അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശിരാഹട്ടി ഫക്കീരേശ്വർ ലിംഗായത്ത് മഠാധിപൻ ദിങ്കലേശ്വർ സ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കർണാടകത്തിലെ ധർവാഡിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്കെതിരെയാണ് ദിങ്കലേശ്വർ സ്വാമി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
ലിംഗായത്തുകളെ അധിക്ഷേപിച്ച പ്രൾഹാദ് ജോഷിക്കെതിരെ വിശ്വാസികളുടെ ആവശ്യപ്രകാരമാണ് താൻ മത്സരിക്കുന്നതെന്നാണ് ദിങ്കലേശ്വർ സ്വാമി പറഞ്ഞത്. കാവി വസ്ത്ര ധാരികളെയും അഭിമാനത്തെയും വിലമതിക്കുന്നവർ രണ്ട് ദേശീയ പാർട്ടികൾക്കും സ്വാർത്ഥ രാഷ്ട്രീയക്കാർക്കുമെതിരെ നടത്തുന്ന ധർമ്മയുദ്ധമാണ് തൻ്റെ സ്ഥാനാർത്ഥിത്വമെന്നും ദിങ്കലേശ്വർ സ്വാമി ബെംഗളൂരുവിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിഎസ് യെദ്യൂരപ്പയെ ബിജെപി താഴെയിറക്കാൻ കാരണം ഒരു ബ്രാഹ്മണൻ കൂടിയായ പ്രൾഹാദ് ജോഷിയുടെ ഇടപെടലാണെന്ന് കർണാടകത്തിലെ രാഷ്ട്രീയ രംഗത്ത് ഒരു അടക്കംപറച്ചിലുണ്ട്. യെദ്യൂരപ്പയുടെ അടുപ്പക്കാരനായ ദിങ്കലേശ്വർ സ്വാമി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി തോറ്റതിന് പിന്നാലെ തോൽവിക്ക് കാരണം യെദ്യൂരപ്പയുടെ കണ്ണീരിൽ ബിജെപി കടപുഴകുമെന്നത് സത്യമായെന്ന് പറഞ്ഞിരുന്നു.
മെയ് ഏഴിനാണ് ദർവാഡ് മണ്ഡലത്തിൽ വോട്ടെടുപ്പ്. ഏപ്രിൽ 19 വരെ ഇവിടെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഏപ്രിൽ 22 വരെ പത്രിക പിൻവലിക്കാനുള്ള സമയമുണ്ട്. ലിംഗായത്ത് ഉപവിഭാഗങ്ങളായ പഞ്ചമശാലി, ബനജിക എന്നിവയ്ക്ക് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് കുറുബ സമുദായത്തിൽ നിന്നുള്ള പുതുമുഖമായ വിനോദ് അസുതിയെയാണ് സ്ഥാനാർത്ഥിയാക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നവാൽഗുണ്ട് മണ്ഡലത്തിൽ മത്സരിക്കാൻ അസുതി താത്പര്യപ്പെട്ടിരുന്നെങ്കിലും പിന്നീട് എൻഎച്ച് കോൺറെഡ്ഡിക്ക് വേണ്ടി ഒഴിഞ്ഞിരുന്നു. ഇതാണ് ഇക്കുറി സ്ഥാനാർത്ഥിത്വം ലഭിക്കുന്നതിൽ നിർണായകമായത്.