തിരുവനന്തപുരം: ക്ഷേത്രവളപ്പില്‍ മൂത്രമൊഴിച്ചത് ചോദ്യംചെയ്ത പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി പൂവച്ചല്‍ പുളിങ്കോട് സ്വദേശി പ്രിയരഞ്ജന്റെ ജാമ്യാപേക്ഷ കാട്ടാക്കട ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഈ മാസം 12ന് പ്രിയരഞ്ജനെ റിമാന്‍ഡ് ചെയ്തിരുന്നു.
തന്റെ കക്ഷി നിരപരാധിയാണെന്നും ജാമ്യത്തിനായി എന്തു നിബന്ധനവച്ചാലും അംഗീകരിക്കുമെന്നും പ്രതിക്കായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്‍ ഇതിനെ എതിര്‍ത്തു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പിച്ചിരുന്നു. തെളിവ് നശിപ്പിക്കാനുള്ള സാധ്യതയുള്ളതിനാലും അന്വേഷണം പ്രാരംഭഘട്ടത്തിലായതിനാലും കോടതി ജാമ്യം നിഷേധിച്ചു.