മാഡ്രിഡ്: വീണ്ടും മെസി മാജിക്. കളി അവസാനിക്കാന്‍ നാല് മിനുട്ട് മാത്രം ശേഷിക്കവെ അര്‍ജന്റീനിയന്‍ സൂപ്പര്‍ താരത്തിന്റെ മിന്നല്‍ നീക്കത്തില്‍ പിറന്ന ഗോളില്‍ 2-1ന് അത്‌ലറ്റികോ മാഡ്രിഡിനെ പരാജയപ്പെടത്തി ബാര്‍സിലോണ സീസണില്‍ ഇതാദ്യമായി ലാലീഗ പോയന്റ്് ടേബിളില്‍ ഒന്നാമന്മാരായി. പക്ഷേ രാത്രി വൈകി റയല്‍ മാഡ്രിഡ് വില്ലാ റയലുമായി കളിക്കുന്നതിനാല്‍ ലീഡിന് ആയുസ് കുറവാണ്. അത്‌ലറ്റികോ മാഡ്രിഡ് – ബാര്‍ലോണ പോരാട്ടത്തിന്റെ ആദ്യപകുതി ഗോള്‍രഹിതം. ഇരുടീമുകളും സൂക്ഷ്മതയോടെ കളിച്ചപ്പോള്‍ തുറന്ന അവസരങ്ങളൊന്നും ഇരുടീമുകള്‍ക്കും ലഭിച്ചില്ല. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കോര്‍ണര്‍ കിക്കില്‍ നിന്നുള്ള ജെറാഡ് പിക്വെയുടെ ഹെഡ്ഡര്‍ അത്‌ലറ്റികോ കീപ്പര്‍ യാന്‍ ഓബ്ലക് പിടിച്ചെടുത്തു. പന്തടക്കത്തില്‍ ബാര്‍സ മുന്നില്‍ നിന്നപ്പോള്‍ സ്വന്തം ഗോള്‍മുഖം കോട്ടകെട്ടി പ്രതിരോധിക്കുന്നതിലായിരുന്നു സിമിയോണിയുടെ ടീമിന്റെ ശ്രദ്ധ.
പരിക്കില്‍ നിന്നു മുക്തരാവാത്ത ഹവിയര്‍ മഷരാനോയും അര്‍ദ തുറാനുമില്ലാതെയാണ് ബാര്‍സ നിര്‍ണായകമായ എവേ മത്സരത്തിനിറങ്ങിയത്. നെയ്മറും സുവാരസും റഫീഞ്ഞയും മുന്‍നിരയില്‍ സ്ഥാനം പിടിച്ചപ്പോള്‍ ആക്രമണത്തെ സഹായിക്കുന്ന ചുമതലയായിരുന്നു മെസ്സിക്ക്. 64 -ാം മിനുട്ടില്‍ റഫീഞ്ഞയിലൂടെ ബാര്‍സ ലീഡ് നേടി. എന്നാല്‍ ഡിയാഗോ ഗോഡീന്‍ അത്‌ലറ്റികോയെ ഒപ്പമെത്തിച്ചു. തുടര്‍ന്നായിരുന്നു മെസി മാജിക്.