X

വീട് മാറി കയറി അര്‍ധരാത്രിയില്‍ വനംവകുപ്പിന്റെ മിന്നല്‍ പരിശോധന; പരാതി നല്‍കി കുടുംബം

വീട് മാറി കയറി അര്‍ധരാത്രിയില്‍ വനംവകുപ്പിന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്ന് കുടുംബം വടക്കേക്കര പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാത്രി 12.15-ഓടെയാണ് അമ്മയും രണ്ട് കുട്ടികളും മാത്രം താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് പരിശോധന നടത്തിയത്. ആറ് മാസം മുമ്പും വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു.

ചൊവ്വാഴ്ച ആറ് പേരടങ്ങുന്ന സംഘമാണ് പരിശോധനക്ക് എത്തിയത്. ഇതില്‍ രണ്ട് പേര്‍ യൂണിഫോം ധരിച്ചിരുന്നു. ചന്ദനക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആള്‍ വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. എന്നാല്‍ വീട് മാറിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ വീട്ടുകാരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തിയെന്നും പരാതിയില്‍ പറയുന്നു.

അതേസമയം കോടനാട്, വാഴച്ചാല്‍ എന്നീ വനംവകുപ്പ് ഡിവിഷനുകളുമായി കുടുംബം ബന്ധപ്പെട്ടിരുന്നു. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

 

 

webdesk17: