തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. റിസോര്‍ട്ടിനായി ലിഗയെ കാന്‍വാസ് ചെയ്യാനാണ് അവരുമായി സംസാരിച്ചതെന്നാണ് കസ്റ്റഡിയിലെടുത്തവരുടെ മൊഴി. എന്നാല്‍ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്ന നിലപാടിലാണ് പൊലീസ് .കസ്റ്റഡിയിലുള്ളവര്‍ കണ്ടല്‍ കാട്ടിലേക്ക് പോകുന്നത് കണ്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം, ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചുള്ള പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല നടത്തിയത് ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാമെന്നും ബലാത്സംഗം നടന്നോ എന്നത് വ്യക്തമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഇത് പറയുക സാധ്യമല്ല.
കാല്‍മുട്ടു കൊണ്ടോ ഇരുമ്പു ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചാകാം കൊന്നതെന്നനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. കഴുത്ത് ഞെരക്കുമ്പാഴാണ് തരുണാസ്ഥികള്‍ പൊട്ടുന്നതെന്നാണ് വിവരം.