X

എല്‍ക്ലാസിക്കോയില്‍ റെക്കോര്‍ഡുകള്‍ അടിച്ചുകൂട്ടി ലയണല്‍ മെസി

മാഡ്രിഡ്: ലാലിഗയിലെ റയലിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ നേടിയ പെനാല്‍ട്ടി ഗോളോടെ വീണ്ടും റെക്കോര്‍ഡുകളുടെ താരമായി ബാര്‍സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. എല്‍ക്ലാസിക്കോയില്‍ ഏറ്റവുമധികം ഗോള്‍ (17)നേടുന്ന കളിക്കാരന്‍ എന്ന അപൂര്‍വമായൊരു ബഹുമതിയാണ് അര്‍ജന്റീനക്കാരന്‍ സ്വന്തം പേരിലാക്കിയത്. ലോകത്തെ മികച്ച ക്ലബ്ബുകളിലൊന്നായ മാഡ്രിഡ് ഭീമന്മാര്‍ക്കെതിരെ മറ്റൊരു കളിക്കാരനും ഇത്രയധികം ഗോളുകള്‍ നേടിയിട്ടില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ നിന്നു ലഭിച്ച പെനാല്‍റ്റി കിക്കെടുത്താണ് മെസി റെക്കോര്‍ഡ് സ്വന്തമാക്കിയത്. 64-ാം മിനുട്ടിലായിരുന്നു ലാലിഗയില്‍ റയലിനെതിരെ തന്റെ 17-ാം ഗോള്‍ മെസി കുറിച്ചത്. റയല്‍ ഗോള്‍മുഖത്ത് നടന്ന കൂട്ടപൊരിച്ചിലില്‍ പന്ത് വലയില്‍ എത്തിയെങ്കിലും റയല്‍ താരം കര്‍വാഹല്‍ പന്ത് കൈകൊണ്ട് തടുത്തതിനെ തുടര്‍ന്നു റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടുകയായിരുന്നു. പന്ത് കൈകൊണ്ട് തടുത്തതിന് കര്‍വാഹലിന് ചുവപ്പ് കാര്‍ഡ് ലഭിക്കുകയുംമുണ്ടായി.

ഇന്നത്തെ മത്സരത്തിലെ നേട്ടത്തോടെ എല്‍ ക്ലാസിക്കോയില്‍ 25 ഗോള്‍ എന്ന നാഴികക്കല്ലും മെസ്സി പിന്നിട്ടു. ഈ ഗണത്തില്‍ മെസ്സി ബഹുദൂരം മുന്നിലാണ്. 18 ഗോളുള്ള മുന്‍ റയല്‍ മാഡ്രിഡ് താരം ഡെസ്റ്റഫാനോ ആണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോ മൂന്നാം സ്ഥാനത്താണ്.
ലാലിഗയില്‍ തുടര്‍ച്ചയായി 10 സീസണുകളില്‍ പതിനഞ്ചിലതികം അതിലധികമോ ഗോള്‍ നേടുന്ന ആദ്യ താരം എന്ന ഖ്യാതിയും മെസ്സിയുടെ പേരിലായി.

അതിനിടെ എല്‍ ക്ലാസിക്കോയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് എന്ന റെക്കോര്‍ഡും മെസി നിലനിര്‍ത്തി. 93-ാം മിനുട്ടില്‍ അലക്സ് വിദാലിന്റെ ഗോല്‍ന് വഴിയൊരുക്കി മെസ്സി നേട്ടം 14 അസിസ്റ്റാക്കി ഉയര്‍ത്തിയത്.

chandrika: