തോട്ടിലെ വെള്ളത്തില്‍ മുങ്ങിപ്പിടഞ്ഞ മൂന്ന് വയസ്സുകാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കരകയറ്റി ഒമ്പത് വയസ്സുകാരിയുടെ ധീരത. വടകര ചെക്യാട് സ്വദേശി മനോജന്റേയും പ്രേമയുടേയും മകളായ മയൂഖയാണ് അയല്‍ക്കാരന്‍ കൂടിയായ മുഹമ്മദിന്റെ ജീവന്‍ രക്ഷിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.
വീടിന് സമീപത്തെ ചെറുവത്താഴത്തോട്ടില്‍ കുളിക്കാനിറങ്ങിയ സഹോദരന്‍മാരുടെ പിന്നാലെ ആരും കാണാതെ എത്തിയതായിരുന്നു മുഹമ്മദ്. തോടിന്റെ താഴ്ന്ന ഭാഗത്ത് മുഹമ്മദിന്റെ സഹോദരന്മാര്‍ കുളിക്കുന്നതിനിടെയാണ് കരയിലെ കല്ലില്‍ കാഴ്ചകള്‍കണ്ട് ഇരിക്കുകയായിരുന്നു മുഹമ്മദ് വെള്ളത്തിലേക്ക് വീണത്. സംഭവത്തെക്കുറിച്ച് മയൂഖ പറയുന്നത് ഇങ്ങനെ..
‘ഞാന്‍ തോട്ടില്‍ന്നും കുളിക്കലേനും, അപ്പോഴാണ് എട്ടന്മാരുടെ പിന്നാലെ മുഹമ്മദ് ആരും കാണാതെ വന്നത്. ഓന്‍ വന്ന് തോടിന്റെ കരയില്‍ ഇരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ മുഹമ്മദിനെ ഏട്യേം കാണുന്നില്ല, അപ്പോഴാണ് വെള്ളത്തില്‍ ഒരു ചോന്ന ഷര്‍ട്ട് കണ്ടത്. മുഹമ്മദ് ഇട്ടത് ചോപ്പ് കളര്‍ ടീ ഷര്‍ട്ട് ആണെന്ന് ഓര്‍മയുള്ളോണ്ട് ഞാന്‍ വേഗം തോട്ടിലേക്ക് ചാടി മുഹമ്മദിനെ ടീഷര്‍ട്ട് പിടിച്ച് വലിച്ചെടുത്തു, കരയിലേക്കിട്ടു. കരയിലിരുന്ന് ഓന്‍ ഉറങ്ങിപ്പോയതോണ്ട് തോട്ടിലേക്ക് വീണുവെന്നാണ് മുഹമ്മദ് പറഞ്ഞത്. അപ്പോഴേക്കും ഏച്ചിമാരും ഏട്ടന്മാരും എല്ലാരും വന്നു. കൊറച്ച് വെള്ളം അകത്തേക്കെത്തിയിരുന്നു. അതെല്ലാം ഞെക്കിക്കളഞ്ഞു. പിന്നെ ഓന്‍ പ്രശ്നൊന്നും ഉണ്ടായില്ല, അതുകൊണ്ട് ആശുപത്രിയിലേക്കൊന്നും പോയില്ല.
ഉറങ്ങിവീണതാണോ, കാലുതെറ്റി വീണതാണോ എന്ന് മുഹമ്മദിനും നിശ്ചയമില്ല, വെള്ളത്തില്‍ വീണിരുന്നുവെന്ന് മാത്രമേ അവനും ഓര്‍മയിലുള്ളൂ, എന്തായാലും മുഹമ്മദിനെ ജീവിതത്തിലേക്ക് വലിച്ചുകയറ്റിയ മയൂഖയ്ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ് മുഹമ്മദിന്റെ മാതാപിതാക്കളായ മൂസ്സയ്ക്കും സക്കീനയ്ക്കും.
കൃത്യസമയത്ത് ഇടപെട്ട് മുഹമ്മദിന്റെ ജീവന്‍ രക്ഷിച്ച ചെക്യാട് ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ മയൂഖയെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടുകയാണ് നാട്ടുകാരും സുഹൃത്തുക്കളും അധ്യാപകരും.
മുഹമ്മദ് വെള്ളത്തില്‍ മുങ്ങുന്നത് കണ്ടപ്പോള്‍ പേടിയായില്ലേ എന്ന ചോദ്യത്തിന് ഇല്ലെന്ന് ഉറച്ച വാക്കില്‍ മയൂഖ പറഞ്ഞു. സ്ഥിരമായി കുളിക്കുന്ന തോടാണ്. എത്ര ദൂരത്തില്‍ വേണമെങ്കിലും നീന്തിപ്പോകാനാവും. ചെറുപ്പം മുതല്‍ ഇതേ തോട്ടില്‍ കുളിച്ച് ശീലിച്ചതിനാല്‍ നീന്തലും നല്ലവശമാണെന്നാണ് മയൂഖ പറയുന്നത്.