സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ ഓരോ വര്‍ഷവും 50000 പേര്‍ അര്‍ബുദ രോഗത്തിന് അടിപ്പെടുന്നതായി കണക്കുകള്‍. പോപ്പുലേഷന്‍ ബേസ്ഡ് ക്യാന്‍സര്‍ റെജിസ്ട്രിസ് നല്‍കുന്ന വിവരങ്ങളനുസരിച്ച് ദേശീയ തലത്തിലെ ശരാശരിയേക്കാള്‍ കൂടുതലാണിത്. 20000 ത്തിലധികം പേരാണ് ഈ രോഗത്താല്‍ മരണപ്പെട്ടുകൊണ്ടിരിക്കുന്നത്. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദമാണ് കൂടുതലായും കാണപ്പെടുന്നതെങ്കില്‍ സ്ത്രീകളില്‍ മാറിടമാണ് കൂടുതലായും അര്‍ബുദ ബാധിതമാകുന്നത്. പുരുഷന്‍മാര്‍ക്ക് വായ, ഉദരം എന്നിവിടങ്ങളിലും സ്ത്രീകളില്‍ തൈറോയ്ഡ്, സെര്‍വിക്‌സ് എന്നീ ഭാഗങ്ങളിലും അര്‍ബുദം പിടിപെടുന്നു. സമീപകാലത്തില്‍ പുകയില സംബന്ധമായ അര്‍ബുദം അപകടകരമാം വിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരില്‍ 43.8% പേര്‍ പുകയില മൂലം അര്‍ബുദ ബാധിതരായവരാണെങ്കില്‍ സ്ത്രീകളില്‍ അത് 13. 6 ശതമാനമാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ അര്‍ബുദ രോഗമുക്തരായവരുടെ ഒത്തുചേരലിന് വേദിയൊരുങ്ങുകയാണ്. പിങ്ക് ഹോപ് ക്യാന്‍സര്‍ പേഷ്യന്റ് സപ്പോര്‍ട്ട് ഗ്രൂപ്പ്, ക്യാന്‍സര്‍ പരിചരണത്തില്‍ വിദഗ്ദ്ധരായ എച്ച്.സി.ജിയുമായി സഹകരിച്ചു നടപ്പാക്കുന്ന ‘സെല്‍ഫ്‌വി സര്‍വൈവര്‍ സ്‌റ്റോറീസ്’ നാലാം എഡിഷന്റെ മുഖ്യ വിഷയം ‘സെലിബ്രേറ്റിംഗ് ലൈഫ്’ എന്നതാണ്.
ക്യാന്‍സര്‍ രോഗ വിമുക്തരായവര്‍ക്ക് തങ്ങളുടെ ജീവിതത്തിലെ ആഹ്ലാദം പങ്ക് വെക്കാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ്‌വി സര്‍വൈവര്‍ സ്‌റ്റോറീസ്. കേരളത്തില്‍ നിന്നുള്ള അര്‍ബുദ വിമുക്തര്‍ക്ക് തങ്ങളുടെ അതിജീവന കഥകളും ഇപ്പോഴുള്ള അവരുടെ ജീവിത രീതികളും ജീവിതത്തിലെ സന്തോഷമാര്‍ന്ന നിമിഷങ്ങളുമെല്ലാം പങ്കു വയ്ക്കുന്ന 60 മുതല്‍ 90 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സെല്‍ഫി വീഡിയോകള്‍ അപ്‌ലോഡ് ചെയ്യുക വഴിയാണ് ഈ പ്രചാരണത്തിന്റെ ഭാഗമാകാന്‍ കഴിയുക. ഇത്തരത്തില്‍ ചിത്രീകരിക്കുന്ന വീഡിയോ facebook.com/selfv എന്ന ഫേസ്ബുക്ക് പേജിലോ, www.selfv.in എന്ന
വെബ്‌സൈറ്റിലോ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ഇത് ചെയ്യുക വഴി രോഗത്തോട് പൊരുതുന്ന നിരവധി പേര്‍ക്ക് ഊര്‍ജ്ജം പകരുവാനും ഇതുമായി ബന്ധപ്പെട്ട പല അവ്യക്തതകളും മാറ്റുവാനും സാധിക്കും. ഇങ്ങനെ ലഭ്യമാകുന്ന വീഡിയോകളില്‍ നിന്നും വിധിക്കര്‍ത്താക്കളുടെ സമിതി തിരഞ്ഞെടുക്കുന്ന മികച്ചവയ്ക്ക് സെല്‍ഫ് വി 2018 ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രവേശനം നല്‍കും.
അര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് തങ്ങളുടെ ആത്മവീര്യം ആഘോഷിക്കുവാനുള്ള അവസരമൊരുക്കുകയാണ് സെല്‍ഫ് വി സര്‍വൈവര്‍ സ്‌റ്റോറീസ്. അര്‍ബുദ ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രോഗവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന നിഗൂഢതകള്‍ ഇല്ലാതാക്കുന്നതിനും അര്‍ബുദ വിമുക്തര്‍ തങ്ങളുടെ അതിജീവനത്തിന്റെയും പ്രതീക്ഷകളുടെയും കഥകള്‍ പങ്ക് വയ്ക്കുന്നത് വഴി ഈ രോഗത്തോട് പോരാടുന്ന നിരവധി പേര്‍ക്ക് ഊര്‍ജ്ജം പകരുന്നതിനുമാണ് ഈ ക്യാമ്പയിന്‍ ലക്ഷ്യമിടുന്നത്.