X

വ്യക്തിസ്വാതന്ത്ര്യത്തിന്റെ അതിര്

പ്രെഫ: പി.കെ.കെ തങ്ങള്‍

ഓരോ ശിശുവും ജന്മമെടുക്കുന്നത് സുന്ദര (സ്വതന്ത്ര) പ്രകൃതത്തോടെയാണ്. പ്രാരംഭം മുതല്‍ വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും അവന്റെ വ്യക്തിത്വത്തില്‍ സാഹചര്യങ്ങള്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായിട്ടാണ് ഒരു പൂര്‍ണ മനുഷ്യനായി മാറന്നത്. മാതാവിന്റെ മാറിലും മടിത്തട്ടിലും മാത്രമായി ശൈശവം പിന്നിടുന്നതോടെ മാറ്റത്തിന്റെ ത്വര അവനില്‍ കടന്നുകൂടുകയും ചുറ്റുപാടിന്റെ അടിമയായി പരിണാമം പ്രാപിക്കുകയും ചെയ്യുന്നു. മലര്‍ന്നു കിടന്നു കൈകാലുകളിട്ടടിക്കുമ്പോള്‍ അത് പിടിച്ചുവെക്കാന്‍ വല്ലവരും ശ്രമിക്കുമ്പോള്‍ അവന്‍ പൊട്ടിക്കരഞ്ഞ് പ്രതിഷേധമറിയിക്കും. കാരണം അവന്റെ സ്വാതന്ത്ര്യമാണവിടെ തടസപ്പെടുന്നത്. ഇത് വെറും തുടക്കം മാത്രമാണ്. ആശയപരമായ കാഴ്ചപ്പാടുകളും ആഗ്രഹങ്ങളും പ്രതീക്ഷകളും വളര്‍ന്നുവരുന്നതിനനുസൃതമായി പ്രാപിച്ചു കൊണ്ടിരിക്കുക ഒരു വ്യക്തിയെന്ന നിലക്കുള്ള സ്വാതന്ത്ര്യ തൃഷ്ണ തന്നെയായിരിക്കും.

അളവില്‍ ആനുപാതികമാവാമെങ്കിലും ലോകത്ത് പിറവിയെടുക്കുന്ന ഒരു മനുഷ്യനും ഈ സ്വാതന്ത്ര്യത്തിനപ്പുറമല്ല. അങ്ങിനെ വരുമ്പോള്‍ ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. അതായത്, ഇത് ലോകത്ത് ജന്മമെടുക്കുന്ന ഓരോ വ്യക്തിയുടെയും അവസ്ഥയല്ലേ? എങ്കില്‍ എല്ലവരും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനും ആസ്വദിക്കാനും സ്വന്തം നിലക്ക് മുതിര്‍ന്നു കഴിഞ്ഞാല്‍ ലോകം ഒരു ഭ്രാന്താലയമായി മാറില്ലേയെന്ന്. അതിന് ലളിതവും സാര്‍വത്രികമായ ശൈലിയില്‍ ഉള്ള മറുപടി ‘ഒരാളുടെ സ്വതന്ത്ര്യം അപരന്റെ മൂക്കറ്റം വരെ മാത്രം എന്നാണ്. എന്നുവെച്ചാല്‍ ഒരാള്‍ വ്യക്തി സ്വാതന്ത്ര്യമായി കാണുന്നതെന്തും മറ്റുള്ളവന് സ്വീകാര്യമായ ആശയമോ കാഴ്ചപ്പാടോ ആയിക്കൊള്ളണമെന്നില്ല. ആകയാല്‍ വ്യക്തിസ്വാതന്ത്ര്യമെന്നുള്ളത് വളരെ കരുതലോടെയും ആലോചനയോടെയും ബുദ്ധിപൂര്‍വ്വകമായി പ്രയോഗിക്കേണ്ടുന്നതാണ്. മറ്റുള്ളവന്റെ ‘മേക്കിട്ടു കയറുന്ന’ വിധമാവരുതെന്ന് ചുരുക്കം.

ശാരീരിക സ്വാതന്ത്ര്യത്തോടൊപ്പമോ അതിലും പ്രാധാന്യത്തിലോ നിലകൊള്ളുന്നതാണ് മാനസിക സ്വാതന്ത്ര്യം. ഒരു മനസിന്റെ ആന്തരിക വ്യാപാരത്തിന്റെ ബഹിര്‍ പ്രകടനമാണല്ലോ പ്രവര്‍ത്തനങ്ങള്‍. പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യപ്രാപ്തി മാനസിക നിലപാടുകള്‍ക്കനുസൃതമായിരിക്കും എന്നതില്‍ സംശയമില്ല. കാരണം മനസില്‍ വ്യക്തമായ കണക്കുകൂട്ടലുകളില്ലാതെ തോന്നിയ വിധം (റാന്റം) നിര്‍വഹിക്കപ്പെടുന്ന പ്രവൃത്തികള്‍ക്ക് ഒരിക്കലും നിയതമായ ഫലം (റിസല്‍ട്ട്) ലഭ്യമാവുകയില്ല. അവിടെ പാഴാകുന്നത് വിലപ്പെട്ട പ്രാണന്‍ എന്ന സമയവും (ടൈം) പ്രയത്‌ന (എനര്‍ജി) വുമാണ്. ഇവ രണ്ടും വൃഥാവിലാക്കാനുള്ളതല്ല, ജീവിതത്തിന്റെ ആകെത്തുകയാണ്. എന്നാല്‍ അത്രയും വിലപ്പെട്ട മാനസിക സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്യുകയും അക്കാരണത്താല്‍ കൈവരാനിരുന്ന നേട്ടങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്ന ബാഹ്യ ഇടപെടലുകള്‍ക്ക് മനസ്‌കീഴ്‌പ്പെട്ടുകൂടാ. അത്തരം ദുര്‍ബ്ബല മാനസന്മാര്‍ക്ക് ജീവിതത്തിലൊരിക്കലും വിജയം കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല.

എല്ലാ വിപത്തുകളിലും വലുത് മാനസിക അടിമത്തമാണ്. വൈകാരിക സ്വാതന്ത്ര്യം എന്ന് സാമാന്യേന നിര്‍വചിക്കപ്പെടുന്ന മാനസിക വ്യാപാരവും മനുഷ്യന്റെ ഏറ്റവും വലിയ മുതല്‍ മുടക്കാണ്. ഏതു കാര്യങ്ങളോടും മനസുകൊണ്ടുള്ള ആഭിമുഖ്യവും ഓരോ വ്യക്തിയുടെയും അഭ്യുന്നതിക്ക് അത്യന്താപേക്ഷിതമാണ്. സ്വന്തം സുരക്ഷിതത്ത്വവും മുന്നേറ്റവും സാധിതമാവേണ്ടത് സ്വന്തം മനസുകൊണ്ടെടുക്കുന്ന തീരുമാനങ്ങളിലൂടെയാവണമല്ലോ. സ്വന്തമായി അത്തരം ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ അശക്തരായവര്‍ക്ക് ഉല്‍ക്കര്‍ഷുക്കളായ സഹജീവികളുമായി കൂടിയാലോചിച്ചും വഴികണ്ടെത്തിയും നേട്ടമുണ്ടാക്കുന്നത് മാനസിക സ്വാതന്ത്ര്യമുള്ളവര്‍ക്ക് ജീവിതവിജയം കണ്ടെത്താന്‍ സഹായകമാകും. എന്നാല്‍ അപരന്റെ അടിമത്വത്തില്‍ കഴിയുന്നവര്‍ക്ക് അതിന് സാധിച്ചു കൊള്ളണമെന്നില്ല.

സ്വന്തം കഴിവുകള്‍ ഉപയോഗപ്പെടുത്തി നേട്ടങ്ങള്‍ കൈവരിക്കാന്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നത് വസ്തുതയാണ്.എന്നാല്‍ അവിടെ ചിന്തിക്കേണ്ടുന്ന വിഷയം അവനവന്‍ നേട്ടങ്ങളുണ്ടാക്കുമ്പോള്‍ അത് മറ്റുള്ളവന്റെ ജീവന്‍, അഭിമാനം, ധനം എന്നിവയൊന്നും സ്പര്‍ശിക്കുന്ന വിധമാവരുത്. ഇപ്പറഞ്ഞതെല്ലാം ഓരോരുത്തര്‍ക്കും അങ്ങേയറ്റം പവിത്രവും അസ്പര്‍ശ്യവുമാണ്. പ്രവാചകന്‍ വളരെ വ്യക്തമായി പഠിപ്പിച്ചിട്ടുള്ള വിഷയങ്ങളാണിതെല്ലാം. നേട്ടങ്ങളെല്ലാം തനിക്കുമാത്രം എന്ന നിലപാട് പൈശാചികമാണ്. ലോകത്ത് മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഭവങ്ങള്‍, സൗകര്യങ്ങള്‍, ഒന്നും തന്നെ മനുഷ്യന്‍ ഉണ്ടാക്കിയതോ, അവന്റെ യത്‌നത്താല്‍ എവിടുന്നെങ്കിലും കൊണ്ടു വന്നതോ അല്ല. മറിച്ച് അവന്റെ ഉല്‍പത്തിക്ക് മുമ്പേ തന്നെ ഈ പ്രപഞ്ചത്തില്‍ സജ്ജമാക്കപ്പെട്ടിട്ടുള്ളതാണെന്നും, താന്‍ അവയുടെയെല്ലാം വെറും ഉപഭോക്താവ് മാത്രമാണെന്നുള്ള തിരിച്ചറിവ് അവനുണ്ടായിരിക്കണം. എല്ലാറ്റിനും പരിധിയും അതിര്‍ത്തിയും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ആവശ്യത്തില്‍ കവിഞ്ഞോ സന്ദര്‍ഭത്തിനനുസൃതമല്ലാതെയോ ഒന്നും ഉപയോഗപ്പെടുത്താന്‍ മനുഷ്യന് അവകാശമില്ല.

മനുഷ്യജീവിതത്തിന്റെ ഒരു മേഖലയെയും അവന്‍ അനുവര്‍ത്തിക്കേണ്ടുന്ന സ്വാതന്ത്ര നയ രേഖയില്ലാതെ തുറന്നു വിടപ്പെട്ടിട്ടില്ല. ആദ്യമായി ദൈവവിശ്വാസം, തുടര്‍ന്ന് അനുബന്ധമായ വിശ്വാസങ്ങള്‍, ഭൗതികതയില്‍ മാത്രം എടുത്തു പറയുമ്പോള്‍ ആധുനികമായിട്ടുള്ള സാമ്പത്തിക, സാമൂഹ്യ, ആശയപരമായ കാഴ്ചപ്പാടുകളെ പ്രതിനിധീകരിക്കുന്ന വിവിധ സമൂഹങ്ങള്‍ എന്നിവയെല്ലാം ആധുനിക സമൂഹത്തിന്റെ മുന്നിലുണ്ട്. യുക്തമായത് തിരഞ്ഞെടുത്ത് ഉള്‍ക്കൊള്ളാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ആത്യന്തിക ശരിതെറ്റുകളെ വിലയിരുത്തി തിരഞ്ഞെടുത്ത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും മനുഷ്യനുണ്ട്. ആത്യന്തിക ശരിതെറ്റുകളെ വിലയിരുത്തി തിരഞ്ഞെടുത്ത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എന്ന നിലക്ക് തിരഞ്ഞെടുക്കപ്പെടുന്ന പ്രക്രിയയാണ് നിര്‍ണായകം. ഉടന്‍ നേട്ടമുണ്ടാക്കുന്നതിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന ആദര്‍ശങ്ങളും പദ്ധതികളും മുന്നോട്ട് വെച്ച് സമൂഹത്തെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന പ്രസ്ഥാനങ്ങള്‍ അരങ്ങു വാഴുന്ന കാലമാണിത്. എന്നാല്‍ അത്തരക്കാര്‍ ദൂരക്കാഴ്ച്ച കുറഞ്ഞവരാണെന്ന് പറയാതിരിക്കാന്‍ വയ്യ. ‘ഏറ്റവും ഉടനെ നേട്ടമുണ്ടാക്കുന്നതിലേക്കാ’ണ് മനുഷ്യന്‍ ആകര്‍ഷിക്കപ്പെടുന്നത്. വളരെ ക്ഷണികമായതില്‍ ആകൃഷ്ടമാവുക എന്നത് മനുഷ്യ പ്രകൃതത്തില്‍ അടങ്ങിയിരിക്കുന്നു. ആ വികാരത്തെ നിയന്ത്രിച്ചു നിര്‍ത്തി ചിന്താപൂര്‍വം കൂടുതല്‍ ബോധ്യവും ശാശ്വതത്ത്വവുമുള്ളതിനെ തിരഞ്ഞെടുക്കുകയെന്ന ബാദ്ധ്യത മനുഷ്യന്റേത് അഥവാ വ്യക്തിയുടേത് മാത്രമാണ്. അതിര്‍ വരമ്പുകള്‍ അവഗണിച്ചുള്ള മുന്നേറ്റം നാശത്തിലേക്കാണ് വഴി തുറക്കുക.

Test User: