാണ് തങ്ങളുടെ നയമെന്നും ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവന്ന് ഭാവിയില്‍ കേരളത്തെ മദ്യമുക്തമാക്കുമെന്നും തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ എഴുതിവെച്ച ഒരു ടീമാണ് ഇതൊക്കെയും ചെയ്യുന്നത്.

മദ്യക്ഷാമം പരിഹരിക്കുന്നതിന് മരച്ചീനി അടക്കമുള്ള സാധനങ്ങളില്‍നിന്ന് മദ്യമുണ്ടാക്കാനും മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നു. കള്ളിനെക്കുറിച്ച് മാത്രം ചിന്തിച്ച് ഇടതു സര്‍ക്കാറിന് തലയ്ക്ക് വെളിവില്ലാതായിരിക്കുന്നുവെന്നാണ് മദ്യനയത്തിലൂടെ വ്യക്തമായിരിക്കുന്നത്. മദ്യം നിഷിദ്ധമാണെന്ന് കമ്യൂണിസ്റ്റുകള്‍ക്ക് അഭിപ്രായമില്ല. അവര്‍ക്കത് ആവോളം കുടിക്കുകയും ചെയ്യാം. പക്ഷേ, ഒരു ജനതയെ മുഴുവന്‍ മദ്യത്തില്‍ മുക്കിക്കൊന്നേ അടങ്ങൂ എന്ന പിടിവാശി ഉപേക്ഷിക്കാന്‍ ഇടതുനേതാക്കള്‍ തയാറാകണം.

Test User: