ലൈഫ് മിഷന്റെ പദ്ധതിയുടെ ഭാഗമായി ലഭിച്ച വീട്ടില്‍ കഴിച്ചുകൂട്ടുന്നത് നരക ജീവിതം. കാങ്കോല്‍ ആലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ ചുടലപ്പാറയില്‍ താമസിക്കുന്ന 6 കുടുംബങ്ങളാണ് അത്യാവശ്യ സൗകര്യങ്ങള്‍ പോലും ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭിച്ചില്ലെന്നാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നത്. ഗതാഗതയോഗ്യമായ റോഡില്ല, വെള്ളവും വെളിച്ചവുമില്ല.
വീട് നിര്‍മ്മിക്കാന്‍ വേണ്ടി പുറത്തു നിന്നും വെള്ളം പണം കൊടുത്താണ് വാങ്ങിയിരുന്നത്. ഏകദേശം 150 മീറ്ററോളം ദൂരമുള്ള റോഡ് ഗതാഗത യോഗ്യമാക്കി വെള്ളവും വൈദ്യുതിയും ലഭ്യമായാല്‍ ഈ ദുരിതത്തിന് വലിയ രീതിയില്‍ മാറ്റമുണ്ടാകുമായിരുന്നു. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, എംഎല്‍എ, കലക്ടര്‍, പഞ്ചായത്ത് എന്നിവിടങ്ങളിലൊക്കെ പരാതി കൊടുത്തെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല.