X

ഷാര്‍ജയിലെ വീട്ടില്‍ നിന്നും നാല് സിംഹങ്ങളെ പിടിച്ചെടുത്തു

ദുബൈ: ഷാര്‍ജയിലെ വീട്ടില്‍ വളര്‍ത്തിയിരുന്ന നാല് സിംഹങ്ങളെ അധികൃതര്‍ പിടിച്ചെടുത്തു. തിങ്കളാഴ്ചയാണ് സംഭവം. ഈ വര്‍ഷം ഇതുവരെ നിരവധി വിദേശ വളര്‍ത്തു മൃഗങ്ങളെ വീടുകളില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. നാല് സിംഹങ്ങള്‍ ഒരു സിംഹി, മൂന്ന് മലമ്പാമ്പുകള്‍ രണ്ട് മുതലകള്‍ തുടങ്ങിയവയെയാണ് പിടിച്ചെടുത്തതെന്ന് ഷാര്‍ജ പരിസ്ഥിതി വകുപ്പ് മേധാവി ഹന സൈഫ് അല്‍ സുവൈദി പറഞ്ഞു. ഈ വര്‍ഷം ആദ്യം മുതല്‍ മറ്റു നിരവധി വന്യജീവികളെയും വീടുകളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

ഷാര്‍ജയിലെയും മധ്യമേഖലയിലെയും താമസക്കാരില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ഷാര്‍ജ പോലീസുമായി ചേര്‍ന്നാണ് മൃഗങ്ങളെ പിടിച്ചെടുത്തത്. സിംഹം അലറുന്നത് കേള്‍ക്കുന്നതായിരുന്നു പ്രധാന പരാതി. ഇത് കുട്ടികളെ ഭീതിപ്പെടുത്തുകയും ചെയ്തു. മാത്രമല്ല അര്‍ധരാത്രി എങ്ങിനെ സിംഹം വീട്ടിനകത്തെത്തി എന്നതാണ് താമസക്കാരെ അത്ഭുതപ്പെടുത്തിയത്. പിടിച്ചെടുക്കപ്പെട്ട മൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക 100,000 ദിര്‍ഹം പിഴ നല്‍കിയിട്ടുണ്ട്. എന്നാല്‍ ഷാര്‍ജ ഭരണാധികാരി കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് ഇത്തരം മൃഗങ്ങളെ സ്വമേധയാ കൈമാറുന്ന ഉടമകള്‍ക്ക് പിഴ ഒഴിവാക്കിക്കൊടുക്കും.
അപകടകാരികളായെ മൃഗങ്ങളെ താമസക്കാര്‍ ഉടമസ്ഥപ്പെടുത്തുന്നത് നിരോധിച്ചു കൊണ്ട് സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 2015 നവംബറിലാണ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍ ലൈസന്‍സുള്ള പൊതു-സ്വകാര്യ മൃഗശാലകള്‍, ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവക്ക് നിയമം ഇളവ് നല്‍കിയിരുന്നു.അതേസമയം ഉടമസ്ഥര്‍ക്ക് മൃഗങ്ങളെ തിരിച്ചേല്‍പ്പിക്കാന്‍ ഒരു മാസത്തെ പൊതുമാപ്പും അന്ന് പ്രഖ്യാപിച്ചിരുന്നു. നിരോധിത മൃഗങ്ങളുമായി പിടിക്കപ്പെടുന്നവര്‍ക്ക് 100,000 ദിര്‍ഹമാണ് പിഴ.

നേരത്തെ ഫാമുകളിലും വീടുകളിലും വന്യമൃഗങ്ങളുള്ളതായി പരാതി ലഭിച്ചിരുന്നെങ്കിലും അപ്പാര്‍ട്ട്‌മെന്റുകളില്‍ വന്യമൃഗങ്ങളെ വളര്‍ത്തുന്നതായ പരാതി ആദ്യമാണ്. ഇത്തരം അപ്പാര്‍ട്ട്‌മെന്റുകളിലും പരിശോധന നടത്തുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വന്യമൃഗങ്ങള്‍ താമസക്കാര്‍ക്ക് വലിയ ഭീഷണിയാണ്. എന്നാല്‍ മൃഗങ്ങളുടെ ആക്രമണത്തില്‍ മുറിവേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തെരുവ് നായകളെയും പൂച്ചകളെയും കുറിച്ചുള്ള പരാതികള്‍ മുനിസിപ്പാലിറ്റിക്ക് നല്‍കണമെന്നും അവര്‍ പറഞ്ഞു.

chandrika: