X

ധാരണാപത്രം ശിവശങ്കര്‍ ഹൈജാക്ക് ചെയ്തു; ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടെന്ന് സിബിഐ

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പ് അധോലോക ഇടപാടാണെന്ന് സിബിഐ കോടതിയില്‍. ലൈഫ് മിഷനും യുഎഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും സിബിഐ കോടതിയില്‍ വ്യക്തമാക്കി.

ലൈഫ് മിഷന്‍ സിഇഒ യു.വി.ജോസിനേയും ഗീതു എന്ന ഉദ്യോഗസ്ഥയേയും ശിവശങ്കരന്‍ തന്റെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയെന്നും അപ്പോള്‍ മാത്രമാണ് ഇത്തരമൊരു നിര്‍മാണക്കരാറിലേക്ക് എത്തിയ കാര്യം സി.ഒ ആയ യു.വി.ജോസ് അറിയുന്നതെന്നും സിബിഐ പറഞ്ഞു. കേസില്‍ യു.വി.ജോസ് പ്രതിയാകുമോ, മുഖ്യമന്ത്രി സാക്ഷിയാകുമോ എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്നും സിബിഐ പറഞ്ഞു.

യൂണിടാക്കിന് ലഭിച്ച പണം കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് റെഡ്ക്രസന്റില്‍ നിന്നല്ല. തന്നെയുമല്ല യുഎഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്ന കരാര്‍ സംബന്ധിച്ചും വിശദമായ അന്വേഷണം വേണമെന്നും സിബിഐ പറഞ്ഞു.കരാറുമായി ബന്ധപ്പെട്ട് യുണിടാക്ക് ആദ്യം സമീപിക്കുന്നത് സന്ദീപ് നായരെയാണ്. പിന്നീട് സരിത്തിനെയും സ്വപ്‌നയെയും കണ്ടു. ഇവരെല്ലാം തന്നെ കുപ്രസിദ്ധ കളളക്കടത്തുകേസുമായി ബന്ധപ്പെട്ട് നിലവില്‍ ജയിലിലാണ്. ഇടപാടുമായി ബന്ധപ്പെട്ട് വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് വാദിച്ച സിബിഐ ഇടപാടില്‍ സംശയകരമായ നിരവധി കാര്യങ്ങളുണ്ടെന്നും അധോലോക ഇടപാടാണ് നടന്നിരിക്കുന്നതെന്നും വ്യക്തമാക്കി.

Test User: