X
    Categories: MoreViews

നിയമം ലംഘിച്ചാല്‍ ഇന്നു മുതല്‍ ലൈസന്‍സ് റദ്ദാക്കും

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്‌പെന്‍ഷന്‍. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, ഇന്നു മുതല്‍ പ്രാബല്യത്തിലാകും.

ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനു പിടിക്കപ്പെട്ടവരുടെ ലൈസന്‍സുകളാണ് മൂന്നു മാസത്തേക്ക് റദ്ദാക്കുക. അതിനുശേഷം ലൈസന്‍സ് പുതുക്കി നല്‍കും. കേരളത്തിലൊട്ടാകെ 1,58,922 പേരുടെ ലൈസന്‍സാണ് ശനിയാഴ്ച മുതല്‍ സസ്‌പെന്‍ഡ് ചെയ്യുന്നത്. മദ്യപിച്ചു വാഹനമോടിക്കുക.
വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക, അമിത വേഗതയില്‍ വാഹനമോടിക്കുക, സിഗ്‌നല്‍ ലംഘിക്കുക തുടങ്ങിയ ഗതാഗതനിയമലംഘനങ്ങളെല്ലാം നടപടിയുടെ പരിധിയില്‍ വരും. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ക്കും ഇന്ന് തന്നെ തുടക്കം കുറിക്കും. ഇതിനായി എല്ലാ ആര്‍.ടി.ഒ ഓഫീസുകളിലും പ്രത്യേക വിഭാഗം പ്രവര്‍ത്തനമാരംഭിക്കും. മോട്ടോര്‍വാഹന വകുപ്പും പൊലീസും പിടികൂടിയ ഗതാഗതനിയമ ലംഘനങ്ങള്‍ ഒന്നിച്ചു പരിഗണിച്ചാകും നടപടി കൈക്കൊള്ളുക. രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയത്.

chandrika: