ബെംഗളൂരു: കര്‍ണാടകയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ലിംഗായത്ത് മഹാസഭ പ്രവര്‍ത്തകരുടെ പ്രതിഷേധം. ബെംഗളൂരു രാജ്ഭവന്‍ റോഡില്‍ ബസവേശ്വര പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താനെത്തിയ അമിത് ഷായെ ലിംഗായത്ത് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു. ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കുന്ന കാര്യത്തില്‍ ഷാ നിലപാട് വ്യക്തമാക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയിലാക്കിയ തീരുമാനമായിരുന്നു ലിംഗായത്തുകള്‍ക്ക് മതപദവി നല്‍കാനുള്ള കര്‍ണാടക സര്‍ക്കാറിന്റെ തീരുമാനം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാത്തതാണ് ലിംഗായത്തുകളെ പ്രകോപിപ്പിക്കുന്നത്. ഈ വിഷയം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ലിംഗായത്ത് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
രണ്ട് ദിവസത്തെ ഇലക്ഷന്‍ പ്രചരണത്തിനായാണ് അമിത് ഷാ കര്‍ണാടകയിലെത്തിയത്. ലിംഗായത്ത് വിഭാഗത്തിന്റെ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനുള്ള ശ്രമങ്ങളുമായാണ് അമിത് ഷാ എത്തിയിരിക്കുന്നത്. ലിംഗായത്ത് സ്ഥാപകനായ ബസവ ജയന്തി ആഘോഷ പരിപാടികളില്‍ അമിത് ഷാ പങ്കെടുക്കും. അതിനിടെയുണ്ടായ പ്രതിഷേധം ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.