X

അഴിമതിക്കുള്ള ലൈസന്‍സ്- എഡിറ്റോറിയല്‍

ഏഴര പതിറ്റാണ്ടായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ഭരണകൂടങ്ങളാകെ സമ്പന്നര്‍ക്കനുകൂലമായാണ് നടപടികളെടുക്കുന്നതെന്നാണ് ഇടതുപക്ഷവും പ്രത്യേകിച്ച് സി.പി.എമ്മും എന്നും പറഞ്ഞുവെക്കാറുള്ളത്. നിലവിലെ ജനാധിപത്യസംവിധാനത്തില്‍ പോരായ്മകളുണ്ടെന്നത് ശരിതന്നെ. അഴിമതി, സ്വജനപക്ഷപാതം, കമ്മീഷന്‍ തട്ടല്‍ തുടങ്ങിയവയിലൂടെ ഖജനാവിലെ പൊതുജനത്തിന്റെ പണം ചിലരിലേക്ക് മാത്രമായി ഒഴുകുന്നുണ്ട്. വോട്ടെടുപ്പുകൂടാതെ അതിനെതിരെ ലോകായുക്ത പോലുള്ള അഴിമതിരഹിത സംവിധാനങ്ങള്‍ ഭരണകൂടത്തിനുമുകളില്‍ ജാഗരൂകമായി നിലനില്‍ക്കണമെന്നാണ് എല്ലാവരും പറഞ്ഞുകൊണ്ടിരിക്കുന്നതും. എന്നാല്‍ തുടര്‍ഭരണം ലഭിച്ച ഇടതുപക്ഷസര്‍ക്കാര്‍ ചെയ്തിരിക്കുന്നത് അവര്‍തന്നെ മുമ്പാവശ്യപ്പെടുകയും നിയമനിര്‍മാണം നടത്തുകയുംചെയ്ത അഴിമതിവിരുദ്ധ സ്റ്റാറ്റിയൂട്ടറി സംവിധാനത്തിന്റെ പല്ലും ചിറകുമെല്ലാം മുറിച്ചുനീക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ഇന്നലെ ഗവര്‍ണര്‍ ഒപ്പിട്ട ലോകായുക്തഭേദഗതി ഓര്‍ഡിനന്‍സ് നാളിതുവരെ എന്തൊന്നാണോ ഇടതുപക്ഷം പറഞ്ഞുകൊണ്ടിരുന്നത് അതിനെല്ലാം പരിപൂര്‍ണമായും കടകവിരുദ്ധമാണ്. ഏകാധിപത്യത്തിനല്ലാതെ ഇവ്വിധം പ്രവര്‍ത്തിക്കാനാവില്ല.

1999ല്‍ ഇ.കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് നിയമസഭക്കകത്ത് കൂലങ്കഷമായി ചര്‍ച്ചചെയ്ത് പാസാക്കിയ നിയമമാണ് കേരളലോകായുക്ത നിയമം. ഇതനുസരിച്ച് ലോകായുക്തയും ഉപലോകായുക്തയുമടങ്ങുന്ന അര്‍ധജുഡീഷ്യല്‍ സംവിധാനത്തിന് സംസ്ഥാനത്തെ സര്‍ക്കാര്‍ വേതനം പറ്റുന്ന മുഖ്യമന്ത്രി മുതല്‍ താഴോട്ടുള്ള ഭരണാധികാരികളുടെയും മറ്റും അഴിമതികള്‍ പരിശോധിച്ച് തീര്‍പ്പുകല്‍പിക്കുകയാണ് ജോലി. ഇതനുസരിച്ച് നിരവധി വിധികള്‍ ലോകായുക്തയുടേതായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെയുണ്ടാകുകയും മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്ക് രാജിവെക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്. ഇന്ന് പക്ഷേ ഭരണഘടനാവിരുദ്ധമാണ് ലോകായുക്തയുടെ 14-ാം വകുപ്പെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. ഓര്‍ഡിനന്‍സനുസരിച്ച് ഈ വകുപ്പ് ഭേദഗതി ചെയ്യപ്പെട്ടതോടെ ലോകായുക്തയുടെ വിധികള്‍ പാലിക്കാന്‍ ഇനിമുതല്‍ ആരോപണവിധേയര്‍ക്ക് ബാധ്യതയില്ല. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി ജലീല്‍ ബന്ധുവിനെ തന്റെ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാപനത്തില്‍ വഴിവിട്ട് നിയമിച്ചത് അഴിമതിയുടെ നിര്‍വചനത്തില്‍പെടുമെന്നുകണ്ട് ലോകായുക്ത ജസ്റ്റിസ് സിറിയക്‌ജോസഫ് വിധി പുറപ്പെടുവിക്കുകയുണ്ടായി. വിധിക്കെതിരെ സുപ്രീംകോടതിവരെ പോയെങ്കിലും ജലീലിന് രാജിവെക്കേണ്ടിവന്നു. ജസ്റ്റിസിനെതിരെ ഉറഞ്ഞുതുള്ളുകയാണിപ്പോള്‍ ജലീല്‍. ഇത്തരം വിധികള്‍ വരുംനാളുകളിലും സംഭവിച്ചേക്കാമെന്നതാണ് സര്‍ക്കാരിനെ ആകുലപ്പെടുത്തുന്നതും ഓര്‍ഡിനന്‍സുമായി രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചതും. മുഖ്യമന്ത്രി പിണറായിവിജയന്‍ ലോകായുക്തയുടെ നിരീക്ഷണത്തിലാണ്. മരിച്ച പാര്‍ട്ടി എം.എല്‍.എമാരുടെ കുടുംബത്തിന് നിയമവിരുദ്ധമായി ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായംനല്‍കി എന്നതാണ് മുഖ്യമന്ത്രിക്കെതിരായ പരാതി. ഇതില്‍ വിധിവന്നാല്‍ രാജി അനിവാര്യമാണെന്നിരിക്കെയുള്ള അങ്കലാപ്പ് സ്വാഭാവികം. ലാവ്‌ലിന്‍ അഴിമതിക്കേസിലും സുപ്രീംകോടതിവിധി കാത്തിരിക്കുകയാണദ്ദേഹം. ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍-ജനാധിപത്യ സംവിധാനത്തെയും അടുത്തയാഴ്ച സമ്മേളിക്കാനിരിക്കുന്ന നിയമനിര്‍മാണസഭയുടെ അവകാശത്തെയുമാണ് സര്‍ക്കാര്‍ ചോദ്യംചെയ്തിരിക്കുന്നത്.

