രേഖകളില്‍ തട്ടിപ്പ് നടത്തി 1.5 മില്യണ്‍ ഡോളര്‍ ലൈഫ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയ യുവതിക്കായി തെരച്ചില്‍. പാകിസ്താന്‍ സ്വദേശിയായ സീമ ഖാര്‍ബെ എന്നു പേരുള്ള യുവതിയാണ് ഇന്‍ഷൂറന്‍സ് പൊളിസികളിലൂടെ ഭീമന്‍ തട്ടിപ്പു നടത്തിയത്. ഫെഡറല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഏജന്‍സിയാണ് കേസ് അന്വേഷിക്കുന്നത്. 2008 ലും 2009 ലും ഇവര്‍ അമേരിക്ക സന്ദര്‍ശിച്ച് അവിടെവച്ചാണ് വലിയ തുകയ്ക്കുള്ള പോളിസികള്‍ എടുത്തത്.
2011 ല്‍ പാക്കിസ്ഥാനിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ ചിലര്‍ക്ക് കൈക്കൂലി കൊടുത്തും ഡോക്ടറെ സ്വാധീനിച്ചും യുവതി മരണ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. സംസ്‌കാരം നടത്തിയെന്ന സര്‍ട്ടിഫിക്കറ്റും ജീവിച്ചിരിക്കുമ്പോള്‍ തന്നെ യുവതി സ്വന്തമാക്കി. ഈ സര്‍ട്ടിഫക്കറ്റുകള്‍ ഹാജരാക്കി മക്കളാണ് ഇന്‍ഷുറസ് തുക സ്വീകരിച്ചത്. 23 കോടി പാക്കിസ്ഥാന്‍ രൂപയാണ് രണ്ടു പോളിസികളിലായി യുവതി നേടിയത്.
മരിച്ചതായ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ശേഷം ഇവര്‍ പല പേരുകളില്‍ പല വട്ടം കറാച്ചി വിമാനത്താവളം വഴി വിദേശത്തേക്കു കടന്നിട്ടുണ്ട്. എല്ലാ തവണയും സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.
യുവതിക്കും മകനും മകള്‍ക്കും എതിരെ എഫ് ഐഎ ക്രിമിനല്‍ കേസാണ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. യുവതിക്ക് സര്‍ട്ടിഫിക്കറ്റ് നേടിക്കൊടുത്ത ഉദ്യോഗസ്ഥരുടെയും ഡോക്ടറുടെയും പങ്കും അന്വേഷിക്കുന്നുണ്ട്. അമേരിക്കയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് തട്ടിപ്പ് കണ്ടെത്തി പാക്കിസ്ഥാനില്‍ വിവരമറിയിച്ചത്. തുടര്‍ന്ന് അന്വേഷണം തുടങ്ങുകയായിരുന്നു