X

കോഴിക്കോട്ട് നിന്ന് പഠനയാത്രക്കു പോയ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ മദ്യം ഒളിച്ചു കടത്തി അധ്യാപകര്‍; രക്ഷിതാക്കള്‍ സമരത്തില്‍

കോഴിക്കോട്: പഠനയാത്രക്കു കോഴിക്കോട്ടെ സ്‌കൂളില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ ഒപ്പമുണ്ടായിരുന്ന അധ്യാപകര്‍ മദ്യക്കുപ്പികള്‍ കടത്തിയതായി ആരോപണം. കോടഞ്ചേരി ചെമ്പുക്കടവ് ഗവ.യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ ബാഗില്‍ നിന്നാണ് എക്‌സൈസ് പരിശോധനയില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. അധ്യാപകര്‍ ഒളിപ്പിച്ചതാണെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ അധ്യാപകര്‍ക്കെതിരെ സമരം ആരംഭിച്ചു. രക്ഷിതാക്കള്‍ സ്‌കൂള്‍ ഉപരോധിച്ചതോടെ രണ്ട് അധ്യാപകരോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ എ.ഇ.ഒ നിര്‍ദേശിച്ചു. രക്ഷിതാക്കളെ പിന്തുണച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ശനിയാഴ്ച രാവിലെയാണ് കണ്ണൂരിലെ അമ്യൂസ്‌മെന്റ് പാര്‍ക്ക് കാണാന്‍ സ്‌കൂളില്‍ നിന്ന് സംഘം യാത്ര തിരിച്ചത്. മടക്കയാത്രയില്‍ ഭക്ഷണം വാങ്ങാന്‍ മാഹിയില്‍ വാഹനം നിര്‍ത്തി. അഴിയൂര്‍ ചെക്‌പോസ്റ്റില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് ബാഗില്‍ ഒളിപ്പിച്ച മദ്യക്കുപ്പികള്‍ കണ്ടെടുത്തതായാണ് വിദ്യാര്‍ത്ഥികല്‍ പറയുന്നത്. വീട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ കാര്യം രക്ഷിതാക്കളെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എ.ഇ.ഒ സ്ഥലത്തെത്തി. എന്നാല്‍ പ്രശ്‌നത്തില്‍ ഇടപെടാനാവില്ലെന്ന് പറഞ്ഞ് മടങ്ങാന്‍ ശ്രമിച്ച എ.ഇ.ഒയെ സമരക്കാര്‍ തടഞ്ഞുവെച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. ഇതിനു പിന്നാലെയാണ് ജീവനക്കാരോട് നിര്‍ബന്ധിത അവധിയെടുക്കാന്‍ എ.ഇ.ഒ നിര്‍ദേശിച്ചത്.

chandrika: