ഖുര്‍ആന്‍ പഠിക്കാന്‍ തീരുമാനിച്ചതിന് അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നോട് ചെകുത്താനോടെന്ന പോലെ പെരുമാറിയെന്ന് ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന്‍. 2015-ല്‍ ഖുര്‍ആന്‍ കൈവശം വെച്ചുകൊണ്ടുള്ള തന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ച ശേഷം അമേരിക്കന്‍ മാധ്യമങ്ങളില്‍ നിന്ന് കനത്ത അവഹേളനമാണ് നേരിടേണ്ടി വന്നതെന്നും സ്വന്തം നാട്ടില്‍ പുറത്തുനിന്നുള്ള ഒരാളെപ്പോലെ കഴിയേണ്ടി വന്നുവെന്നും മീന്‍ ഗേള്‍സ്, ഫ്രണ്ട്‌ലി ഫയര്‍, ചാപ്റ്റര്‍ 27 തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ലിന്‍ഡ്‌സേ പറഞ്ഞു.
തുര്‍ക്കിയിലെ ഒരു സുഹൃത്തിനൊപ്പം ഹിജാബ് ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിനും കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നു. ഞാന്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തു എന്ന രീതിയിലായിരുന്നു പ്രചരണങ്ങള്‍. ഖുര്‍ആന്‍ ഞാന്‍ പഠിക്കാനാഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്റെ വ്യക്തിപരമായ കാര്യമാണ്, എന്റെ മാത്രം തീരുമാനം. ഇത് നിങ്ങള്‍ പരസ്യപ്പെടുത്തേണ്ടതല്ല ഒരു തുര്‍ക്കി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ 30-കാരി പറഞ്ഞു.
‘ഒരു സൗദി സുഹൃത്ത് എനിക്ക് സമ്മാനിച്ചതായിരുന്നു ഖുര്‍ആന്‍. ഞാന്‍ അതുംകൊണ്ട് തെരുവിലൂടെ നടക്കുകയായിരുന്നു. തെരുവിന്റെ മറുവശത്തുനിന്നായിരിക്കണം പാപ്പരാസി ആ ചിത്രമെടുത്തത്. ഞാനത് അറിഞ്ഞില്ല. അതിന്റെ പേരില്‍ അമേരിക്കയില്‍ അവരെന്നെ ക്രൂശിച്ചു. എന്റെ സ്വന്തം രാജ്യത്ത് സുരക്ഷിതത്വം ഇല്ലാത്ത പോലെ എനിക്ക് തോന്നി. ജനങ്ങള്‍ വളരെ മോശമായാണ് എന്നോട് പെരുമാറിയത്…’
തുര്‍ക്കിയില്‍ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഹിജാബ് ധരിച്ചു കൊണ്ടുള്ള ചിത്രം ലിന്‍ഡ്‌സേ ലോഹന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ആന്‍തെപിലുള്ള അഭയാര്‍ത്ഥി ക്യാമ്പിലെ സന്നദ്ധപ്രവര്‍ത്തകയുടെ തട്ടം കണ്ട് താന്‍ ആകൃഷ്ടയായെന്നും ഭംഗിയുണ്ടെന്ന് പറഞ്ഞപ്പോള്‍ അവര്‍ തനിക്കത് സമ്മാനമായി നല്‍കിയെന്നും ലിന്‍ഡ്‌സേ കുറിച്ചു. അവരുടെ വിശാല മനസ്‌കതക്കും ക്യാമ്പിലുള്ളവര്‍ തന്നോട് കാണിച്ച സ്‌നേഹത്തിനുമുള്ള നന്ദിപ്രകാശനമെന്നോണമാണ് ആ ഹിജാബ് ധരിച്ചത്. ചിത്രത്തിന് ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.
അതേസമയം, തുര്‍ക്കിക്കാരനായ ഒരു കോടീശ്വരനുമായി ലിന്‍ഡ്‌സേ പ്രണയത്തിലാണെന്നും തുര്‍ക്കിയിലെ മദര്‍ തെരേസ ആകാന്‍ നോക്കുയാണവരെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശിച്ചു.
മദ്യപാനാസക്തി കാരണം ഹോളിവുഡ് കരിയറില്‍ തിരിച്ചടി നേരിട്ട ലിന്‍ഡ്‌സേ ഇപ്പോള്‍ ലണ്ടനിലാണ് താമസിക്കുന്നത്. അമേരിക്ക വിട്ട് ലണ്ടനിലേക്ക് കുടിയേറാനുള്ള തീരുമാനം തന്റെ ജീവിതത്തിലെ ഏറ്റവും മികച്ചതാണെന്ന് അവര്‍ പറയുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ അവര്‍ ഗ്രീസില്‍ ഒരു നൈറ്റ് ക്ലബ്ബ് നടത്തുന്നുണ്ട്.