ന്യൂഡല്‍ഹി: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പ്പന പാടില്ലെന്ന വിധിയില്‍ സുപ്രീം കോടതി ഭേദഗതി വരുത്തി. കോടതിയുടെ പുതിയ ഉത്തരവ് പ്രകാരം ഏതൊക്കെ പഞ്ചായത്തുകളില്‍ തീരുമാനം നടപ്പിലാക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാം.
പ്രദേശം നഗരമാണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും അനുമതിക്കായി മദ്യശാല ഉടമകള്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന ശാലകള്‍ പാടില്ലെന്ന ഉത്തരവിനെതിരെ അസം സര്‍ക്കാറും, അസമിലെ ചില മദ്യവില്‍പ്പന ലൈസന്‍സികളുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈഹര്‍ജിയെ അനുകൂലിച്ച് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജികള്‍ പരിഗണിച്ചാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.
2016 ആഗസ്റ്റിലാണ് ദേശീയ-സംസ്ഥാന പാതകളിലെ 500 മീറ്റര്‍ പരിധിക്കുള്ളില്‍ മദ്യവില്‍പ്പന പാടില്ലെന്ന സുപ്രധാന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. തുടര്‍ന്ന് ഇതിനെതിരെ പലതവണയായി ഹര്‍ജികള്‍ പരിഗണിച്ച സുപ്രീം കോടതി കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ പരിധിയിലെ മദ്യവില്‍പ്പന ശാലകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ലെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് പരിധികളിലെ നിയന്ത്രണവും എടുത്തുകളയണമെന്നായിരുന്നു അസം, കേരളം തുടങ്ങിയ സംസ്ഥാനങ്ങളുടെ ആവശ്യം.
കേരളത്തിലെ മൂന്നാര്‍, തേക്കടി, കുമരകം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങള്‍ പഞ്ചായത്ത് പരിധികളിലാണ്. ഇവിടെ നിരോധനം തുടരുന്നത് ടൂറിസം മേഖലയെ ബാധിക്കുന്നുവെന്നാണ് കേരളത്തിന്റെ വാദം. ഹര്‍ജികള്‍ പരിഗണിച്ച കോടതി ഏതൊക്കെ പഞ്ചായത്തുകളില്‍ ഇളവ് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് തീരുമാനിക്കാമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പുതിയ ഉത്തരവ് വിദേശമദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്കും, ബാറുകള്‍ക്കും മാത്രമല്ല കള്ളു ഷാപ്പുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണ്. ഉത്തരവില്‍ സുപ്രീം കോടതി ഭേദഗതി വരുത്തിയതോടെ 2016 ആഗസ്റ്റിന് മുമ്പുള്ള സാഹചര്യത്തിലേക്ക് മദ്യവില്‍പ്പനയുടെ ദൂരപരിധി മാറുകയാണ്. കേരളത്തില്‍ മാത്രം പുതിയ ഉത്തരവ് പ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഇളവു നല്‍കുകയാണെങ്കില്‍ 520 കള്ളുഷാപ്പ്, 171 ബിയര്‍, വൈന്‍ പാര്‍ലറുകള്‍, മൂന്ന് ഹോട്ടലുകളിലെ ബാറുകള്‍ എന്നിവ തുറക്കാനാവും. ഇതിന് പുറമെ 12 മദ്യവില്‍പ്പന ശാലകളും തുറക്കും. പുതിയ ലൈസന്‍സുകള്‍ അനുവദിച്ചാല്‍ മദ്യശാലകളുടെയും ബാറുകളുടെയും എണ്ണം ഇനിയും കൂടും.