മന്ത്രിസഭയുടെ ഉപദേശം സ്വീകരിക്കാന്‍ ഗവര്‍ണറെന്നനിലയിലുള്ള ബാധ്യത നിറവേറ്റുകയാണ് ആരിഫ് മുഹമ്മദ്ഖാന്‍ ചെയ്തിട്ടുള്ളതെങ്കിലും നാളുകള്‍ക്കുശേഷം അദ്ദേഹം എന്തുകൊണ്ട് ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കാന്‍ തയ്യാറായി എന്നതും സംശയമുണര്‍ത്തുന്നു. ലോകായുക്താവകുപ്പ് ഭരണഘടനാവിരുദ്ധമാണെങ്കില്‍ എന്തുകൊണ്ട് രണ്ടു പതിറ്റാണ്ടിലധികം അത് രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ കണ്‍മുന്നില്‍ നിലനിന്നുവെന്നതിന് ഉത്തരം കിട്ടണം. അത് ചോദിക്കാനും ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് വിടാനും ഗവര്‍ണര്‍ തയ്യാറാകാതിരുന്നത് ബി.ജെ.പിയുമായുള്ള സി.പി.എമ്മിന്റെ അവിശുദ്ധബാന്ധവം സൂചിപ്പിക്കുന്നു. ഇന്നലെതന്നെയാണ് ഗവര്‍ണറുടെ ഓഫീസിലെ അഡീഷണല്‍ പേഴ്‌സണല്‍അസിസ്റ്റന്റായി ബി.ജെ.പി നേതാവിനെ നിയമിച്ചതെന്നതും ചേര്‍ത്തുവായിക്കപ്പെടണം. 2013ല്‍ ഡല്‍ഹിയില്‍ കേന്ദ്രത്തിലെ കോണ്‍ഗ്രസ് മുന്നണിസര്‍ക്കാരിനെതിരെ നടന്ന അന്നഹസാരെയുടെ ലോക്പാല്‍ സമരത്തില്‍ പങ്കെടുക്കുകയും നിയമം കര്‍ക്കശമാക്കണമെന്ന് വാതോരാതെ ആവശ്യപ്പെടുകയുംചെയ്ത പാര്‍ട്ടിയാണ് സി.പി.എം. 2016ല്‍ എഴുതിയ ലേഖനത്തില്‍ പിണറായിവിജയന്‍ ലോകായുക്തയുടെ ശക്തിവര്‍ധിപ്പിക്കണമെന്ന് പറഞ്ഞതാണ്. അധികാരവും നിയമവും ചിലന്തിവലപോലെയാണെന്ന് തെളിയിച്ചിരിക്കുകയാണ് അതേ പിണറായിവിജയനും ഇടതുമുന്നണിയുമിപ്പോള്‍. സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്‍ മാത്രമാണ് ഇതിനെതിരെ പുറത്ത് പ്രതികരിച്ചതെങ്കിലും അവരുടെ മന്ത്രിമാര്‍ മന്ത്രിസഭയില്‍ അനുകൂലമായി തലയാട്ടി. പറയുന്നതും രേഖപ്പെടുത്തിവെച്ചതുമായ ആശയാദര്‍ശങ്ങളോട് തെല്ലെങ്കിലും ആര്‍ജവം അവശേഷിക്കുന്നുണ്ടെങ്കില്‍ സി.പി.ഐ ചെയ്യേണ്ടത് പ്രസ്തുത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുവദിക്കാതിരിക്കലാണ്. ബില്ലിനെതിരെ വോട്ടുരേഖപ്പെടുത്താനും അതിന് കഴിയില്ലെങ്കില്‍ അഴിമതിവിരുദ്ധതയോടുള്ള കൂറ് തുറന്നുപ്രഖ്യാപിച്ച് മുന്നണിക്ക് പുറത്തുവരാന്‍ കഴിയുമോ എന്നാണ് കാലഘട്ടം ആ പാര്‍ട്ടിയോട് ഉന്നയിക്കുന്ന ചോദ്യം.

Test User: