X

ലൈഫ് മിഷന്‍: ചിറ്റൂര്‍ വെള്ളപ്പന കോളനിക്കാരോടുള്ള സര്‍ക്കാര്‍ വഞ്ചനക്ക് ആറാണ്ട്

പാലക്കാട്: കോടികള്‍ മുടക്കി വാര്‍ഷികാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ കൊടുംവഞ്ചനയുടെ കഥയാണ് ചിറ്റൂര്‍ വെള്ളപ്പന കോളനിക്കാര്‍ക്ക് പറയാനുള്ളത്. ലൈഫ് മിഷനുവേണ്ടി സ്വന്തംവീടുകളില്‍ നിന്നും 17 കടുംബങ്ങളെ കുടിയിറക്കപ്പെട്ട നോവിന്റെ കഥ. 2017 ഏപ്രില്‍ 27 നാണ് അന്നത്തെ മന്ത്രി കെ.ടി ജലീല്‍ വെള്ളപ്പനയില്‍ ഫ്‌ളാറ്റ് മോഡലില്‍ ലൈഫ് പ്രഖ്യാപനം നടത്തിയത്. ഇതേവര്‍ഷം തന്നെ മെയ് 28ന് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെട്ടിഘോഷിച്ച് മന്ത്രി എ.കെ ബാലന്റെ നേതൃത്വത്തില്‍ നടന്നു. ആറുമാസത്തിനകം പദ്ധതി പൂര്‍ത്തിയാക്കുമെന്നായിരുരുന്നു വാഗ്ദാനം. എന്നാലിപ്പോള്‍ ആറുവര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തികള്‍ എങ്ങുമെത്തിയിട്ടില്ല. സര്‍ക്കാരിന്റെ ലൈഫ് മിഷനില്‍ വിശ്വാസമര്‍പ്പിച്ച കുടുംബങ്ങള്‍ സമീപത്തെ തന്നെ കനാലിന്റെ ഓരങ്ങളിലും റോഡരികുകളില്‍ ഷെഡ്ഡ് കെട്ടിയും മറ്റു ചിലര്‍ വാടക വീടുകളിലുമാണ് കഴിഞ്ഞുകൂടുന്നത്. ഇതിനിടയില്‍ പലരും രോഗം പിടിപെട്ട് മരണത്തിനും കീഴടങ്ങി. ചൂടും മഴയും തരണം ചെയ്താലും സ്വന്തമായൊരു വീട് ലഭിക്കുമെന്ന വിശ്വാസമാണവര്‍ക്ക് ഇപ്പോഴുമുള്ളത്.

5.19 കോടി ചിലവില്‍ അഞ്ച് നിലയുള്ള ഫ്‌ളാറ്റാണ് നിര്‍മിക്കുന്നത്. പെട്ടെന്ന് നിര്‍മാണം പൂര്‍ത്തിയാക്കാനായി എല്‍.ജി.എസ്.എഫ് (ലൈറ്റ് ഗേജ് സ്റ്റീല്‍ ഫ്രെയിം) സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഉരുക്കിന്റെ ഫ്രെയിമില്‍ ഷീറ്റുകള്‍ വെച്ചുപിടിപ്പിച്ചുള്ള നിര്‍മാണരീതിയാണിത്. പലതവണ ടെന്റര്‍ മാറ്റിയും മറ്റു സാങ്കേതിക കാരണങ്ങള്‍ക്കുമൊടുവില്‍ 2019 ഡിസംബറില്‍ തെലുങ്കാനയിലെ കമ്പനി ടെന്റര്‍ സ്വീകരിച്ചിരുന്നെങ്കിലും നിര്‍മാണം തുടങ്ങാന്‍ പിന്നെയും ഒരുവര്‍ഷമെടുത്തു. ഇതിനിടെ സര്‍ക്കാര്‍ യഥാസമയം ഫണ്ട് നല്‍കാത്തതിനാല്‍ കമ്പനി നിര്‍മാണം നിര്‍ത്തിവെച്ചു. പിന്നീട് പ്രതിപക്ഷ സംഘടനകള്‍ ശക്തമായ സമരത്തെ തുടര്‍ന്നാണ് വീണ്ടും പ്രവൃത്തി തുടങ്ങിയത്. ഇപ്പോഴാകട്ടെ പദ്ധതി പ്രദേശം കാടുപിടിച്ചു കിടക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മാണം പൂര്‍ത്തിയായാല്‍ തന്നെ ഈ വീടുകള്‍ വാസയോഗ്യല്ലെന്നാണ് പറയുന്നത്. പാശ്ചാത്യ രാജ്യങ്ങളിലെ രീതി കേരളീയ കാലാവസ്ഥക്ക് യോജിച്ചതല്ലെന്നും പരാതിയുണ്ട്. ലൈഫ് മിഷനില്‍ കണക്കുകള്‍ പെരുപ്പിച്ച് സര്‍ക്കാര്‍ നടത്തുന്ന പൊള്ളത്തരങ്ങള്‍ക്ക് ചിറ്റൂരിലെ വെള്ളപ്പന കോളനി മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ്.

webdesk11: