പനജി: വടക്കന്‍ ഗോവയില്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ പേരിലുള്ള റസ്റ്ററന്റിന് മദ്യ ലൈസന്‍സ് ലഭിച്ചത് അനധികൃതമാണെന്ന് റിപ്പോര്‍ട്ട്. മരിച്ചയാളുടെ പേരിലാണ് ലൈസന്‍സ് പുതുക്കിയതെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഗോവ എക്‌സൈസ് കമ്മിഷണര്‍ നാരായണ്‍ എം. ഗാഡ് ലൈസന്‍സ് റദ്ദാക്കാതിരിക്കണമെങ്കില്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഗോവയിലെ അസന്‍ഗൗവിലാണ് സ്മൃതിയുടെ മകള്‍ സോയിഷ് ഇറാനിയുടെ പോഷ് റസ്റ്ററന്റായ സില്ലി സോള്‍സ് കഫേ ആന്റ് ബാര്‍ ഉള്ളത്. ബാറിനുള്ള ലൈസന്‍സ് കൃത്രിമ രേഖകള്‍ നല്‍കിയാണ് ഉടമകള്‍ കൈവശപ്പെടുത്തിയതെന്ന് അഭിഭാഷകനായ എയ്‌റിസ് റോഡ്രിഗസ് നല്‍കിയ പരാതിയിലാണ് ജൂലൈ 21ന് എക്‌സൈസ് കമ്മിഷണര്‍ നോട്ടിസ് അയച്ചത്. വിഷയം ജൂലൈ 29ന് കോടതി പരിഗണിക്കും.
കഴിഞ്ഞമാസമാണ് ലൈസന്‍സ് പുതുക്കിയത്. എന്നാല്‍ ലൈസന്‍സിന്റെ ഉടമ ആയിരുന്ന ആന്തണി ഡിഗാമ 2021 മേയ് 17ന് അന്തരിച്ചിരുന്നു. ഡിഗാമയുടെ ആധാര്‍ കാര്‍ഡിലെ വിവരം അനുസരിച്ച് മുംബൈയിലെ വിലേ പാര്‍ലെയിലെ താമസക്കാരനാണിയാള്‍. ഇയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍നിന്ന് റോഡ്രിഗസിന് ലഭിച്ചിട്ടുമുണ്ട്.
ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമെന്നാണ് അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നതെന്ന് സംസ്ഥാന എക്‌സൈസ് വിഭാഗം പറയുന്നു.വിവരാവകാശ നിയമപ്രകാരമാണ് റോഡ്രിഗസ് വിവരങ്ങള്‍ ശേഖരിച്ചത്. സില്ലി സോള്‍സ് കഫേ ആന്റ് ബാറിന് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് റസ്റ്ററന്റ് ലൈസന്‍സ് ഇല്ലെന്നും അഭിഭാഷകനായ റോഡ്രിഗസ് പറയുന്നു.