മാഡ്രിഡ്: യൂറോപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള സുവര്‍ണ പാദുകം ബാര്‍സലോണ താരം ലയണല്‍ മെസ്സി ഏറ്റുവാങ്ങി. 2016-17 സീസണില്‍ ലാലിഗയില്‍ 37 ഗോളുകള്‍ നേടിയാണ് മെസ്സി കരിയറിലെ നാലാം സുവര്‍ണ പാദുകം സ്വന്തമാക്കിയത്. ഇതോടെ, ഈ നേട്ടത്തില്‍ മെസ്സി ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കൊപ്പമെത്തി. 2010, 2012, 2013 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് മെസ്സി യൂറോപ്പിലെ ഗോള്‍വേട്ടക്കാരനായത്.
34 മത്സരങ്ങളില്‍ നിന്നാണ് കഴിഞ്ഞ സീസണില്‍ മെസ്സി 37 ഗോള്‍ നേടിയത്. സ്‌പോര്‍ട്ടിങ് ലിസ്ബണിന്റെ ബാസ് ദോസ്ത് (34) ആണ് രണ്ടാം സ്ഥാനത്ത്. ബൊറുഷ്യ ഡോട്മുണ്ടിന്റെ പിയറി എമറിക്ക് ഒബാമയാങ് (31) മൂന്നും ബയേണ്‍ മ്യൂണിക്കിന്റെ റോബര്‍ട്ട് ലെവന്‍ഡവ്‌സ്‌കി (30) നാലും മെസ്സിയുടെ സഹതാരമായ ലൂയിസ് സുവാരസ് (29) അഞ്ചും സ്ഥാനങ്ങളിലെത്തി.
2008, 2011, 2014, 2015 വര്‍ഷങ്ങളിലെ ജേതാവായിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് (25 ഗോള്‍) ഇത്തവണ ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്താനായില്ല.