കൊച്ചി: ലൈഫ്മിഷന്‍ കോഴക്കേസില്‍ മുഖ്യന്ത്രിയുടെ അഡി. സെക്രട്ടറി രവീന്ദ്രന്‍ ഇന്ന് ഇ.ഡിക്ക് മുന്നില്‍. ഇയാള്‍ക്കെതിരെ കേസെടക്കാന്‍ സ്വപ്നയമായുള്ള ചാറ്റുകള്‍ മതിയാകുമോ എന്നതാണ് സംശയം. നയതന്ത്രബാഗേജില്‍ കള്ളക്കടത്ത്‌സ്വര്‍ണം വന്നുവെന്ന് ആദ്യമറിഞ്ഞതും ലൈഫ്മിഷന്‍ കോഴപ്പണം കൈപ്പറ്റിയതും സ്വപ്‌നയാണ്. കൈക്കൂലിപ്പണത്തിലെ വീതം രവീന്ദ്രനു കിട്ടിയിട്ടുണ്ടോ എന്നതാണ് ഇ.ഡി. പരിശോധിക്കുന്നത്.
പലപ്പോഴായി ഒമ്പതര കോടി രൂപ നല്‍കിയെന്നാണ് സ്വപ്‌നയുടെ മൊഴി. ഈ പണം ആര്‍ക്കൊക്കെ ലഭിച്ചുവെന്നതാണ് നിര്‍ണായകം. കൈക്കൂലി പണം വാങ്ങിയെന്ന് തെളിഞ്ഞാല്‍, അറസ്റ്റിന് സാധ്യതയുണ്ട്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യല്‍ സമയം സ്വപ്‌നയെ വ്യക്തിപരമായി അറിയില്ലെന്ന് നേരത്തെ രവീന്ദ്രന്‍ പറഞ്ഞിരുന്നു. ഈ വാദങ്ങള്‍ പൊളിക്കുന്നതാണ് പുതിയ ചാറ്റ്. സ്വപ്‌നയുടെ നഷ്ടപ്പെട്ടുവെന്നു കരുതിയ ഫോണ്‍ ഇ.ഡിക്കു കിട്ടിയിരുന്നു. ഇതിലെ വാട്‌സാപ്പിലാണു രവീന്ദ്രനും സ്വപ്‌നയും തമ്മിലുള്ള നിര്‍ണായക ചാറ്റുകളുള്ളത്. നേരത്തെ ചോദ്യം ചെയ്യുമ്പോള്‍ സ്വപ്‌നയുമായി ഒരു ബന്ധവുമില്ലെന്നായിരുന്നു രവീന്ദ്രന്റെ നിലപാട്.
എന്നാല്‍ അപ്രത്യക്ഷമായ സ്വപ്‌നാ സുരേന്ദ്രന്റെ ഐ ഫോണിലെ ഇപ്പോള്‍ പുറത്തു വരുന്ന ചാറ്റുകള്‍ നിര്‍ണായകമാണ്. ശിവശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്, ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനായി രവീന്ദ്രനെ വിളിപ്പിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ ധാരണപത്രം ഒപ്പിടുന്നതിന് രണ്ടുദിവസം മുമ്പ് ശിവശങ്കറും സ്വപ്‌നയും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റില്‍ രവീന്ദ്രന്റെ പേരും പരാമര്‍ശിച്ചിരുന്നു. ശിവശങ്കറിന്റെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട് ഇ.ഡി. കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ സ്വപ്‌ന സുരേഷും സി.എം. രവീന്ദ്രനും തമ്മിലുള്ള വാട്ട്‌സാപ്പ് സന്ദേശത്തിന്റെ പകര്‍പ്പും ഉള്‍പ്പെടുത്തിയിരുന്നു. ഇരുവരും തമ്മിലുള്ള അടുപ്പം സൂചിപ്പിക്കുന്നതായിരുന്നു ഈ ചാറ്റുകള്‍. അതിനാല്‍, രവീന്ദ്രനും സ്വപ്‌നയും തമ്മില്‍ അടുപ്പമുണ്ടായിരുന്നോ എന്നും ലൈഫ് മിഷന്‍ അടക്കമുള്ള വിഷയങ്ങളിലെ ചര്‍ച്ചകളില്‍ ശിവശങ്കറിനെ കൂടാതെ രവീന്ദ്രനും പങ്കാളിത്തം ഉണ്ടായിരുന്നോ എന്നുമുള്ള അന്വേഷണത്തിലേക്കാണ് ഇ.ഡി. കടക്കുന്നത്.