X

ലൈഫ് മിഷന്‍ കോഴ: ഇഡിയുടെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ലെന്ന് ശിവശങ്കര്‍

കൊച്ചി: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് ഇഡിയുടെ ചോദ്യം ചെയ്യലിന് നാളെ ഹാജരാകാന്‍ സാധിക്കില്ലെന്ന് എം ശിവശങ്കര്‍. നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനാല്‍ വരാന്‍ കഴിയില്ലെന്ന് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ(ഇഡി) അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇമെയില്‍ വഴിയാണ് തന്റെ അസൗകര്യം ഇഡിയെ അറിയിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഇഡി മറുപടി നല്‍കി.

ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാല് കോടി 48 ലക്ഷം രൂപയുടെ കോഴ നല്‍കിയെന്ന യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇഡി കള്ളപ്പണം തടയല്‍ നിയമപ്രകാരം കേസെടുത്തത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍, സ്വര്‍ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

ലൈഫ് മിഷന്‍ ഇടപാടിലെ കോഴ ശിവശങ്കറിന്റെ പൂര്‍ണ അറിവോടെയായിരുന്നുവെന്നു സ്വപ്ന സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയില്‍ ആറ് കോടിയുടെ കോഴ ഇടപാട് നടന്നെന്നാണ് സ്വപ്ന സുരേഷ് ആവര്‍ത്തിച്ചത്. കോഴ പണം ലഭിച്ചവരില്‍ എം ശിവശങ്കര്‍ ഉണ്ടെന്ന് കേസിന്റെ ചോദ്യം ചെയ്യലിന് ഹാജരായ സരിതും പറഞ്ഞിരുന്നു.

webdesk13: