തലശേരി: സി.പി.എം പ്രവര്‍ത്തകന്‍ പാനൂരിലെ താഴയില്‍ അഷ്‌റഫിനെ നഗരമധ്യത്തില്‍ കടമുറിയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ക്കും ജീവപര്യന്തം തടവും 70,000 രൂപ പിഴയും. അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ടി.കെ വിനോദ്കുമാറാണ് ശിക്ഷ വിധിച്ചത്. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കുറ്റേരിയിലെ താഴെകണ്ടി സുബിന്‍(30), മൊകേരിയിലെ പുതിയോട്ട് അനീഷ്(31), മൊകേരിയിലെ വലിയപറമ്പത്ത് രാജീവന്‍ (38), തെക്കേ പാനൂരിലെ പി.പി പുരുഷോത്തമന്‍(41), പന്ന്യന്നൂരിലെ എന്‍.കെ രാജേഷ്(39), അരയാക്കൂലിലെ കോടഞ്ചേരി കെ.രതീശന്‍(39) എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികള്‍ 70,000 രൂപ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം അധികം തടവ് കൂടി അനുഭവിക്കണം. പിഴ അടച്ചാല്‍ പിഴ തുക അഷ്‌റഫിന്റെ കുടുംബത്തിനു നല്‍കണം. കേസില്‍ 22 സാക്ഷികളെയാണ് വിസ്തരിച്ചിരുന്നത്. 34 രേഖകളും കൊലക്കുപയോഗിച്ച വാളുകള്‍ ഉള്‍പ്പെടെ 10 തൊണ്ടി മുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു. 2002 ഫെബ്രുവരി 5ന് ഉച്ചക്ക് 1.45ന് പാനൂര്‍ ടൗണില്‍ വെച്ചാണ് അഷറഫ് കൊല്ലപ്പെട്ടത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി.പി ശശീന്ദ്രന്‍ ഹാജരായി.