കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ മൊഴിയെടുത്തു. കൊച്ചിയിലെ ആദായനികുതി വകുപ്പ് ഓഫീസില്‍ ഉച്ചക്ക് 12 മണിയോടെയാണ് മൊഴിയെടുക്കല്‍ ആരംഭിച്ചത്. ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ആദായനികുതി വകുപ്പ് ചോദിച്ചതെന്നാണ് വിവരം.
സന്തോഷ് ഈപ്പന്റെ സ്വത്ത് വിവരങ്ങളും ആദായനികുതി വകുപ്പ് ശേഖരിക്കുന്നുണ്ട്. ലൈഫ് മിഷന്‍ ഇടപാടിന് മുമ്പ് സന്തോഷ് ഈപ്പന്‍ വന്‍ തുകയുടെ മറ്റെന്തെങ്കിലും ഇടപാട് നടത്തിയിട്ടുണ്ടോ എന്നാണ് ആദായനികുതി വകുപ്പ് പ്രധാനമായും അന്വേഷിക്കുന്നത്.
20 കോടിയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ അഞ്ചരക്കോടിയോളം രൂപയുടെ കോഴ ഇടപാട് നടന്നതായി ആദായനികുതി വകുപ്പ് നേരത്തെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അനില്‍ അക്കര എംഎല്‍എയാണ് ലൈഫ് മിഷന്‍ പദ്ധതിയില്‍ നടന്ന കോടികളുടെ അഴിമതി പുറത്തുകൊണ്ടുവന്നത്.