X

നൗഷേരയിലെ സിംഹം ബ്രിഗേഡിയര്‍ മുഹമ്മദ് ഉസ്മാന്‍

പോരാളികളൊന്നും അധികകാലം ജീവിക്കാറില്ലെന്ന സത്യം നൗഷേരയിലെ സിംഹം മുഹമ്മദ് ഉസ്മാന്റെ ജീവിതത്തിലും സത്യമായി പുലരുക തന്നെ ചെയ്തു. സ്വതന്ത്ര ഇന്ത്യക്ക് നഷ്ടമായ മുതിര്‍ന്ന സൈനിക ഓഫീസര്‍ കൂടിയായിരുന്ന ഉസ്മാന്‍ 36ാമത്തെ വയസിലാണ് വീര ചരമം പ്രാപിച്ചത്. 1948ലെ ഇന്ത്യാ- പാക് യുദ്ധത്തിലാണ് ആ വീര സിംഹം കൊല്ലപ്പെട്ടത്.

1912 ജൂലൈ 15ന് ഇന്നത്തെ യുപിയിലെ അസംഗഡ് ജില്ലയിലെ ബീബിപൂരിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്തു തന്നെ ധീരനായ ഉസ്മാന് സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. ഉയര്‍ന്ന ജാതിക്കാര്‍ക്കും പ്രഭു കുടുംബങ്ങള്‍ക്കും മാത്രം സൈന്യത്തില്‍ കമ്മീഷണ്ട് ഓഫീസറാവാന്‍ കഴിയുന്ന കാലത്ത് ആ നേട്ടം സ്വന്തമാക്കി ഉസ്മാന്‍ വിസ്മയമായി.

സ്വതന്ത്ര്യാനന്തരം പാകിസ്താന്റെ കരസേനാ മേധാവി സ്ഥാനമടക്കം ഒട്ടേറെ സൈനിക പദവികള്‍ ഓഫര്‍ ചെയ്യപ്പെട്ടിരുന്നു ഉസ്മാന്. എന്നാല്‍ മാതൃരാജ്യത്തിനൊപ്പം തുടരാനായിരുന്നു അദ്ദേഹത്തിന് താല്‍പര്യം. വിഭജന കാലത്ത് പാകിസ്താനിലെ ബലോച് റജിമെന്റിലായിരുന്ന അദ്ദേഹം അവിടം ഉപേക്ഷിച്ച് ഡോഗ്ര റജിമെന്റിന് കീഴില്‍ നിയമിതനായി. 77 പാരാ ബ്രിഗേഡ് കമാണ്ടറായി പ്രമോട്ട് ചെയ്യപ്പെടുകയും ചെയ്തു.

47ലെ ജമ്മുവിലെ നൗഷാര മേഖലയിലെ യുദ്ധമുന്നണിയിലേക്ക് നിയമിക്കപ്പെട്ട ഉസ്മാന്‍ കശ്മീരില്‍ നിന്ന് പാക് സൈന്യത്തെ തുരത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഒരിക്കല്‍ സൈനിക തലവനാകാന്‍ ക്ഷണിച്ച അതേ രാജ്യം തന്നെ ഉസ്മാന്റെ തലക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. ശത്രുരാജ്യം തലക്ക് വിലയിടാന്‍ മാത്രം മാതൃരാജ്യത്തെ പുല്‍കിയ ആ ജവാന്‍ ആഗ്രഹിച്ച പോലെ യുദ്ധമുന്നണിയില്‍ തന്നെയായിരുന്നു അന്ത്യം.

അവിവാഹിതനായിരുന്ന ഉസ്മാന്‍ സൈനിക വൃത്തിയിലൂടെ ലഭിച്ചിരുന്ന സമ്പാദ്യം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന ചെലവിനായിരുന്നു നല്‍കിയിരുന്നത്. 1948 ജൂലൈ 3ന് ത്ധാങ്കര്‍ പ്രതിരോധിക്കുന്നതിനിടെയായിരുന്നു ഉസ്മാന്റെ അന്ത്യം. ‘ഞാന്‍ മരിച്ചേക്കാം, എന്നാല്‍ ഞങ്ങള്‍ പോരാടുന്ന ഭൂമി ഒരിക്കലും ശത്രുവിന് ലഭിക്കില്ല’ എന്നായിരുന്നു ഉസ്മാന്റെ അവസാന വാക്കുകള്‍. ആ ധീര പോരാളിയുടെ അന്ത്യകര്‍മ്മങ്ങളില്‍ പ്രധാനമന്ത്രി നെഹ്‌റുവടക്കം വന്‍ നിര തന്നെയായിരുന്നു പങ്കെടുത്തത്. രാജ്യം മഹാവീര ചക്രം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

Web Desk: