X

വിദേശവനിത ലിഗ മരിച്ചത് വിഷക്കായ് കഴിച്ചിട്ടെന്ന വാദം പൊളിയുന്നു; മരണം ശ്വാസംമുട്ടിയെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: ചികിത്സക്കായി കേരളത്തിലെത്തിയ ലാത്വിയന്‍ യുവതി ലിഗ മരിച്ചത് വിഷക്കായ് കഴിച്ചിട്ടാണെന്ന വാദം പൊളിയുന്നു. യുവതിയുടേത് ശ്വാസംമുട്ടിയുള്ള മരണമാണെന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.

അതേസമയം, ലിഗ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നത് അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ലിഗയുടെ മൃതദേഹം കണ്ടെത്തി ആറു ദിവസമായിട്ടും ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. മരണകാരണം വ്യക്തമാക്കുന്ന അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള പരിശോധനാ ഫലം വൈകുന്നതാണ് ഇതിന് കാരണം.

മൃതദേഹത്തിലുണ്ടായിരുന്ന അടിവസ്ത്രത്തിലെ ബ്രാന്റ് നെയിം ലിഗയുടെ രാജ്യത്തെ കമ്പനിയുടേതാണെന്നതും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ച സിഗരറ്റ് പായ്ക്കറ്റുമാണ് മരിച്ചത് ലിഗ തന്നെയെന്ന നിഗമനത്തില്‍ എത്തിച്ചിരിക്കുന്നത്. ലിഗയെ കോവളത്ത് എത്തിച്ച ഓട്ടോെ്രെഡവര്‍ ഇന്നലെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.

മൃതദേഹത്തില്‍ നിന്ന് ലഭിച്ച ജാക്കറ്റ് ലിഗ ഓട്ടോയില്‍ കയറിയപ്പോള്‍ ഉണ്ടായിരുന്നതല്ലെന്നാണ് ഓട്ടോഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ പൊലീസ് നിരീക്ഷണത്തിലാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപം വ്യാജവാറ്റു കേന്ദ്രവും ചീട്ടുകളി സംഘവും സജീവമാണ്.

chandrika: