X
    Categories: MoreViews

പുതിയ കോച്ചിന് കീഴില്‍ മെസിയും സംഘവും; ബ്രസീല്‍-അര്‍ജന്റീന സൗഹൃദ മല്‍സരം വെള്ളിയാഴ്ച്ച

മെല്‍ബണ്‍: ക്രിക്കറ്റിനും ടെന്നിസിനും പേരു കേട്ട മെല്‍ബണ്‍ ഈ വെള്ളിയാഴ്ച്ച ലോകം കാത്തിരിക്കുന്ന ഒരു സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തിന് വേദിയാവുന്നു. ലോക ഫുട്‌ബോളിലെ പരമ്പരാഗത ശക്തികളായ ബ്രസീലും അര്‍ജന്റീനയും സൗഹൃദ ഫുട്‌ബോള്‍ പോരാട്ടത്തില്‍ മുഖാമുഖം വരുന്നത് ഓസീസ് നഗരത്തിലാണ്. പുതിയ കോച്ചിന് കീഴിലാണ് അര്‍ജന്റീന കളിക്കുന്നത്. സ്പാനിഷ് ലാലീഗ ക്ലബായ സെവിയെയുടെ പരിശീലകന്‍ ചിലിയില്‍ നിന്നുള്ള ജോര്‍ജ് സാംപോളിയുടെ കീഴില്‍ ഇന്നലെ മെല്‍ബണ്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മെസിയും സംഘവും പരിശീലനം നടത്തി. നിലവില്‍ ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. അടുത്ത വര്‍ഷം റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇനിയും യോഗ്യത നേടിയിട്ടില്ലാത്ത മെസിയുടെ സംഘത്തിന് ഈ പോരാട്ടം അഭിമാന പ്രശ്‌നമാണ്. ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇപ്പോള്‍ ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ലോക റാങ്കിംഗില്‍ അര്‍ജന്റീനയേക്കാള്‍ പതിനൊന്ന് പോയന്റിന്റെ വ്യക്തമായ ലീഡും ബ്രസീലിനുണ്ട്. ലോകകപ്പ് യോഗ്യത റൗണ്ടിലെ ദയനീയ പ്രകടനത്തിന് ശേഷം എഡ്ഗാര്‍ഡോ ബൗസയെ പുറത്താക്കിയാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുതിയ കോച്ചിന് അവസരം നല്‍കിയത്. 57 കാരനായ സാംപോളി മെസിയുടെ പിന്തുണയിലാണ് പരിശീലകനായത്. അതിനാല്‍ തന്നെ ബ്രസീലുമായുളള സൗഹൃദ പോരാട്ടത്തില്‍ ജയമെന്നത് പുതിയ കോച്ചിനും അതിനേക്കാളുപരി മെസിക്കും നിര്‍ണായകമാണ്.

chandrika: