ന്യൂനപക്ഷ ഭവനപദ്ധതിക്കുള്ള ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ലൈഫ് പദ്ധതിയില്‍ അപക്ഷേ നല്‍കി പ്രതീക്ഷയോടെ കാത്തിരുന്ന ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്ക് ഫലം നിരാശ. ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്ന ലൈഫ് പദ്ധതിയുടെ കരട് ലിസ്റ്റുകളില്‍ നിന്നും ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ട വിധവകളെ ഒഴിവാക്കി. ന്യൂനപക്ഷ വകുപ്പിലൂടെ നടപ്പിലാക്കുന്ന വിധവകളുടെ ഭവനപദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട് എന്ന കാരണം പറഞ്ഞാണ് ഇവരുടെ അപേക്ഷകള്‍ ലൈഫ് പദ്ധതിയില്‍ നിന്നും തള്ളിയത്.
കഴിഞ്ഞ ഒന്നര വര്‍ഷമായി ഭവനപദ്ധതിയില്‍ അപേക്ഷ നല്‍കി തുടരുന്ന കാത്തിരിപ്പ് ഫലം കാണാത്ത സാഹചര്യത്തിലാണ് ലൈഫ് പദ്ധതിയിലേക്ക് ഇവര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ മറ്റൊരു പദ്ധതിയുടെ ലിസ്റ്റില്‍ അംഗങ്ങളായവരെ ‘ലൈഫ്’ പട്ടികയില്‍ ഉള്‍പെടുത്താനാവില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതോടെ രണ്ടുവര്‍ഷമായി പെരുവഴിയില്‍ കിടക്കുന്ന പദ്ധതിക്കായി വീണ്ടും കാത്തിരിക്കേണ്ട സ്ഥിതിയിലാണ് ഇവര്‍. പദ്ധതിയുടെ 1290 ഗുണഭോക്താക്കളില്‍ നൂറില്‍ താഴെ പേര്‍ക്ക് മാത്രമാണ് ന്യൂനപക്ഷ വകുപ്പ് ആദ്യ ഗഡു തുക നല്‍കിയത്. ഗുണഭോക്താക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചതല്ലാതെ പല ജില്ലകളിലും പ്രാഥമിക നടപടികള്‍ പോലും പൂര്‍ത്തിയായിട്ടില്ല.
പദ്ധതിക്കായി വകയിരുത്തിയ 32.25 കോടിയാണ് സര്‍ക്കാരിന്റെ അനാസ്ഥ കാരണം പാഴാകുന്നത്. 2015-16ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ വിജയകരമായി പൂര്‍ത്തിയാക്കിയ പദ്ധതിയായിരുന്നു ഇത്. 2016-17ലെതും 2017-17ലെതുമായി ഒന്‍പതിനായിരം അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. പദ്ധതിയിലെ വീടുകളില്‍ 80 ശതമാനം മുസ്‌ലിം സമുദായത്തിലെ വിധവകള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 2000 അപേക്ഷകര്‍ ഉള്‍പെടെ സംസ്ഥാനത്ത് ഒന്‍പതിനായിരം പേരാണ് പദ്ധതിക്കായി അപേക്ഷിച്ചത്. ന്യൂനപക്ഷ ഡയറക്ടറേറ്റിലെ പ്രോജക്ട് ഓഫീസര്‍, ജില്ലാ കലക്ടറേറ്റുകളിലെ ജൂനിയര്‍ സൂപ്രണ്ട്, ന്യൂനപക്ഷ കോച്ചിങ് സെന്ററുകളിലെ പ്രിന്‍സിപ്പല്‍ എന്നിവരടങ്ങുന്ന സമിതിക്കായിരുന്നു അപേക്ഷകള്‍ പരിശോധിക്കാനുള്ള ചുമതല. പല ജില്ലകളിലും ഈ കമ്മിറ്റികള്‍ ചേരാന്‍ വൈകിയിരുന്നു.
അപേക്ഷകള്‍ തരംതിരിച്ച് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളിലേക്ക് അയക്കുകയും മറുപടിയായി വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുകയും ചെയ്ത ശേഷമാണ് ഗുണഭോക്തൃ പട്ടിക തയാറാക്കേണ്ടത്. മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട ഈ നടപടികള്‍ക്ക് ന്യൂനപക്ഷ വകുപ്പ് ആറുമാസത്തിലേറെയെടുത്തു. പട്ടിക തയാറാക്കിയിട്ട് ഇപ്പോള്‍ രണ്ടുമാസം പിന്നിടുന്നു. ഭര്‍ത്താവ് മരിച്ചതോ ഉപേക്ഷിക്കപ്പെട്ടതോ ആയ ന്യൂനപക്ഷ സമുദായത്തിലെ വിധവകള്‍ക്ക് 2.5 ലക്ഷം രൂപ ഭവനിര്‍മാണത്തിന് അനുവദിക്കുന്ന പദ്ധതി മന്ത്രിയായിരിക്കെ മഞ്ഞളാംകുഴി അലിയാണ് നടപ്പിലാക്കിയത്. പദ്ധതി നിര്‍വഹണത്തിന് ന്യൂനപക്ഷ വകുപ്പിനെയും കലക്ടറേറ്റുകളെയും സജ്ജമാക്കിയിരുന്നു. 2015-16ല്‍ 1290 വീടുകള്‍ സമയബന്ധിതമായി നിര്‍മിക്കുകയും ചെയ്തിരുന്നു. അന്ന് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ തന്നെ അവസാന ഗഡു തുകയും നല്‍കി വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കാനായി.