X

‘എട്ടിന്റെ പണി’ കൊടുത്ത ശേഷം മെസിയോട് ജേഴ്‌സി ചോദിച്ചിട്ട് തന്നില്ലെന്ന് ബയേണ്‍ താരം

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ ബയേണ്‍ മ്യൂണിക്ക് – ബാഴ്‌സലോണ ക്വാര്‍ട്ടര്‍ പോരാട്ടം ഫുട്‌ബോള്‍ ലോകം പെട്ടെന്ന് ഒരിക്കലും മറിക്കില്ല.

ബയേണിന് മുന്നില്‍ വിറച്ചുപോയ ബാഴ്‌സ രണ്ടിനെതിരേ എട്ടു ഗോളുകള്‍ക്കായിരുന്നു നാണംകെട്ട തോല്‍വി വഴങ്ങിയത്. ഇപ്പോഴിതാ അന്നത്തെ മത്സരത്തിനു ശേഷം ജേഴ്‌സി കൈമാറാന്‍ ബാഴ്‌സ സൂപ്പര്‍ താരം ലയണല്‍ മെസ്സി തയ്യാറായില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ബയേണ്‍ ലെഫ്റ്റ് ബാക്ക് അല്‍ഫോണ്‍സോ ഡേവിസ്.

”ഞാന്‍ ജേഴ്‌സി ചോദിച്ചു, പക്ഷേ അദ്ദേഹം അസ്വസ്ഥനായിരുന്നു. സാരമില്ല അടുത്തവട്ടം നോക്കാം.” ഡേവിസ് പറഞ്ഞു.

ലിസ്ബണിലെ ഈ കനത്ത തോല്‍വിക്കു പിന്നാലെ ബാഴ്‌സ പരിശീലകന്‍ ക്വിക്കെ സെറ്റിയനെയും സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ എറിക് അബിദാലിനെയും പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെ സീനിയര്‍ താരങ്ങളെ ഒഴിവാക്കാനും പുതിയ കളിക്കാരെ കൊണ്ടുവരാനും ക്ലബ്ബ് നീക്കം തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

ബാഴ്‌സലോണയുടെ മുന്‍ താരമായിരുന്ന റൊണാള്‍ഡ് കോമാന്‍ പുതിയ പരിശീലകനായി ബുധനാഴ്ച നിയമിതനായി. ഹോളണ്ട് ദേശീയ ടീമിന്റെ പരിശീലകനായി പ്രവര്‍ത്തിക്കുകയായിരുന്നു കോമാന്‍. 2022 ജൂണ്‍ വരെയാണ് കരാര്‍.

എന്നാല്‍ നിലവിലെ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരു താരം ഉപയോഗിച്ച ജേഴ്‌സി മറ്റൊരാള്‍ക്ക് നല്‍കുന്നതിന് വിലക്കുണ്ട്. അതേസമയം, ചൊവ്വാഴ്ച്ച നടന്ന ലെപ്‌സിഗ്- പിഎസ്ജി ചാമ്പ്യന്‍ ലീഗ് സെമിഫൈനലില്‍ പിഎസ്ജി മുന്നേറ്റ താരം നെയ്മര്‍ ജേഴ്‌സി ഊരി നല്‍കിയിരുന്നു. ഇത് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരം കളിക്കുന്നതിന് അദ്ദേഹത്തിന് വിലക്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

Test User: