സുരക്ഷാ പരിശോധന കര്‍ശനമാക്കുന്നതിനും കുറ്റകൃത്യങ്ങളുടെ തോത് കുറക്കുന്നതിനുമായി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ നിരവധി കുറ്റവാളികളെ പിടികൂടി. പരിശോധനയില്‍ 736 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
മയക്കുമരുന്ന്, ലഹരി വില്‍പ്പനക്കാര്‍, അനധികൃത മൂന്നക്ക നമ്പര്‍ ലോട്ടറി മാഫിയകള്‍, അനധികൃത മണല്‍കടത്തുകാര്‍ എന്നിവരും വിവിധ കേസുകളിലെ പിടികിട്ടാപുള്ളികളുമാണ് പിടിയിലായത്. കാപ്പ നിയമ പ്രകാരം നാടുകടത്തിയ മൂന്നു പ്രതികള്‍ വിലക്ക് മറികടന്ന് ജില്ലയില്‍ പ്രവേശിച്ചതിനു അറസ്റ്റിലായി. മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് മാത്രം ജില്ലയില്‍ 109 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
ഇത്തരം സാമൂഹിക വിരുദ്ധരായ നിരവധി പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ ഉടന്‍ പിടികൂടുമെന്നു എസ്പി. അനധികൃത മണല്‍ കടത്തിനെതിരെ ശക്തമായ നിയമ നടപടികളാണ് പൊലീസ് സ്വീകരിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായി ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നക്ക നമ്പര്‍ ലോട്ടറി ചൂതാട്ടങ്ങളെ സംബന്ധിച്ചു 39 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
വിവിധ കേസുകളില്‍ പോലീസിനെ ഒളിച്ചും കോടതിയില്‍ ഹാജരാകാതെയും ഒളിവില്‍ താമസിച്ചിരുന്ന 37 പ്രതികളും ജാമ്യമില്ലാ വാറണ്ടില്‍ പിടികിട്ടാനുണ്ടായിരുന്ന 125 പ്രതികളും ഉള്‍പ്പെടെ 162 കുറ്റവാളികളെയാണ് പൊലീസ്
ഒറ്റ രാത്രി കൊണ്ടു പിടികൂടി നിയമത്തിനു മുമ്പാകെ ഹാജരാക്കിയത്.
കൂടാതെ ജില്ലയിലെ അതിര്‍ത്തികളും പ്രധാന നഗരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയില്‍ 4663 വാഹനങ്ങള്‍ ട്രാഫിക്ക് നിയമങ്ങള്‍ ലംഘിച്ചതായി കാണപ്പെട്ടു. ഇവരില്‍ നിന്നു 8,84,550 രൂപ പിഴ ഈടാക്കി. ജില്ലാ പൊലീസ്
മേധാവി, ജില്ലയിലെ ഡിവൈഎസ്പിമാര്‍, ഇന്‍സ്‌പെക്ടര്‍മാര്‍, എസ്‌ഐമാര്‍ ഉള്‍പ്പെടെയുള്ള സേനാംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പൊലീസ്
പരിശോധന നടത്തിയത്.