ലൈഫ് മിഷന്‍ കോഴ ഇടപാടില്‍ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ശിവശങ്കറിന്റെ ജാമ്യം തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ലൈഫ് മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടന്നത്. മുഖ്യമന്ത്രിക്ക് വേണ്ടി അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറി നടത്തിയതാണ് ഈ ഇടപാടുകളെല്ലാമെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായി.
മുഖ്യമന്ത്രിയിലും ഭരണകക്ഷിയിലും എം.ശിവശങ്കറിന് വലിയ സ്വാധീനമുണ്ടെന്ന ഹൈക്കോടതി പരാമര്‍ശം അതീവ ഗൗരവമുളളതാണ്. മുഖ്യമന്തിയുടെ ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന പ്രതിപക്ഷ വാദമാണ് ഹൈക്കോടതി ശരിവച്ചിരിക്കുന്നത് . പതിവ് നിശബ്ദതയ്ക്കപ്പുറം ഹൈക്കോടതി വിധിയോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം അനിവാര്യമാണ്. ബി.ജെ.പി- സി.പി.എം ധാരണയുടെ ഭാഗമായി പല കേസുകളിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിട്ടുണ്ട്. ലൈഫ് മിഷന്‍ കേസില്‍ സ്വപ്ന സുരേഷിന്റെ അറസ്റ്റ് വൈകുന്നത് എന്തെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് അന്വേഷണ ഏജന്‍സിയായ ഇ.ഡിയാണ് അദ്ദേഹം വ്യക്തമാക്കി.