X
    Categories: keralaNews

ലൈഫ്മിഷന്‍ ഫ്‌ളാറ്റിലെ ചോര്‍ച്ചയെകുറിച്ച് പരാതിപ്പെട്ട വീട്ടമ്മക്ക് സിപിഎം പ്രവര്‍ത്തകരുടെ ഭീഷണി

ലൈഫ് മിഷന്‍ ഫ്‌ളാറ്റിലെ ചോര്‍ച്ചയെ കുറിച്ച് മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രതികരിച്ച വീട്ടമ്മയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തി. കോട്ടയം വിജയപുരത്തെ ലൈഫ് മിഷന്‍ ഫ്‌ളാറ്റിലെ താമസക്കാരിയാണ് ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കം ഇരുപതോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ മണര്‍കാട് പൊലീസില്‍ പരാതി നല്‍കിയത്. അതേസമയം ഒമ്പത് കോടി ചെലവിട്ട് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയം രണ്ടു മാസത്തിനകം ചോര്‍ന്നതില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി സര്‍ക്കാരിനയച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 8ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ലൈഫ് മിഷന്‍ ഫ്‌ളാറ്റ് സമുച്ചയത്തിലെ വീടുകള്‍ രണ്ടു മാസത്തിനകം ചോര്‍ന്നൊലിച്ചത് താമസക്കാരുടെ വ്യാപക പരാതിക്ക് വഴിവച്ചിരുന്നു. നിര്‍മാണ ഗുണനിലവാരത്തില്‍ സംശയമുന്നയിച്ച കുഞ്ഞുമോള്‍ എന്ന വീട്ടമ്മയെയാണ് ഇന്നലെ ഉച്ചയോടെ ഗ്രാമപഞ്ചായത്ത് അംഗങ്ങളടക്കമുളള സിപിഎമ്മുകാര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടിയോട് പറയാതെ എന്തിന് മാധ്യമങ്ങളെ അറിയിച്ചു എന്നു ചോദിച്ചായിരുന്നു ഭീഷണിയെന്ന് കുഞ്ഞുമോള്‍ പറയുന്നു.

Chandrika Web: