X

കുതിക്കുന്ന വിലയില്‍ പൊള്ളുന്ന ജീവിതം-എഡിറ്റോറിയല്‍

കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ജനങ്ങളെ ദ്രോഹിച്ച് മതിയാകുന്നില്ലെന്ന് തോന്നുന്നു. ഓരോ ദിവസവും കൂടുതല്‍ വലിയ ഭാരങ്ങളാണ് ജീവിതത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങളുടെ വില അടിക്കടി വര്‍ധിപ്പിക്കുകയാണ്. കോവിഡില്‍ വരുമാന മാര്‍ഗങ്ങള്‍ വഴിമുട്ടി ജീവിതം ഗതിമുട്ടിനില്‍ക്കുമ്പോഴാണ് ദിനംപ്രതിയെന്നോണം പാചകവാതക, പെട്രോള്‍, ഡീസല്‍ വിലകള്‍ കേന്ദ്രം ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച പാചകവാതക വില സിലിണ്ടറിന് 15 രൂപ കൂട്ടിയതോടെ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വില 900 കടന്നിരിക്കുകയാണ്. ഒക്ടോബര്‍ ഒന്നിന് 25 രൂപയാണ് കൂട്ടിയത്. നാല് മാസത്തിനിടെ 100 രൂപയുടെ വര്‍ധന. സിലിണ്ടര്‍ വില ആയിരത്തിലെത്താന്‍ അധിക ദിവസങ്ങള്‍ വേണ്ടിവരില്ല. അതുകൊണ്ടും കേന്ദ്രത്തിന്റെ പ്രഹരങ്ങള്‍ അവസാനിച്ചില്ല. തൊട്ടുപിന്നാലെ പെട്രോള്‍, ഡീസല്‍ വിലയും കൂട്ടി. ഡീസല്‍ ലിറ്ററിന് 36 പൈസയും പെട്രോള്‍ ലിറ്ററിന് 30 പൈസയും. ഇപ്പോള്‍ സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 105.48 രൂപയും ഡീസല്‍ ലിറ്ററിന് 98.71 രൂപയും കൊടുക്കണം.

സാധാരണഗതിയില്‍ ഭരണകൂടങ്ങള്‍ ജനരോഷം ഭയന്ന് ഇന്ധന വിലകളെ തൊടാന്‍ രണ്ടുവട്ടം ആലോചിക്കാറുണ്ട്. അനിവാര്യഘട്ടത്തിലാണെങ്കില്‍ കൂടി അല്‍പം സാവകാശം കൊടുത്തേ വില കൂട്ടാറുള്ളൂ. അതുതന്നെ വലിയ പ്രക്ഷോഭങ്ങള്‍ക്ക് തിരികൊളുത്തുകയും ചെയ്യും. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതരസഖ്യം രാജ്യം ഭരിച്ചിരുന്ന കാലത്ത് വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പെട്രോള്‍, ഡീസല്‍ വില വര്‍ധന പോലും സമരങ്ങളിലും ബന്ദിലും അവസാനിക്കുകയായിരുന്നു പതിവ്. അക്കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വിലയിലുണ്ടാകുന്ന ഉയര്‍ച്ച താഴ്ചകള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി അധികാരത്തിലെത്തിയ ശേഷമുള്ള സ്ഥിതി അതല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലഭിച്ച ശേഷം പ്രത്യേകിച്ചും സ്ഥിതി മാറിമറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ മുന്നോട്ടുള്ള വില പിന്നെ പിന്നോട്ടില്ല. പെട്രോള്‍, ഡീസല്‍ വില നിരന്തരം കുതിച്ചുകൊണ്ടിരിക്കുന്നു. സാധാരണക്കാരന് അല്‍പമെങ്കിലും ആശ്വാസകരമായിരുന്ന സബ്‌സിഡി പോലും തന്ത്രപൂര്‍വം റദ്ദാക്കിയാണ് പാചകവാതക വില അടുക്കളകളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് രാജ്യത്തിന്റെ ശ്രദ്ധ മുഴുവന്‍ മഹാമാരിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോള്‍ പിന്‍വലിച്ച സബ്‌സിഡി ഇതുവരെ പുന:സ്ഥാപിച്ചിട്ടില്ല. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് പുതിയ നിരക്ക് വര്‍ധനക്ക് കാരണമെന്ന വാദത്തില്‍ ഒരു കഴമ്പുമില്ല. അന്താരാഷ്ട്ര വിപണിയില്‍ വില താഴ്ന്നിരിക്കുമ്പോള്‍ പോലും ഇന്ത്യയില്‍ പലവട്ടം ഉയരത്തിലേക്ക് പോയിട്ടുണ്ട്. ക്രൂഡ് ഓയില്‍ വില ബാരലിന് 20 ഡോളറിലേക്ക് കൂപ്പുകുത്തിയപ്പോള്‍ പോലും രാജ്യത്ത് മാറ്റമുണ്ടായില്ല.

ഇന്ധനവിലയുടെ പകുതിയിലധികം കേന്ദ്ര, സംസ്ഥാന നികുതികളാണ്. വലിയൊരു വരുമാനമാര്‍ഗമായാണ് സര്‍ക്കാരുകള്‍ അതിനെ കാണുന്നത്. കോവിഡില്‍ ജീവിതം മരവിച്ചിരിക്കുമ്പോള്‍ പോലും നികുതിയെ തൊടാന്‍ സര്‍ക്കാര്‍ കൂട്ടാക്കിയില്ല. എണ്ണ വിപണിയില്‍ കാലുറപ്പിച്ചിരിക്കുന്ന സ്വന്തക്കാരായ സ്വകാര്യ കമ്പനികള്‍ക്ക് തണലൊരുക്കാന്‍ കൂടിയാണ് കേന്ദ്രം ഇപ്പോള്‍ ഇന്ധന വിലകള്‍ വര്‍ധിപ്പിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. കോര്‍പറേറ്റുകളുടെ ലാഭത്തില്‍ മാത്രമാണ് കേന്ദ്രത്തിന് താല്‍പര്യം. ഇന്ധന വിലകള്‍ സാധാരണക്കാരനെ ബാധിക്കുന്ന വിഷയങ്ങളാണ്. ജനക്ഷേമകരമായ പദ്ധതികള്‍ കേന്ദ്രത്തിന്റെ ആലോചനയില്‍ വരുന്നില്ല. പകരം കുതന്ത്രങ്ങളും ജനദ്രോഹവും മാത്രം അജണ്ടയാക്കി സര്‍ക്കാര്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതക വിലകള്‍ പാവപ്പെട്ടവന്റെ ജീവിതത്തിലുണ്ടാക്കുന്ന പ്രത്യാഘതങ്ങള്‍ ഭീകരമാണ്. പൊതുവിപണി വിലയില്‍ അത് വലിയ വേലിയേറ്റമുണ്ടാക്കും. മെയ് മുതല്‍ കടത്തു ചെലവ് ഗണ്യമായി ഉയര്‍ന്നതു കാരണം അവശ്യസാധനങ്ങള്‍ക്ക് ഓരോ ദിവസവും പൊള്ളുന്ന വിലയാണ് ജനം നല്‍കുന്നത്. ഡീസല്‍ വില നൂറിനോട് അടുത്ത സാഹചര്യത്തില്‍ കടത്തുകൂലി വീണ്ടും വര്‍ധിക്കുകയാണ്. അത് ചെറുകിട വ്യവസായങ്ങളെയും വ്യാപാരത്തെയും പ്രതികൂലമായി ബാധിക്കും. കോവിഡ് പ്രതിസന്ധിയില്‍ അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന നിര്‍മാണ മേഖലകള്‍ക്കും വ്യവസായങ്ങള്‍ക്കും അസംസ്‌കൃത വസ്തുക്കളെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണുള്ളത്. പൊള്ളുന്ന വിലക്കയറ്റങ്ങള്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും ഒരുപോലെ ജനങ്ങളുടെ ക്രയശേഷിയെ തളര്‍ത്തിയിട്ടുണ്ട്. ഇതേക്കുറിച്ചൊന്നും ചിന്തയില്ലാതെ തോന്നിയതുപോലെ വില കൂട്ടുന്നതില്‍ കേന്ദ്രത്തിന് അല്‍പം പോലും കുറ്റബോധമില്ലെന്നതാണ് ഏറെ അത്ഭുതകരം.

വിലക്കയറ്റത്തില്‍ മുതുകൊടിഞ്ഞിട്ടും പരാതികളോ പരിഭവങ്ങളോ ഇല്ലാതെ എല്ലാം വിധിയെന്ന് സമാധാനിച്ച് ജനം ഭരണകൂടത്തിന്റെ കത്തിക്ക് സ്വയം തല വെച്ചുകൊടുക്കുന്നു. ഇത്രയും ഭീകരമായ നിസ്സംഗതക്ക് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യ സാക്ഷിയായിട്ടില്ല. എന്തു സംഭവിച്ചാലും പ്രതികരിക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നതിന്റെ വിലയാണ് ഇന്ധനങ്ങളിലൂടെയും അവശ്യസാധനങ്ങളിലൂടെയും ജനങ്ങളിപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.

Test User: