X

ലിബിയ പ്രളയം; മരണനിരക്ക് സംബന്ധിച്ച് ആശയക്കുഴപ്പം

ട്രിപ്പോളി: കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ പ്രളയത്തില്‍ തുടച്ചുനീക്കപ്പെട്ട ലിബിയയിലെ ഡെര്‍ന നഗരത്തില്‍ മരണനിരക്ക് സംബന്ധിച്ച് ഔദ്യോഗിക തലത്തില്‍ ആശയക്കുഴപ്പം തുടരുന്നു. കിഴക്കും പടിഞ്ഞാറുമായി രണ്ട് ഭരണകൂടങ്ങള്‍ക്കു കീഴിലുള്ള രാജ്യത്ത് ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണ്.

ഡെര്‍നയില്‍ ഇരു വിഭാഗങ്ങളും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും സഹായിക്കാന്‍ ആളില്ലാതെ ദുരന്തബാധിതര്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളും മാത്രമാണ് ഡെര്‍നയുടെ പ്രധാന ആശ്രയം. പ്രളയത്തില്‍ 11,300 പേര്‍ മരിക്കുകയും പതിനായിരത്തോളം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് യു.എന്‍ റിപ്പോര്‍ട്ട്. എന്നാല്‍ സ്ഥിരീകരിച്ച മരണനിരക്ക് നാലായിരമാണെന്ന് ഒരു ലിബിന്‍ ഗ്രൂപ്പ് അറിയിച്ചു. 3283 മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായി കിഴക്കന്‍ ഭരണകൂടത്തിന്റെ ആരോഗ്യ മന്ത്രി ഉസ്മാന്‍ അബ്ദുല്‍ ജലീല്‍ പറയുന്നു. ഒരു ലക്ഷത്തോളം പേര്‍ അധിവസിച്ചിരുന്ന ഡെര്‍ന നഗരം ഒറ്റരാത്രികൊണ്ടാണ് ഒലിച്ച് കടലിലെത്തിയത്. കാണാതായവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുമ്പോള്‍ നിരവധി മൃതദേഹങ്ങള്‍ തീരത്ത് അടിയുന്നുണ്ട്.

അവഗണിക്കപ്പെട്ടിരുന്ന രണ്ട് ഡാമുകള്‍ ഡാനിയല്‍ കൊടുങ്കാറ്റിനെത്തുടര്‍ന്ന് തകര്‍ന്ന് ദശലക്ഷക്കണക്കിന് ക്യൂബിക് മീറ്റര്‍ വെള്ളം ഡെര്‍നയെ ലക്ഷ്യമിട്ട് കുതിച്ചെത്തുകയായിരുന്നു. ദുരന്തത്തില്‍ 46,000ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ട്. 1500 കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്ന് ആയിരക്കണക്കിന് ലിബിയക്കാര്‍ സഹായവുമായി നഗരത്തില്‍ എത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടെ ഗ്രീക്ക് സന്നദ്ധ പ്രവര്‍ത്തകരായ അഞ്ചുപേര്‍ റോഡപകടത്തില്‍ മരിച്ചു. മൃതദേഹങ്ങളും ചത്ത മൃഗങ്ങളുടെ ശരീരാവശിഷ്ടങ്ങളും മാലിന്യങ്ങളും കുന്നുകൂടി നഗരത്തിലെ ഭൂഗര്‍ഭ ജലവും മലിനമായി തുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറുകള്‍ ആരും ആശ്രയിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.

webdesk11: