X
    Categories: indiaNews

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് ജീവപര്യന്തവും 25 ലക്ഷം പിഴയും

റാഞ്ചി: ആള്‍ക്കൂട്ട ആക്രമണം തടയാന്‍ നിയമ നിര്‍മാണം നടത്തി ജാര്‍ഖണ്ഡ് നിയമസഭ. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് പരമാവധി ജീവപര്യന്തം തടവും 25 ലക്ഷം രൂപ വരെ പിഴയുമാണ ശിക്ഷ. മന്ത്രി ആലംഗീര്‍ ആലമാണ് ബില്ല് സഭയില്‍ അവതരിപ്പിച്ചത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്താല്‍ പുതിയ നിയമം അനുസരിച്ച് ശിക്ഷ ലഭിക്കും. പരിക്കേറ്റവരുടെയോ കൊല്ലപ്പെട്ടവരുടേയോ ഉറ്റവര്‍ക്ക് ധനസഹായവും നിയമം ഉറപ്പുനല്‍കുന്നു. ആള്‍ക്കൂട്ട ആക്രമത്തിലേക്ക് നയിച്ച ഗൂഡാലോചനയില്‍ ഏര്‍പ്പെട്ടവര്‍ക്കും ശിക്ഷ ലഭിക്കും. ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും അല്ലെങ്കില്‍ അവര്‍ക്ക് സഹായം നല്‍കുന്നവരെയും ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്.

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നിയന്ത്രിക്കാനും നടപടിയെടുക്കാനും ഐജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയോഗിക്കണമെന്നും ബില്ലില്‍ പറയുന്നു. പ്രാദേശിക ഇന്റലിജന്‍സ് യൂണിറ്റുകളുടെ യോഗം മാസത്തിലൊരിക്കലെങ്കിലും നോഡല്‍ ഓഫീസര്‍ വിളിച്ചുചേര്‍ക്കണം.

സോഷ്യല്‍ മീഡിയ അടക്കം നിരീക്ഷിച്ച് ആള്‍ക്കൂട്ട ആക്രമണങ്ങളിലേക്ക് നയിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ നടപടി സ്വീകരിക്കണമെന്നും വ്യവസ്ഥയുണ്ട്. പ്രതിപക്ഷമായ ബി.ജെ.പിയുടെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് ബില്ല് പാസായത്. ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ബില്ലില്‍ നിരവധി ഭേദഗതികള്‍ വരുത്തണമെന്ന ബി.ജെ.പിയുടെ ആവശ്യം ശബ്ദവോട്ടില്‍ തള്ളുകയായിരുന്നു. രാജസ്ഥാനും പശ്ചിമ ബംഗാളിനും പിന്നാലെ ഇത്തരത്തില്‍ നിയമ നിര്‍മാണം നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ഭരണഘടന നല്‍കുന്ന അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് നിയമമെന്ന് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ പ്രതികരിച്ചു.

 

 

Test User: